ചായ വീണ്ടും ചൂടാക്കി കുടിക്കുന്നവരാണോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
text_fieldsചിലർക്ക് ചായ കുടിക്കാൻ വളരെ ഇഷ്ടമാണ്. രാവിലെയും വൈകുന്നേരവും കൂടാതെ മിക്ക സമയത്തും ഇവർ ചായ കുടിക്കും. ഒരു ദിവസം അഞ്ചും ആറും ചായ കുടിക്കുന്നവരുണ്ട്. ഒരിക്കൽ ഉണ്ടാക്കിയ ചായ വീണ്ടും ചൂടാക്കി കുടിക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ ഈ ശീലം നല്ലതല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ജേണൽ ഓഫ് ഫുഡ് സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പ്രകാരം ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ്.
ചായ വീണ്ടും ചൂടാക്കുമ്പോൾ അതിലെ രുചി, പോഷക ഗുണങ്ങൾ, സുഗന്ധം എന്നിവ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ചായയിലെ സുഗന്ധത്തിനും ഗുണങ്ങൾക്കും കാരണമാകുന്ന എസൻഷ്യൽ ഓയിലുകൾ, ലേബിൽ സംയുക്തങ്ങൾ പോലുള്ള വോളിറ്റൈൽ സംയുക്തങ്ങൾ അമിതമായി ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്നു. ചായ ഉണ്ടാക്കിയ ശേഷം റൂമിലെ താപനിലയിൽ കൂടുതൽ നേരം വെച്ചാൽ അതിൽ ബാക്ടീരിയകൾ വളരാൻ സാധ്യതയുണ്ട്. ഇത് ആരോഗ്യത്തിന് ദോഷകരമാണ്. ഇങ്ങനെ വളരുന്ന ബാക്ടീരിയകളെ ചായ വീണ്ടും ചൂടാക്കിയാലും നശിപ്പിക്കാൻ കഴിയില്ല. ഇത്തരത്തിലുള്ള ചായ കുടിക്കുന്നത് ഭക്ഷ്യജന്യ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും.
ചായ വീണ്ടും ചൂടാക്കുമ്പോൾ അതിലെ ടാനിനുകളുടെ സാന്ദ്രത വർധിക്കുന്നു. ഇത് ചായയെ കൂടുതൽ കയ്പ്പുള്ളതും അസിഡിറ്റി ഉള്ളതുമാക്കുന്നു. ഈ ടാനിനുകൾ ശരീരത്തിലെ ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. വീണ്ടും ചൂടാക്കിയ ചായ കുടിക്കുന്നത് ദഹന അസ്വസ്ഥത, ദഹനക്കേട്, പോഷകാഹാരക്കുറവ്, മറ്റ് രോഗങ്ങൾ എന്നിവക്ക് കാരണമാകും. ആസിഡ് സംവേദനക്ഷമതയുള്ള ആളുകൾക്ക് വീണ്ടും ചൂടാക്കിയ ചായ കുടിച്ചാൽ വയറു വീർക്കുകയോ അസ്വസ്ഥത അനുഭവപ്പെടുകയോ ചെയ്യാം. ദഹനസംയുക്തങ്ങളുടെ സന്തുലിതാവസ്ഥയെ ഇത് ബാധിക്കും.
കാറ്റെച്ചിനുകൾ, പോളിഫെനോളുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ചായ. ഇത് ശരീരത്തിലെ വീക്കം കുറക്കാൻ സഹായിക്കുന്നു. കൂടാതെ ഹൃദയാരോഗ്യം നിലനിർത്തുന്നു. കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. എന്നാൽ ചായ വീണ്ടും ചൂടാക്കുമ്പോൾ ഈ സംയുക്തങ്ങൾ നശിച്ചുപോകുന്നു. ഉയർന്ന താപനിലയിൽ ആ പാത്രങ്ങളിലെ ചില രാസവസ്തുക്കൾ ചായയിലേക്ക് കലരാൻ സാധ്യതയുണ്ട്. ഇങ്ങനെ ചായയുടെ രുചിയും സ്വാദും മോശമാവുന്നു.
ചായ ഉണ്ടാക്കിയ ശേഷം ആദ്യത്തെ 15 മിനിറ്റിനുള്ളിൽ വീണ്ടും ചൂടാക്കുന്നതിൽ വലിയ ദോഷമില്ല. ചായ ഉണ്ടാക്കിയതിന് ശേഷം ഫ്ലാസ്കിലോ മറ്റോ സൂക്ഷിച്ചാൽ കുറച്ച് മണിക്കൂറുകൾ ചൂട് നിലനിൽക്കും. വീണ്ടും ചൂടാക്കണമെങ്കിൽ ലോ ഫ്ലേമിൽ ചൂടാക്കുന്നതാണ് നല്ലത്. നാല് മണിക്കൂറിലധികം മുറിയിലെ താപനിലയിൽ വെച്ച ചായ ഒരു കാരണവശാലും ചൂടാക്കി കുടിക്കരുതെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.


