വടിയുമായി പുള്ളിപ്പുലിയെ പിടിക്കാനെത്തി പൊലീസ്! രക്ഷപ്പെട്ടത് തലനാരിഴക്ക് വിഡിയോ വൈറൽ
text_fieldsകോലാപുർ: കോലാപുരിൽ രക്ഷാപ്രവർത്തനത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. പൊലീസ് സംഘം പുള്ളിപ്പുലിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പുലിയുടെ ആക്രമണത്തെ ചെറുക്കാനാവാതെ ഉദ്യോഗസ്ഥർ ഇടുങ്ങിയ വഴികളിലൂടെ ഓടുകയായിരുന്നു. ഇതിനിടെ ഒരു പൊലീസുകാരൻ നിലത്തു വീഴുകയായിരുന്നു തുടർന്ന് പുള്ളിപ്പുലി അയാളുടെ മേൽ ചാടിവീഴുകയായിരുന്നു.
നഗരത്തിന്റെ ഹൃദയഭാഗത്തുള്ള മഹാവിതരൻ എം.എസ്.ഇ.ബിയുടെ പ്രധാന ഓഫീസിന് സമീപമാണ് സംഭവം. ജനവാസ മേഖലയിൽ പുള്ളിപ്പുലി ചുറ്റിത്തിരിയുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. അപകടകരമായ രക്ഷാപ്രവർത്തനത്തിനിടെ, വടികളുമായെത്തിയ പൊലീസ് സംഘത്തെ കണ്ടതും പ്രകോപിതനായ പുള്ളിപ്പുലി ഉദ്യോഗസ്ഥർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഓടുന്നതും പുള്ളിപ്പുലി അവരെ പിന്തുടരുന്നതും വൈറലായ വിഡിയോയിൽ കാണാം.
ഒരു പൊലീസ് ഉദ്യോഗസ്ഥൻ നിലത്ത് വഴുതി വീഴുന്നതും, പുലി അയാൾക്കു നേരെ ചാടി, ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഭാഗ്യവശാൽ, അയാളുടെ ജാഗ്രതയും ബഹളവും എല്ലാമായപ്പോൾ പുള്ളിപ്പുലി ഓടിപ്പോയി, പൊലീസുകാരൻ കഷ്ടിച്ച് രക്ഷപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഓപറേഷനിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇരുവർക്കും അപകടമൊന്നുമില്ല എന്നാണ്. അതിനുശേഷം, ഉദ്യോഗസ്ഥർ കയറുകൾ ഉപയോഗിച്ച് പ്രദേശം വളയുകയും മൃഗത്തെ പിടികൂടാൻ ശ്രമിക്കുമ്പോൾ അകത്ത് തന്നെ തുടരാൻ നാട്ടുകാരോട് നിർദേശിക്കുകയും ചെയ്തു.


