ന്യൂനപക്ഷ കോളജുകളിലെ പ്രിൻസിപ്പൽ നിയമനം: മാനേജ്മെന്റിനുള്ള അധികാരം റദ്ദാക്കി
text_fieldsതേഞ്ഞിപ്പലം: ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ് കോളജുകളിൽ സെലക്ഷൻ കമ്മിറ്റിയില്ലാതെ പ്രിൻസിപ്പൽ നിയമനത്തിന് മാനേജ്മെൻറിനുള്ള അധികാരം കാലിക്കറ്റ് സർവകലാശാല റദ്ദാക്കി. സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണിത്. യു.ജി.സി ചട്ടപ്രകാരം യോഗ്യതയുള്ള മുതിർന്ന അധ്യാപകനെ പ്രിൻസിപ്പലായി നിയമിച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മാനേജ്മെന്റിന്റെ തീരുമാനം സർവകലാശാല അസാധുവാക്കിയിരുന്നു. നിയമനവുമായി ബന്ധപ്പെട്ട് ക്രൈസ്റ്റ് എജുക്കേഷനൽ സൊസൈറ്റി ഹൈകോടതിയിൽ ഫയൽചെയ്ത കേസിനോടനുബന്ധിച്ചാണ് സിൻഡിക്കേറ്റ് തീരുമാനം.
അതേസമയം, ന്യൂനപക്ഷ പദവിയുള്ള കോളജുകളിൽ പ്രിൻസിപ്പൽ നിയമനത്തിന് മാനേജ്മെന്റിനാണ് ഭരണഘടനാപരമായ അധികാരമെന്നും അതിനെ മറികടക്കാൻ യു.ജി.സി റെഗുലേഷൻസിന് സാധിക്കില്ലെന്നും യു.ഡി.എഫ് അനുകൂല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി. റഷീദ് അഹമ്മദ്, ടി.ജെ. മാർട്ടിൻ എന്നിവർ പറഞ്ഞു. മദ്രാസ് ഹൈകോടതിയിൽ ഫോറം ഫോർ മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് സമർപ്പിച്ച ഹരജിയിലും ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് യു.ജി.സി സെലക്ഷൻ കമ്മിറ്റി നിർബന്ധമല്ലെന്നും യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള അധ്യാപകനെ മാനേജ്മെൻറിന് പ്രിൻസിപ്പലായി നിയമിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും ഇവർ പറയുന്നു.


