സി.പി.ഐ സംസ്ഥാന സമ്മേളനം: കമ്യൂണിസ്റ്റ് ഐക്യവും ഫാഷിസത്തെ ചെറുക്കലും മുദ്രാവാക്യം
text_fieldsആലപ്പുഴ: ജന്മശതാബ്ദി വർഷത്തിൽ ആലപ്പുഴ വേദിയാകുന്ന സി.പി.ഐ സംസ്ഥാന സമ്മേളനം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ മുദ്രാവാക്യത്തിൽ പ്രധാനം കമ്യൂണിസ്റ്റ് പുനരേകീകരണവും ഫാഷിസത്തിനെതിരായ ചെറുത്തുനിൽപും. ആശയപരമായ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും പുതിയ കാലത്തെ വെല്ലുവിളികളെ ഏറ്റെടുക്കാൻ രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാകെ ഐക്യപ്പെടണമെന്നാണ് പാർട്ടി രാഷ്ട്രീയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
ഇടതുപക്ഷം സംഘടനാപരമായി ശക്തിപ്രാപിക്കാൻ വിവിധ പാർട്ടികളും ധാരകളുമായി നിലകൊള്ളുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ ഐക്യപ്പെടണം. നരേന്ദ്ര മോദി സർക്കാറിന്റെ ഭരണത്തിൽ രാജ്യത്ത് ശക്തിപ്രാപിച്ച വർഗീയതയെയും ഫാഷിസത്തെയും നേരിടാൻ ഇൻഡ്യ മുന്നണിയുടെ കരുത്ത് വർധിപ്പിക്കുകയാണ് നിലവിലെ പ്രായോഗിക പോംവഴി. അതിനായി താഴേതട്ട് മുതൽ ഇടപെട്ട് ജനാധിപത്യപരമായ നേതൃമികവ് പാർട്ടി കൈവരിക്കണം.
ചണ്ഡീഗഡിൽ നടക്കുന്ന 25ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാൻ തയാറാക്കിയ കരട് രാഷ്ട്രീയപ്രമേയത്തിൽ ആയുധം ഉപേക്ഷിച്ച് ജനാധിപത്യ മാർഗത്തിലേക്ക് വരാൻ നിർദേശിച്ച് മാവോവാദികളെവരെ കമ്യൂണിസ്റ്റ് ഐക്യനിരയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. ഇവയടക്കം സംസ്ഥാനസമ്മേളനം ചർച്ചചെയ്യും.
വരുംകാലങ്ങളിൽ പാർട്ടി ഏറ്റെടുക്കേണ്ട പുതിയ ഉത്തരവാദിത്തങ്ങൾ, പ്രക്ഷോഭങ്ങൾ, സംഘടന സംവിധാനത്തെ രാഷ്ട്രീയ വത്കരിക്കുകയും പ്രത്യയശാസ്ത്രപരമായി നവീകരിക്കുകയും ചെയ്യൽ, ഇടതു സർക്കാറിന്റെ പ്രവർത്തനവും മൂന്നാം സർക്കാറിനായുള്ള ഒരുക്കവും, വരാനിരിക്കുന്ന തദ്ദേശ -നിയമസഭ തെരഞ്ഞെടുപ്പ് എന്നിവയും സംസ്ഥാന സമ്മേളനം ചർച്ച ചെയ്ത് പ്രവർത്തന രൂപരേഖ തയാറാക്കും.


