'പച്ചയിൽ അരിവാൾ'; കാസർകോട് ‘നിറംപിടിപ്പിച്ച’ വിവാദങ്ങൾ തുടരുന്നു
text_fieldsസി.പി.എം സ്ഥാനാർഥിയുടെ പോസ്റ്ററിനെ പരിഹസിച്ചുള്ള സമൂഹമാധ്യമ പോസ്റ്റ്, കാസർകോട് നഗരസഭയുടെ കവാടം
കാസർകോട്: തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയശേഷം കാസർകോട് ആദ്യം വന്നത് ‘നിറംപിടിപ്പിച്ച’ വിവാദം. കാസർകോട് നഗരസഭയുടെ കവാടത്തിന് പച്ചനിറം നൽകിയതിനെതിരെ സി.പി.എം നേതാവിന്റെ പരാമർശമാണ് മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഏറ്റെടുത്തത്.
‘ഇതെന്താ പാകിസ്താനോ’ എന്ന സി.പി.എം നേതാവ് മുഹമ്മദ് ഹനീഫയുടെ പരാമർശം സി.പി.എമ്മിന്റെ നഗരസഭ മാർച്ചിനിടെയാണ്. ഇതോടെ പരാമർശം സമൂഹമാധ്യമങ്ങളിൽ കളം നിറഞ്ഞു. നഗരസഭയുടെ ചുറ്റുമതിലിന് നൽകിയ നിറത്തെവരെ മതവും രാഷ്ട്രവിരുദ്ധതയും ചേർത്ത് രാഷ്ട്രീയപ്രചാരണത്തിനായി ഉപയോഗിക്കുന്നത് സി.പി.എമ്മിന്റെ അടിസ്ഥാന സ്വഭാവമാണെന്ന് മാഹിൻഹാജി പറഞ്ഞു.
മതിലിന് നൽകിയത് മിലിട്ടറി വേഷത്തിന്റെ നിറമാണ് എന്നു പറഞ്ഞ മാഹിൻഹാജി അതിനെ പാകിസ്താനുമായി ബന്ധിപ്പിക്കുന്നത് ദേശഭക്തർക്ക് അപമാനമാണെന്ന് രൂക്ഷമായി തിരിച്ചടിച്ചു. ഇതിനുപിന്നാലെ ചെങ്കള പഞ്ചായത്തിലെ കുണ്ടടുക്കം വാർഡിൽ സി.പി.എം സ്ഥാനാർഥിയുടെ പോസ്റ്റർ മുസ്ലിം ലീഗ് എടുത്തിട്ടു. പച്ചനിറത്തിലുള്ള പോസ്റ്ററിൽ ചുവപ്പുനിറം ഉപേക്ഷിച്ച അരിവാൾ ചുറ്റിക നക്ഷത്രമാണ് ആലേഖനം ചെയ്തത്.
സി.പി.ഐക്കാരി സി.പി.എം സ്ഥാനാർഥി, ഒടുവിൽ പുറത്ത്
കൽപറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് കിട്ടാൻ മോഹിക്കുന്നത് അത്ര വലിയ തെറ്റാണോ? അതിപ്പോ സി.പി.ഐ നേതാവ് സി.പി.എം സ്ഥാനാർഥി ആയാലും അങ്ങനെതന്നെ. വയനാട്ടിലെ തൊണ്ടർനാട് പഞ്ചായത്തിലാണ് സംഭവം. സി.പി.ഐ മക്കിയാട് ബ്രാഞ്ച് കമ്മിറ്റിയംഗം വിമലയാണ് സി.പി.എം ടിക്കറ്റിൽ മക്കിയാട് വാർഡിൽനിന്ന് മത്സരിക്കുന്നത്. സി.പി.ഐ പാനലിൽ തൊണ്ടർനാട് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമാണ് ഇവർ. ഏതായാലും സി.പി.എം സ്ഥാനാർഥി ആയതോടെ വിമലയെയും ഭർത്താവ് എം.എ. സണ്ണി മടത്താശ്ശേരിയെയും സി.പി.ഐ പുറത്താക്കിയിട്ടുണ്ട്. സി.പി.ഐ തൊണ്ടർനാട് ലോക്കൽ കമ്മിറ്റി അംഗമാണ് സണ്ണി.
ആകെ 15 വാർഡുള്ള തൊണ്ടർനാട് പഞ്ചായത്ത് നിലവിൽ എൽ.ഡി.എഫാണ് ഭരിക്കുന്നത്. എൽ.ഡി.എഫ് ഏഴ്, യു.ഡി.എഫ് ആറ്, എൻ.ഡി.എ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.


