Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാർ സ്ഥാപനങ്ങളിലെ...

സർക്കാർ സ്ഥാപനങ്ങളിലെ ആർ.എസ്.എസ് ശാഖ നിരോധനം: തമിഴ്നാടിനെ മാതൃകയാക്കാൻ കർണാടകയും

text_fields
bookmark_border
സർക്കാർ സ്ഥാപനങ്ങളിലെ ആർ.എസ്.എസ് ശാഖ നിരോധനം: തമിഴ്നാടിനെ മാതൃകയാക്കാൻ കർണാടകയും
cancel

ബംഗളൂരു: സർക്കാർ സ്ഥാപനങ്ങളിൽ ആർ‌.എസ്‌.എസ് പ്രവർത്തനങ്ങൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വീകരിച്ച നടപടികൾ പരിശോധിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നി​ർദേശം. സർക്കാർ സ്ഥാപനങ്ങളിലെയും സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലെയും ആർ‌.എസ്‌.എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പ്രിയങ്ക് ഖാർഗെ കത്ത് നൽകിയതിനെ തുടർന്നാണ് നടപടി.

സർക്കാർ സ്ഥാപനങ്ങളിലെ ആർ‌.എസ്‌.എസ് പ്രവർത്തനങ്ങൾ നിരോധിക്കാൻ തമിഴ്നാട് എന്താണ് ചെയ്തത് എന്നന്വേഷിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയതായി സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി. കോൺഗ്രസ് മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയുടെ മകനായ പ്രിയങ്ക് ഖാർഗെ ഒക്ടോബർ നാലിനാണ് കത്തയച്ചത്.

സ്കൂളുകളിലടക്കം ശാഖ, സാംഘിക്, ബൈഠക് എന്നീ പേരുകളിൽ നടത്തുന്ന ആർ.എസ്.എസ് പരിപാടികൾ വിദ്യാർഥികളെയും യുവാക്കളെയും വഴിതെറ്റിക്കുന്നു എന്നാണ് ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടിയത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും എതിരായ മുദ്രാവാക്യങ്ങളാണ് ഇത്തരം പരിപാടികളിൽ ഉയർത്തുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകൾ, പാർക്ക്, ക്ഷേ​ത്രം, മൈതാനം എന്നിവിടങ്ങളിലൊന്നും ശാഖകൾക്ക് അനുമതി നൽകരുതെന്നും ഖാർഗെ കത്തിലാവശ്യപ്പെട്ടു. കത്തിന്റെ കാര്യം മുഖ്യമന്ത്രി തന്നെയാണ് കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.

ആർ.എസ്.എസ് ഗൂഢസംഘടന -പ്രിയങ്ക് ഖാർഗെ

ബംഗളൂരു: ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ ഗൂഢസംഘടനയെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ. നൂറുകണക്കിന് രൂപയുടെ ഫണ്ടാണ് രജിസ്റ്റർ ചെയ്യപ്പെടാത്ത ഈ സംഘടനക്ക് ലഭിക്കുന്നത്. ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാത്ത സംഘടനയെ എങ്ങനെ ദേശസ്നേഹി എന്നുവിളിക്കുമെന്നും പ്രിയങ്ക് ഖാർഗെ ചോദിച്ചു. സർക്കാർ സ്ഥാപനങ്ങളിൽ ആർ.എസ്.എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്നാവശ്യ​പ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയതിനു പിന്നാലെയാണ് രൂക്ഷ വിമർശനവുമായി വീണ്ടും പ്രിയങ്ക് ഖാർഗെ രംഗത്തെത്തിയത്. എന്തിനാണ് ആർ.എസ്.എസിന് ഇത്രയും രഹസ്യാത്മകത​. 100 വർഷം പഴക്കമുള്ള സംഘടന രാജ്യത്തിന് എന്താണ് സംഭാവന നൽകിയത്. ആർ.എസ്.എസിന്റെ കൈയിലെ പാവയാണ് ബി.ജെ.പി. ആർ.എസ്.എസ് ഇല്ലെങ്കിൽ ബി.ജെ.പിയില്ല. മതമില്ലെങ്കിൽ ആർ.എസ്.എസ് പൂജ്യമാണ്. താൻ ഹിന്ദുക്കൾക്കോ ഹിന്ദുമതത്തിനോ എതിരല്ല.

ആർ.എസ്.എസിനെയും അവരുടെ ആശയങ്ങളെയുമാണ് എതിർക്കുന്നത്. അവർ ഭരണഘടനയെ അംഗീകരിക്കുന്നില്ല. മനുസ്മൃതിക്കായി വാദിക്കുന്നു. വടികളുമായി മാർച്ച് നടത്താൻ ഇവർക്ക് അനുവാദം ലഭിച്ചതെന്തുകൊണ്ടാണ്. ഇത്തരത്തിലുള്ള ആക്രമണോത്സുക മാർച്ചുകൾ കുട്ടികളിലും യുവാക്കളിലും വലിയ മാനസികാഘാതം ഉണ്ടാക്കും. ആർ.എസ്.എസ് എൻ.ജി.ഒ ആണോ. എങ്കിൽ രജിസ്റ്റർ ചെയ്തതിന്റെ പകർപ്പ് കാണിക്കട്ടെ. എങ്ങനെയാണ് ഇവർക്ക് 300 കോടി മുതൽ 400 കോടി രൂപ വരെ ഫണ്ട് ലഭിക്കുന്നത്. ആർ‌.എസ്‌.എസ് മേധാവി മോഹൻ ഭാഗവതിന് എന്തിനാണ് ഇത്രയധികം സുരക്ഷയെന്നും ഖാർഗെ ചോദിച്ചു. ആർ‌.എസ്‌.എസിന്റെ വിശ്വാസ സമ്പ്രദായം ഇന്ത്യയുടെ ഐക്യത്തിന്റെയും മതേതര ചട്ടക്കൂടിന്റെയും ആദർശങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:Priyank kharge Karnataka RSS BJP 
News Summary - Ban all RSS activities in public places: Min to CM
Next Story