‘കൊല്ലപ്പെട്ടവരുടെ സംസ്കാരം കഴിഞ്ഞില്ല, എന്നിട്ടും മോദി വിദേശ പര്യടനം ആസ്വദിക്കുന്ന തിരക്കിൽ’ -പ്രധാനമന്ത്രിയുടെ ഭൂട്ടാൻ യാത്രക്കെതിരെ രൂക്ഷ വിമർശനം
text_fieldsന്യൂഡൽഹി: ചെങ്കോട്ടക്ക് സമീപമുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ രാജ്യം സ്തംഭിച്ചുനിൽക്കവേ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാൻ പര്യടനത്തിന് പോയതിനെതിരെ രൂക്ഷ വിമർശനം ഉയരുന്നു. ‘ഡൽഹിയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അന്ത്യകർമങ്ങൾക്കായി എടുത്തിട്ട് പോലുമില്ല. കുടുംബങ്ങൾ ദുഃഖക്കയത്തിൽ മുങ്ങിത്താഴുകയാണ്. എന്നിട്ടും 'നേതാവ്' വിദേശ പര്യടനങ്ങൾ ആസ്വദിക്കുന്ന തിരക്കിലാണ്. അധികാരത്തിലിരിക്കുന്നവർ മൗനത്തിന് പിന്നിൽ ഒളിക്കുമ്പോൾ രാജ്യം കത്തുന്നു!’ -എന്നാണ് മോദിയുടെ ഭൂട്ടാൻ ഫോട്ടോകൾക്ക് താഴെ ഒരാൾ കമന്റ് ചെയ്തത്.
‘ഇന്നലെ രാത്രി നിങ്ങൾ സംഭവം അവലോകനം ചെയ്തു. ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചു. എന്നാൽ, ഇന്ന് രാവിലെ നിങ്ങൾ ഭൂട്ടാനിലേക്ക് പറന്നു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ നമ്മുടെ മുൻഗണനകൾ മറ്റെന്തോ ആണെന്ന സന്ദേശം നൽകുന്നില്ലേ? പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾ നിങ്ങളെ ഇവിടെ നിൽക്കാൻ നിർബന്ധിക്കുന്നില്ലേ? ഭൂട്ടാനുമായുള്ള നമ്മുടെ ബന്ധം പ്രധാനമാണെന്നത് ശരി തന്നെ. പക്ഷേ, യാത്ര ഒരു ദിവസം വൈകിപ്പിച്ചാൽ ആ ബന്ധം ദുർബലമാകുമോ?’ മറ്റൊരാൾ ചോദിച്ചു.
‘ഭൂട്ടാനിൽ വിമാനമിറങ്ങി. വിമാനത്താവളത്തിൽ നൽകിയ ഊഷ്മളവും ഹൃദ്യവുമായ സ്വീകരണത്തിന് പ്രധാനമന്ത്രി ടോബ്‌ഗെയോട് നന്ദി പറയുന്നു. ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. വിശ്വാസം, സൗഹാർദ്ദം, പരസ്പര ബഹുമാനം എന്നിവയിൽ നങ്കൂരമിട്ട, കാലം തെളിയിച്ച പങ്കാളിത്തമാണ് ഇന്ത്യയും ഭൂട്ടാനും ആസ്വദിക്കുന്നത്. ഈ സന്ദർശന വേളയിൽ നമ്മുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് മോദി ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
‘ഡൽഹി സ്‌ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ട ആളുകളെ ഇതുവരെ സംസ്‌കരിച്ചിട്ടില്ല, പക്ഷേ "സാഹബ്" തന്റെ വിദേശ പര്യടനം ആസ്വദിക്കുന്ന തിരക്കിലാണ്’, ‘ഇന്നലത്തെ സംഭവത്തിൽ മോദിജി വളരെ അസ്വസ്ഥനായിരുന്നു, അതിനാൽ സുഖപ്പെടുത്താൻ അദ്ദേഹം വിദേശത്തേക്ക് പോയി. ഒരുപക്ഷേ ഇത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ അൽപം ലഘൂകരിക്കാൻ സഹായിക്കും’, ‘ഡൽഹിയിൽ മറ്റൊരു സ്‌ഫോടനം, ഭൂട്ടാനിൽ മറ്റൊരു ഫോട്ടോ. മികച്ച മുൻഗണന! മോദി!’ -എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, ഡൽഹി സ്ഫോടനത്തിൽ കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഭൂട്ടാൻ സന്ദർശനത്തിനിടെ മോദി മാധ്യമപ്രവർത്തകരോട് പറഞ്ഞു.‘ഇന്നലെ വൈകുന്നേരം ഡൽഹിയിൽ നടന്ന ഭയാനകമായ സംഭവം എല്ലാവരെയും വളരെയധികം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കുടുംബങ്ങളുടെ വേദന ഞാൻ മനസ്സിലാക്കുന്നു. ഇന്ന് മുഴുവൻ രാഷ്ട്രവും അവരോടൊപ്പം നിൽക്കുന്നു. കഴിഞ്ഞ രാത്രി സംഭവം അന്വേഷിക്കുന്ന എല്ലാ ഏജൻസികളുമായും ബന്ധപ്പെട്ടിരുന്നു. അന്വേഷണ ഏജൻസികൾ ഈ ഗൂഢാലോചനയുടെ അടിത്തട്ടിലേക്ക് എത്തും. ഇതിന് പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെ വിടില്ല. ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും’- മോദി പറഞ്ഞു.


