‘മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചു,’ തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്ന് ദിലീപ്
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായതിനു പിന്നാലെ നടൻ ദിലീപ് നിയമ നടപടിക്കൊരുങ്ങുന്നതായി സൂചന. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സർക്കാറിനെ പോലും തെറ്റിദ്ധരിപ്പിക്കുകയും കുറ്റകൃത്യത്തിന്റെ സൂത്രധാരൻ താനാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.
ആദ്യത്തെ ആറ് പ്രതികളുടെ അറസ്റ്റിനുശേഷം കേസിൽ ഗൂഢാലോചനയില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ പോലും സംഘത്തിലെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചു. സർക്കാർ ഈ വിഷയങ്ങൾ അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറഞ്ഞ ശേഷം പ്രമുഖ ഇംഗ്ലീഷ് പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യങ്ങൾ പറഞ്ഞത്. കേസിലെ അതിജീവിതയുമായി തനിക്ക് ഒരു പ്രശ്നവുമില്ല. തങ്ങൾ സുഹൃത്തുക്കളായിരുന്നു.
കേസ് അന്വേഷണത്തിന്റെ ആദ്യ നാല് മാസങ്ങളിൽ അവർ തന്നെക്കുറിച്ച് ഒരു പരാമർശം പോലും നടത്തിയിട്ടില്ല. പിന്നീട് എസ്.ഐ.ടിയുടെ നിർബന്ധത്തെ തുടർന്നാണ് അവർ ചിലത് പറഞ്ഞതെന്നാണ് കരുതുന്നത്. ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥർ അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കും പ്രശസ്തിക്കും വേണ്ടി തന്നെ കുടുക്കുകയായിരുന്നു. ഈ കേസിലെ യഥാർഥ ഇര താനാണെന്നും ദിലീപ് അവകാശപ്പെട്ടു.
എസ്.ഐ.ടിയിലെ എല്ലാവരും തന്റെ ജീവൻ പണയപ്പെടുത്തി പ്രശസ്തിയും മഹത്വവും ആഗ്രഹിച്ചു. തന്നെയും കുടുംബാംഗങ്ങളെയും സാമൂഹികമായി ഒറ്റപ്പെടുത്താൻ ശ്രമിച്ചു. തന്നെ അപകീർത്തിപ്പെടുത്താൻ അവർ മാധ്യമങ്ങളിൽ കഥകൾ നട്ടുപിടിപ്പിക്കുകയും തനിക്കെതിരെ ശത്രുതാപരമായ ഒരു സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. എന്റെ സിനിമകളുടെ കുടുംബ പ്രേക്ഷകരെ അകറ്റാൻ അവർ ശ്രമിച്ചു.
കേസിലൂടെ തന്റെ ജീവിതവും കരിയറും നശിപ്പിച്ചു. അമ്മ അംഗത്വത്തിനായി അപേക്ഷിക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല. തന്നെ കുറ്റവിമുക്തനാക്കിയതിനാൽ ഈ വിഷയത്തിൽ സംഘടന തീരുമാനമെടുക്കട്ടെയെന്നും നടൻ കൂട്ടിച്ചേർത്തു.


