എൻ.എസ്.എസിന്റെ ഇടത് ചായ്വ്: വോട്ടാക്കാനുള്ള നീക്കത്തിൽ സി.പി.എം
text_fieldsതിരുവനന്തപുരം: തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻ.എസ്.എസിന്റെ സർക്കാർ അനുകൂല നിലപാട് രാഷ്ട്രീയ നേട്ടമാക്കി വോട്ടുറപ്പിക്കാനുള്ള ഒരുക്കത്തിൽ സി.പി.എം. മൂന്നാം സർക്കാർ ലക്ഷ്യമിടുന്ന ഇടതുപക്ഷത്തിന് നിലവിലെ സീറ്റുകളിൽ മലബാർ മേഖലയിൽ കാര്യമായ നഷ്ടം വരില്ലെന്നാണ് പ്രതീക്ഷ. അതേസമയം, മധ്യ-തിരുവിതാംകൂറിൽ ആശങ്കയുണ്ട്.
കേരള കോൺഗ്രസ് (എം) ഒപ്പമുള്ളത് ആശ്വാസമാണെങ്കിലും എൻ.എസ്.എസിന്റെ ഇടത് വിരോധമൊഴിവാക്കാനായാൽ മുന്നണിക്ക് മേധാവിത്വമാവുമെന്നാണ് സി.പി.എം കണക്കുകൂട്ടൽ. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായാലും ഭൂരിപക്ഷ വോട്ട് ഷെയറിൽ അത് മറികടക്കാം. തദ്ദേശ തെരഞ്ഞെടുപ്പോടെ എൻ.എസ്.എസിന്റെ രാഷ്ട്രീയ നിലപാട് കൂടുതൽ വ്യക്തമാകുമെന്നും പാർട്ടി വിലയിരുത്തുന്നു.
സമദൂര നിലപാട് പറയുന്ന എൻ.എസ്.എസിന് എപ്പോഴും വലത് ചായ്വായിരുന്നു. ശബരിമല യുവതി പ്രവേശത്തിൽ ആദ്യം പോർമുഖം തുറന്നതും അവരാണ്. ആയിരങ്ങൾ അണിചേർന്ന എൻ.എസ്.എസിന്റെ നാമജപ ഘോഷയാത്രയാണ് അന്ന് വിശ്വാസികളുടെ സമരമായി പൊതുവിൽ അംഗീകരിച്ചതും.
യുവതി പ്രവേശനത്തെ അനുകൂലിച്ച സത്യവാങ്മൂലവും അയ്യപ്പ ഭക്തർക്കെതിരായ കേസും കൂടിയായതോടെ എൻ.എസ്.എസും സർക്കാറും തമ്മിൽ അകലം കൂടി. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ചത് ഇടതുപക്ഷത്തിന് തിരിച്ചടിയുമായി. രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് എസ്.എൻ.ഡി.പി അടുത്തെങ്കിലും എൻ.എസ്.എസ് അകൽച്ചയിൽ തന്നെയായിരുന്നു.
എന്നാൽ, ഭിന്നശേഷി തസ്തിക നികത്തിയാലേ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിന് അംഗീകാരം നൽകൂ എന്ന നിലപാട് കോടതിയിൽ ചോദ്യംചെയ്ത എൻ.എസ്.എസിന് അനുകൂലമായി സർക്കാർ പ്രത്യേകം ഉത്തരവിറക്കി. ഇതോടെ മഞ്ഞുരുകി.
പിന്നാലെ യുവതി പ്രവേശന സത്യവാങ്മൂലം, അയ്യപ്പ ഭക്തർക്കെതിരായ കേസ് എന്നിവയിൽ ആശങ്ക വേണ്ടെന്ന ഉറപ്പും നൽകിയാണ് എൻ.എസ്.എസിനെ സർക്കാർ അനുകൂലമാക്കിയത്. അയ്യപ്പ സംഗമത്തോടെ ശബരിമല വിഷയത്തിൽ സർക്കാറിൽ വിശ്വാസമർപ്പിച്ചും കോൺഗ്രസിനെയും ബി.ജെ.പിയെയും എതിർത്തും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തുവന്നത് എൻ.എസ്.എസിന്റെ നയപ്രഖ്യാപനവുമായി.


