വൈരുധ്യാത്മക ‘വിശ്വാസ’ വാദം; സി.പി.എമ്മിന് സംഘടന തലത്തിൽ വിശദീകരിക്കേണ്ടിവരും
text_fieldsതിരുവനന്തപുരം: പാർട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറയായ വൈരുധ്യാത്മക ഭൗതികവാദത്തിൽ വെള്ളം ചേർത്തെന്ന തോന്നലുണ്ടാക്കി ആഗോള അയ്യപ്പ സംഗമത്തിന്റെ മുഖ്യസംഘാടക വേഷത്തിലേക്ക് മാറിയ സി.പി.എമ്മിന്, നിലപാട്മാറ്റത്തിന്റെ ന്യായം സംഘടന തലത്തിൽ ബോധ്യപ്പെടുത്തേണ്ടിവരും. കമ്യൂണിസ്റ്റ് സർക്കാർ സമൂഹത്തിലെ ഒരുവിഭാഗത്തെ വിളിച്ചുകൂട്ടി വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത് ശരിയോ എന്നതാണ് ഉയരുന്ന ചോദ്യം. പ്രത്യയശാസ്ത്ര വ്യക്തത വരുത്താത്തപക്ഷം അയ്യപ്പ സംഗമം പാർട്ടിയിലും സൈദ്ധാന്തിക ചർച്ചക്കും ആശയ പോരാട്ടത്തിനും വഴിവെച്ചേക്കും.
ശബരിമല യുവതി പ്രവേശനത്തിനുള്ള സുപ്രീംകോടതി വിധിയെ പോലും സ്ത്രീ -പുരുഷ സമത്വമായാണ് പാർട്ടിയും സർക്കാറും കണ്ടത്. ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾ മാറ്റിനിർത്തപ്പെടുന്നത് പുരോഗമന സമൂഹത്തിന് ചേർന്നതല്ല എന്നായിരുന്നു അന്നത്തെ ഇടത് കാമ്പയിനിന്റെ കാതൽ. അതിനാലാണ് മഞ്ചേശ്വരം മുതൽ -പാറശാല വരെ ‘വനിത മതിൽ’ ഒരുക്കി നവോത്ഥാന കാഹളം മുഴക്കിയത്. ശബരിമല കയറുന്ന യുവതികളെ തടയാൻ പാടില്ല എന്ന പാർട്ടി നയം എത്ര തെരഞ്ഞെടുപ്പ് തോൽക്കേണ്ടിവന്നാലും മാറ്റില്ലെന്നാണ് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത്.
എന്നാൽ, വിട്ടുപോയ വിശ്വാസി സമൂഹത്തെ പാർട്ടിയോടടുപ്പിക്കാൻ, ശബരിമലയിലെ ആചാരാനുഷ്ഠാനം കോടതിയെ അറിയിക്കുമെന്ന് പറഞ്ഞ് യുവതി പ്രവേശനത്തെ അനുകൂലിച്ച മുൻ നിലപാട് തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെ ഇപ്പോൾ തള്ളി. സ്ത്രീ പ്രവേശനം കഴിഞ്ഞ അധ്യായമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമാക്കി. ഇതോടെ യുവതി പ്രവേശനത്തിലെ നിലപാടുമാറ്റം ചോദ്യംചെയ്ത് നവോത്ഥാന മൂല്യ സംരക്ഷണ സമിതി മുൻ കൺവീനർ പുന്നല ശ്രീകുമാർ തന്നെ പരസ്യമായി രംഗത്തുവന്നു.
പാർട്ടിയിലും ഇത് വലിയ ചർച്ചയാണ്. ബി.ജെ.പി ഭരണകൂടത്തിന്റെ ന്യൂനപക്ഷ വേട്ട തുറന്നുകാട്ടുന്ന പാർട്ടി മുദ്രാവാക്യങ്ങളെ ന്യൂനപക്ഷ പ്രീണനവും ഫോക്കസുമായി വിശേഷിപ്പിക്കുന്നത് മറികടക്കാനുള്ള പ്രായോഗിക പരിപാടി കൂടിയാണ് അയ്യപ്പ സംഗമം. ‘വിശ്വാസികൾക്കൊപ്പമാണ് പാർട്ടി’ എന്ന സന്ദേശമാണ് സി.പി.എം നൽകുന്നത്. വർഗീയത പ്രതിരോധിക്കാൻ വർഗവീക്ഷണവും വർഗനിലപാടും ഉയർന്നുവരാത്ത പശ്ചാത്തലത്തിൽ, വിശ്വാസികളടക്കം യോജിക്കാവുന്നവരെയാകെ അണിനിരത്തുക എന്ന നയമാണ് പാർട്ടി മുന്നോട്ടുവെക്കുന്നത്.
90 ശതമാനവും വിശ്വാസികളുള്ള സമൂഹത്തിൽ വൈരുധ്യാത്മക ഭൗതികവാദം അടിച്ചേൽപിക്കുന്നതിനു പകരം വിശ്വാസികളെ ഉൾക്കൊണ്ട് വർഗീയതക്കെതിരെ നിലപാട് സ്വീകരിക്കുക എന്നതാണ് പ്രായോഗിക പാർട്ടി കടമയെന്ന് മുമ്പ് ഗോവിന്ദൻ പറഞ്ഞത് വലിയ ചർച്ചയായിരുന്നു. വൈരുധ്യാത്മക ഭൗതികവാദം അപ്രസക്തമായി എന്നാരെങ്കിലും പറഞ്ഞാൽ, അതിനർഥം മാർക്സിസം ഇല്ലാതായി എന്നാണെന്നാണ് ഇതിനെതിരെ അന്നത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്.


