ബോക്സ് ഓഫിസ് തകർത്തോ കാന്താര; ആദ്യ ദിനം നേടിയത് എത്രയെന്നറിയാം
text_fieldsപ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായ ഋഷഭ് ഷെട്ടിയുടെ 'കാന്താര: ചാപ്റ്റർ 1' ഒക്ടോബർ രണ്ടിനാണ് തിയറ്ററുകളിൽ എത്തിയത്. പ്രതീക്ഷ തെറ്റിക്കാതെ, ആദ്യ ദിനം ചിത്രം മികച്ച കലക്ഷനാണ് നേടിയത്. 'കാന്താര: ചാപ്റ്റർ 1' റിലീസ് ദിവസം ഇന്ത്യയിൽ 60 കോടി രൂപ നേടിയെന്നാണ് ട്രാക്കിങ് വെബ്‌സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട്. ചിത്രത്തിന്‍റെ 125 കോടി ബജറ്റ് കണക്കിലെടുക്കുമ്പോൾ, ആദ്യ ദിവസത്തെ കലക്ഷൻ മികച്ചതാണ്.
കണക്കുകൾ പ്രകാരം ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഏകദേശം 19-21 കോടി രൂപ നേടിയതായി പറയപ്പെടുന്നു. ഇതിലൂടെ ചിത്രം ഹിന്ദി വിപണിയിൽ ഒരു കന്നഡ ചിത്രത്തിന് ലഭിച്ച രണ്ടാമത്തെ വലിയ ഓപ്പണിങ് നേടി. 54 കോടി രൂപ നേടിയ യാഷിന്റെ 'കെ.ജി.എഫ്: ചാപ്റ്റർ 2' ആണ് കൂടുതൽ കലക്ഷൻ നേടിയത്.
അമ്പരപ്പിക്കുന്ന മേക്കിങ് കൊണ്ട് വിസ്മയിപ്പിക്കുന്നതാണ് സിനിമ എന്നതാണ് ആദ്യ പ്രതികരണം. 30 കോടി രൂപയുടെ മുൻകൂർ ബുക്കിങ്ങാണ് ചിത്രം നേടിയത്. കാന്താരയുടെ ആദ്യ ഭാഗം 400 കോടിക്ക് മുകളിലാണ് ബോക്സ് ഓഫിസിൽ നിന്ന് നേടിയത്. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്.
ഋഷഭ് ഷെട്ടി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ, മനുഷ്യർക്കും ദൈവികതക്കും ഇടയിലുള്ള പാലമായി സേവിക്കാൻ വിധിക്കപ്പെട്ട നിഗൂഢ ശക്തികളുടെ യോദ്ധാവായ നാഗസാധു എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് വിവരം. കെ.ജി.എഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1ന്റെയും നിര്‍മാതാക്കള്‍.
ഹോംബലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂരും ചാലുവെ ഗൗഡയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അജനീഷ് ലോക്നാഥ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിർവഹിക്കുന്നു. പി ആർ ഒ. മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ, മാർക്കറ്റിങ് ആൻഡ് അഡ്വർടൈസിങ് ബ്രിങ് ഫോർത്ത്.


