ഉമർ നബിയുടെ മാതാപിതാക്കൾ കസ്റ്റഡിയിൽ മാതാവിന്റെ ഡി.എൻ.എ പരിശോധന നടത്തി
text_fieldsസ്ഫോടന സ്ഥലത്ത് വാഹനാവശിഷ്ടങ്ങളിൽ പരിശോധന നടത്തുന്ന ഫോറൻസിക് ഉദ്യോഗസ്ഥർ
ശ്രീനഗർ: ചെങ്കോട്ടക്കു സമീപമുണ്ടായ സ്ഫോടനത്തിൽ കാർ ഓടിച്ചതായി സംശയിക്കുന്ന ഡോ. ഉമർ നബിയുടെ മാതാപിതാക്കളെ കശ്മീർ പൊലീസ് കസ്റ്റഡിയിലെടുത്തു. പുൽവാമയിലെ വസതിയിലെത്തിയ പൊലീസ് മാതാവ് ശമീമ ബീഗത്തെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഡി.എൻ.എ പരിശോധനക്കായി ആശുപത്രിയിലെത്തിച്ചു. സ്ഫോടന സ്ഥലത്തുനിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ ഉമർ നബിയുടേതുതന്നെയാണോ എന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണിതെന്നാണ് പൊലീസ് പറയുന്നത്. മണിക്കൂറുകൾക്കുശേഷമാണ് പിതാവ് ഗുലാം നബിയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, ഗുലാം നബിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
വിശ്വസിക്കാനാകുന്നില്ലെന്ന് ബന്ധുക്കൾ
ഉമർ നബി ഭീകരാക്രമണത്തിൽ ഉൾപ്പെട്ടുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ബന്ധുക്കൾ. അന്തർമുഖനായിരുന്ന ഉമർ ചെറുപ്പത്തിലേ പഠനത്തിൽ നന്നായി ശ്രദ്ധിച്ചിരുന്ന ആളായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഉമറിന്റെ സഹോദര ഭാര്യ മുസമ്മിൽ പറയുന്നതിങ്ങനെ: ‘‘അവൻ ഫരീദാബാദിലെ ഒരു കോളജിൽ പഠിപ്പിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും ഫോണിൽ വിളിച്ചിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും മൂന്ന് ദിവസത്തിനുള്ളിൽ വീട്ടിലെത്തുമെന്നും പറഞ്ഞു.’’ രണ്ട് മാസം മുമ്പാണ് ഉമർ അവസാനമായി വീട്ടിൽ വന്നതെന്നും അവർ പറഞ്ഞു.


