ടാങ്കർ ലോറിയുടെ അടിയിൽപ്പെട്ട് ബുള്ളറ്റിൽ പിന്നിൽ യാത്ര ചെയ്ത യുവാവ് മരിച്ചു
text_fieldsപന്തളം: ടാങ്കർ ലോറിയുടെ അടിയിൽപ്പെട്ട് ബുള്ളറ്റിൽ പിന്നിൽ യാത്ര ചെയ്ത യുവാവ് മരിച്ചു. ഇലവുംതിട്ട മഞ്ഞിപ്പുഴ കോയിക്കൽ മേലേതിൽ ശ്രീധരന്‍റെ മകൻ ശ്രീകുമാർ (35 ) യാണ് മരിച്ചത്. ബുള്ളറ്റ് ഓടിച്ചിരുന്ന ഇലവുംതിട്ട നിരപ്പേൽ പുത്തൻവീട്ടിൽ രാഹുൽരാജ് (34) പരിക്കുകളുടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകിട്ട് നാലിന് എം.സി. റോഡിൽ പന്തളം എസ്.എൻ.ഡി.പി യൂണിയൻ ഓഫിസിന് സമീപമായിരുന്നു അപകടം. പന്തളത്ത് നിന്നും ഇലവുംതിട്ടയിലേക്ക് ബുള്ളറ്റ് പോകുകയായിരുന്ന ഇരുവരും മുമ്പിലുണ്ടായിരുന്ന കാറിന്‍റെ പിന്നിലിടിച്ച് ബുള്ളറ്റിന്‍റെ പിന്നിൽ യാത്ര ചെയ്യുകയായിരുന്ന ശ്രീകുമാർ എതിർദിശയിൽ വന്ന ടാങ്കർ ലോറിയുടെ അടിയിൽപെടുകയായിരുന്നു. ലോറിയുടെ പിൻചക്രം ശ്രീകുമാറിന്‍റെ ദേഹത്തിലൂടെ കയറി ഇറങ്ങി. ബുള്ളറ്റ് ഓടിച്ചിരുന്ന രാഹുൽരാജ് മറുഭാഗത്തേക്ക് തെറിച്ചുവീണു.
അപകടത്തെ തുടർന്ന് എം.സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. പന്തളം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: തങ്കമണി.


