‘ഗാന്ധി വധത്തിന് ശേഷം ആർ.എസ്.എസ് ലക്ഷ്യമിടുന്നത് രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങൾ കൈയടക്കാൻ,’ വോട്ടുകൊള്ള ദേശദ്രോഹ പ്രവർത്തനമെന്നും രാഹുൽ ഗാന്ധി
text_fieldsരാഹുൽ ഗാന്ധി ലോക്സഭയിൽ സംസാരിക്കുന്നു
ന്യൂഡൽഹി: ലോക്സഭയിൽ തെരഞ്ഞെടുപ്പ് പരിഷ്‍കാര ചർച്ചക്കിടെ ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. രാജ്യത്തെ ജനാധിപത്യത്തിന്റെ നട്ടെല്ലായ സമത്വമെന്ന ആശയത്തെ ആർ.എസ്.എസ് അംഗീകരിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘ആർ.എസ്.എസിന് സമത്വമെന്ന ആശയമില്ല, അവർ ഒരു ശ്രേണിയിൽ വിശ്വസിക്കുന്നവരാണ്, അതിൻറെ മുകളിൽ അവർ സ്വയം അവരോധിക്കാൻ ശ്രമിക്കുന്നു’ രാഹുൽ കൂട്ടിച്ചേർത്തു.
രാജ്യത്തെ ജനങ്ങളുടെ സമത്വവും ജനാധിപത്യത്തിൽ പ്രവർത്തിക്കുന്ന ഭരണ സ്ഥാപനങ്ങളും സ്വപ്നം കണ്ട ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ആർ.എസ്.എസിന്റെ പദ്ധതിയുടെ അടുത്ത ഘട്ടമായിരുന്നു രാജ്യത്തെ സ്ഥാപനങ്ങൾ കയ്യടക്കുക എന്നത്. 1.5 ദശലക്ഷം ഇന്ത്യക്കാർ വോട്ടിലൂടെ നെയ്തെടുക്കുന്ന തുണിപോലെയാണ് ഇന്ത്യ, വോട്ടില്ലെങ്കിൽ ഈ രാജ്യത്തെ ഒരു സ്ഥാപനങ്ങളുമുണ്ടാവില്ല. വോട്ട് വരുതിയിലാക്കാൻ രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങൾ ഒന്നൊന്നായി ആർ.എസ്.എസ് പിടിച്ചടക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇതിനിടെ, രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്താൻ ഭരണപക്ഷ അംഗങ്ങൾക്കിടയിൽ നിന്നും ശ്രമമുണ്ടായി. വിഷയത്തിൽ നിന്ന് മാറിപ്പോവരുത് എന്ന് സ്പീക്കർ നിർദേശിച്ചപ്പോൾ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യങ്ങൾ തുറന്നു പറയേണ്ടിവരുമെന്ന് രാഹുൽഗാന്ധി തിരിച്ചടിച്ചു. നിലവിൽ, രാജ്യത്തെ സർവകലാശാലകളിൽ വൈസ് ചാൻസലർമാർ എങ്ങിനെയാണ് നിയമിക്കപ്പെടുന്നതെന്ന് എല്ലാവർക്കുമറിയാം. ഏത് സർവകലാശാലയിൽ ചെന്നാലും ഏത് വിദ്യാർഥിയോട് ചോദിച്ചാലും അത് പറയും. വിദ്യാഭ്യാസ യോഗ്യതയോ, ശാസ്ത്ര ചിന്തയോ ഒന്നുമല്ല, പ്രൊഫസർ പ്രത്യേക സംഘടനയുമായി അടുപ്പമുള്ളയാളാണോ എന്നതാണ് യോഗ്യതയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇതിനിടെ, ലോക്സഭയുടെ സമയം രാഹുൽ ഗാന്ധി ഒരുപ്രസക്തിയുമില്ലാത്ത വിഷയങ്ങൾ ചർച്ച ചെയ്ത് പാഴാക്കുന്നുവെന്ന് കാണിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു എഴുന്നേററു. ചർച്ച വോട്ടിനെ പറ്റിയും വോട്ടുകൊള്ളയെ പറ്റിയും എസ്.ഐ.ആറിനെ പറ്റിയുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയിൽ വിഷയം അവതരിപ്പിക്കാനുള്ള തന്റെ അവകാശം നിഷേധിക്കുന്നതിൽ പ്രതിഷേധം അറിയിക്കുന്നു. എങ്ങനെയാണ് രാജ്യത്തെ തെരഞ്ഞെടുപ്പ് കമീഷനെന്ന സ്ഥാപനം ആർ.എസ്.എസ് കൈയടക്കിയത്, രാജ്യത്തെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളെയും, അന്വേഷണ ഏജൻസികളെയും ആർ.എസ്.എസ് കൈയടക്കിയതെന്നുമാണ് താൻ പറയുന്നത്.
എങ്ങനെയാണ് തെരഞ്ഞെടുപ്പ് കമീഷൻ അധികാരത്തിലുള്ളവർക്കായി തെരഞ്ഞെടുപ്പുകളെ എങ്ങനെയാണ് മാറ്റിത്തീർക്കുന്നതെന്ന് താൻ തെളിവുകൾ നിരത്തിയാണ് ആരോപിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണറെയും തെരഞ്ഞെടുക്കാനുള്ള പാനലിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് എന്തിനാണെന്ന് രാഹുൽ ചോദിച്ചു. എന്തുകൊണ്ടാണ് നിങ്ങൾ പാനലിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത്? അദ്ദേഹത്തിൽ വിശ്വാമില്ലാഞ്ഞിട്ടാണോ?-രാഹുൽ ചോദിച്ചു.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താനും ആ പാനലിന്റെ ഭാഗമാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഭാഗത്തും ആഭ്യന്തര മന്ത്രി അമിത് ഷാ മറുഭാഗത്തും നിൽക്കുന്നതിനാൽ തനിക്ക് ശബ്ദമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. രാഷ്ട്രപതിയുടെ നിയമനങ്ങൾ ശിപാർശ ചെയ്യുന്ന മൂന്നംഗ സെലക്ഷൻ പാനലിൽ ചീഫ് ജസ്റ്റിസിന് പകരം ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിയെ നിയമിച്ച 2023 ലെ നിയമത്തെക്കുറിച്ചാണ് രാഹുൽ ഗാന്ധി പരാമർശിച്ചത്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമാണ് പാനലിലെ മറ്റ് രണ്ട് അംഗങ്ങൾ. കേന്ദ്ര കാബിനറ്റ് മന്ത്രി അമിത് ഷായും.
ഡിസംബറിൽ, അധികാരത്തിലിരിക്കെ സ്വീകരിക്കുന്ന തീരുമാനങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷണർക്ക് ആജീവനാന്ത സംരക്ഷണം നൽകുന്ന രീതിയിൽ നിയമ ഭേദഗതി കൊണ്ടുവന്നു. ഇതുവരെ ഒരു പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പ് കമീഷന് നൽകാത്ത സമ്മാനമാണിത്. സി.സി ടി.വി ദൃശ്യങ്ങൾ നശിപ്പിക്കാനുള്ള ചട്ടം കൊണ്ടുവന്നത് എന്തിനാണ്? ചോദ്യം വോട്ടുകൊള്ളയെ കുറിച്ചാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും കമീഷനും സർക്കാറിന്റെ വരുതിയിലായതോടെ തെരഞ്ഞെടുപ്പുകൾ പ്രധാനമന്ത്രിക്ക് പ്രചാരണത്തിനെത്താനുള്ള സൗകര്യമനുസരിച്ചാണ് ക്രമീകരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബ്രസീലിയൻ യുവതി 22 തവണ ഹരിയാന വോട്ടർ പട്ടികയിൽ പ്രത്യക്ഷപ്പെട്ടെന്ന ആരോപണവും രാഹുൽ ഗാന്ധി ആവർത്തിച്ചു.
എന്തുകൊണ്ടാണ് ഹരിയാനയിൽ ലക്ഷക്കണക്കിന് വോട്ടുകൾ വെട്ടിയതെന്നും യു.പിയിൽ നിന്ന് ബി.ജെ.പി നേതാക്കൾ ഹരിയാനയിൽ വോട്ടുചെയ്യാനെത്തിയതെന്നുമുള്ള ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമീഷൻ മറുപടി നൽകിയില്ല.
സർക്കാർ സജ്ജമെങ്കിൽ തെരഞ്ഞെടുപ്പ് പരിഷ്‍കരണം എളുപ്പത്തിൽ നടപ്പിലാക്കാനാവും. മെഷീൻ റീഡബിൾ ആയ വോട്ടർ പട്ടിക എല്ലാ പാർട്ടികൾക്കും തെരഞ്ഞെടുപ്പിന് ഒരുമാസം മുമ്പ് നൽകണം. സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമീഷനെ അനുവദിക്കുന്ന ചട്ടം പിൻവലിക്കണം. ഇ.വി.എമ്മിലെന്താണ് എന്ന് വിദഗ്ദരുമായി പങ്കുവെക്കണം. അതിന്റെ നിർമാണ രീതി വെളിപ്പെടുത്തണം. ഇത് സുതാര്യത വർധിപ്പിക്കും. പരിഷ്‍കാരങ്ങൾ നടപ്പാക്കാൻ എളുപ്പമാണെങ്കിലും സർക്കാർ തയ്യാറാവുന്നുണ്ടോ എന്നാണ് ചോദ്യം. വോട്ട് കൊള്ളയെന്നത് രാജ്യവിരുദ്ധ പ്രവർത്തനമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.


