കൃത്രിമം നടത്തിയാണ് ബി.ജെ.പി ജനവിധി അനുകൂലമാക്കിയത് -ലാലു പ്രസാദ് യാദവ്
text_fieldsകോഴിക്കോട്: രാജ്യത്തെ തെരഞ്ഞെടുപ്പുകളിൽ വൻതോതിൽ കൃത്രിമം നടത്തിയാണ് ബി.ജെ.പി ജനവിധി അനുകൂലമാക്കിയതെന്ന് രാഷ്ട്രീയ ജനതാദൾ സ്ഥാപക നേതാവ് ലാലു പ്രസാദ് യാദവ്. ‘ആർ.എസ്.എസിന്‍റെ നൂറുവർഷങ്ങൾ’ വിഷയത്തിൽ തിങ്കളാഴ്ച പുറത്തിറങ്ങിയ ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ പ്രമുഖ മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ നളിൻ വർമയുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബി.ജെ.പിയെ കൈയൊഴിഞ്ഞതാണ് ജനങ്ങളുടെ യഥാർഥ താൽപര്യം. ‘വോട്ട് ചോരി’ക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തെളിവുകൾ നൽകിയിട്ടുണ്ട്. വോട്ട് അട്ടിമറിച്ചും ജനാധിപത്യ സ്ഥാപനങ്ങളെ കീഴിലൊതുക്കിയുമാണ് ബി.ജെ.പി-ആർ.എസ്.എസ് അധികാരം നിലനിർത്തുന്നതെന്ന് ജനത്തിന് ബോധ്യമുണ്ട്. ഫാഷിസ്റ്റുകളും ന്യൂനപക്ഷവിരുദ്ധരും ദലിതുവിരുദ്ധരുമാണ് ആ കക്ഷി.
മുസ്ലിംകളെ പാടെ നിഷേധിക്കുന്ന നിലപാടാണ് ബി.ജെ.പിക്കുള്ളത്. ഇന്ത്യൻ ജനസംഖ്യയുടെ 14 ശതമാനം വരും മുസ്ലിംകൾ. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ സീറ്റ് അനുവദിക്കുന്നതിൽ മാത്രമാണ് ഈ പ്രാതിനിധ്യം. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയശേഷം മുസ്‍ലിംകൾ നിരന്തര പീഡനം അനുഭവിക്കുകയാണ്. ഉത്തർപ്രദേശിലും ഡൽഹിയിലും ഭരണകൂടം ബി.ജെ.പി-ആർ.എസ്.എസ് കേഡറുകളെ കൂട്ടി മുസ്‍ലിം ഭവനങ്ങൾ ഇടിച്ചുനിരത്തുകയാണ്. കെട്ടിച്ചമച്ച, വ്യാജ കുറ്റങ്ങളുടെ പേരിൽ നിരവധി മുസ്‍ലിം ചെറുപ്പക്കാർ ജയിലുകളിൽ നരകിക്കുന്നു. നുഴഞ്ഞുകയറ്റ വിഷയത്തിൽ, നിലവിലെ നിയമങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് നടപടിയെടുക്കാനുള്ള അധികാരം നൽകുന്നുണ്ട്.
ഒരു പാർട്ടിയും അനധികൃത നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നിട്ടും ബി.ജെ.പിയും ആർ.എസ്.എസും വിഷയം കത്തിച്ച് വിദ്വേഷ രാഷ്ട്രീയത്തിന് ഇന്ധനം കണ്ടെത്തുന്നു. മുസ്‍ലിംകൾക്കും ഹിന്ദുക്കൾക്കുമിടയിൽ വെറുപ്പിന്റെ വിത്തിടുന്നു. ന്യൂനപക്ഷങ്ങളെ കുരുക്കാൻ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതായും അദ്ദേഹം സംഭാഷണത്തിൽ വ്യക്തമാക്കുന്നു.


