പൊലീസ് നരനായാട്ടും ഇ.ഡി സമൻസും: മുഖ്യമന്ത്രിക്ക് ഇരട്ട പ്രഹരം
text_fieldsപിണറായി വിജയൻ
തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.പിയടക്കം കോൺഗ്രസുകാർക്കെതിരായ പൊലീസ് നരനായാട്ടും കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ മകൻ വിവേക് കിരണിനെതിരായ ഇ.ഡി സമന്‍സ് വിവരം പുറത്തുവന്നതും മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ടപ്രഹരമായി. ആഗോള അയ്യപ്പ സംഗമത്തോടെ ലഭിച്ച മേൽകൈയിൽ മൂന്നാം ഇടതുസർക്കാർ എന്ന പ്രചാരണം ശക്തമാക്കവെയാണ് ശബരിമലയിലെ സ്വർണപാളി മോഷണം ചർച്ചയായത്. ഇത് സർക്കാറിന് സൃഷ്ടിച്ച പ്രതിച്ഛായ നഷ്ടത്തിന് പിന്നാലെയാണിപ്പോൾ, പൊലീസ് അതിക്രമവും മകനെതിരായ ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി പൊതുസമൂഹത്തോട് മറുപടി പറയേണ്ടി വരുന്നത്.
ജനപ്രതിനിധികൾക്കെതിരായ പൊലീസ് അതിക്രമവും ഗുരുതര പരിക്കേൽപിക്കലും സമീപഭാവിയിൽ കേട്ടുകേൾവിയില്ലാത്തതാണ്. അപ്പോഴാണ് എം.പിയും കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമായ ഷാഫി പറമ്പിലിനെ പൊലീസ് ഇടിച്ച് മൂക്കിന്റെ എല്ലുകൾ പൊട്ടിച്ചത്. ലാത്തികൊണ്ട് ഷാഫിയുടെ തലക്കടിക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നതോടെ പൊലീസ് നരനായാട്ടിൽ ജനവികാരം സർക്കാറിനെതിരാണ്. ആഭ്യന്തര വകുപ്പിനെതിരെ സംസ്ഥാന വ്യാപകമായി കടുത്ത രോഷവും ഉയർന്നു.
മുമ്പ് സി.പി.എമ്മുകാർ വടകരയിൽ ഷാഫിയെ തടഞ്ഞത് ജനരോഷത്തിനിടയാക്കിയിരുന്നു. പിന്നാലെയാണിപ്പോൾ പൊലീസ് തന്നെ അദ്ദേഹത്തെ മർദിക്കുന്ന നിലയുണ്ടായത്. പൊലീസ് അതിക്രമത്തോടെ സ്വർണപാളിയിലടക്കം സർക്കാറിനെതിരായ പ്രതിപക്ഷ സമരത്തിന് വീര്യം കൂടുകയും ചെയ്തു.മുഖ്യമന്ത്രിയും മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ കോടതി വ്യവഹാരമല്ലാതെ നിലവിൽ രാഷ്ട്രീയ ചർച്ചകളില്ല. ഇതിലേക്കടക്കം വീണ്ടും വെളിച്ചം വീശുന്നതാണ് മകന് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 2023ൽ ലഭിച്ച ഇ.ഡി സമൻസ്.
കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റുചെയ്ത ദിവസമാണ് വിവേകിന് നോട്ടീസയച്ചത് എന്നതാണ് പ്രധാനം. ഇതോടെ കേസന്വേഷണങ്ങളിലെ സി.പി.എം -ബി.ജെ.പി ഡീലടക്കം പ്രതിപക്ഷം വീണ്ടും ചർച്ചയാക്കി. ഇ.ഡി സമൻസിന് ഹാജരാകാത്തതും തുടർ നടപടിയിൽ വ്യക്തതയില്ലാത്തതും ദുരൂഹത വർധിപ്പിച്ചെന്നും ഇക്കാര്യം മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തുവന്നു.
വീണക്കെതിരെ മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രിക്കുപകരം പാർട്ടി നേതാക്കളായ എം.വി. ഗോവിന്ദനും ഇ.പി. ജയരാജനും എ.കെ. ബാലനുമൊക്കെയാണ് ആദ്യം വിശദീകരണം നൽകിയത്. സമാനമായിപ്പോൾ വിവേകിനെതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയെന്ന് പറഞ്ഞ് എഴുതി തയാറാക്കിയ വിശദീകരണം മാധ്യമങ്ങൾക്ക് മുന്നിൽ വായിച്ചത് മന്ത്രി വി. ശിവൻകുട്ടി, 2023 ഫെബ്രുവരിയിൽ ഹാജരാകാനാണ് സമൻസ് അയച്ചതെന്നും യാതൊരു തുടർനടപടിയും ഇല്ലെന്നുമാണ് ശിവൻകുട്ടി വ്യക്തമാക്കിയത്.


