കോർപറേഷൻ സംവരണ നറുക്കെടുപ്പ്
text_fieldsകൊച്ചി: പ്രതീക്ഷയോടെയായിരുന്നു ഓരോരുത്തരും മുന്നോട്ടു നോക്കിയിരുന്നത്. ഇടക്ക് പലരുടെയും പ്രതീക്ഷകൾ വീണുടഞ്ഞു, ഇടക്ക് അപ്രതീക്ഷിതമായി ചിലർക്ക് സന്തോഷവാർത്തയെത്തി. കൊച്ചി കോർപറേഷന്‍റെ സംവരണ നറുക്കെടുപ്പ് നടന്ന എറണാകുളം ടൗൺ ഹാളിലായിരുന്നു കൗൺസിലർമാരുൾപ്പെടെ മുന്നിലുള്ളവരുടെ സമ്മിശ്ര വികാരങ്ങൾക്ക് വേദിയായത്. നിലവിലെ മേയറുടെയും പ്രതിപക്ഷ നേതാവിന്‍റെയുമുൾപ്പെടെ പല വാർഡുകളും മാറിമറിഞ്ഞ് വനിത സംവരണത്തിലെത്തി.
അപ്രതീക്ഷിതമായി ചില പ്രമുഖർക്ക് സ്വന്തം വാർഡുതന്നെ നിലനിർത്താനായതിന്‍റെ സന്തോഷവുമുണ്ട്. നറുക്കെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പുതിയ മേച്ചിൽപുറങ്ങൾ തേടിയുള്ള ഓട്ടം പലരും ആരംഭിച്ചു കഴിഞ്ഞു.സ്വന്തം വാർഡ് സംവരണത്തിലുൾപ്പെട്ടപ്പോൾ തൊട്ടടുത്ത വാർഡിലേക്ക് സീറ്റ് നിലനിർത്താനാഗ്രഹിക്കുന്ന പലരും നോട്ടമിട്ടിട്ടുണ്ട്. ഇതിനിടെ പുതിയ വാർഡ് വിഭജനത്തിലൂടെയുണ്ടായ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളും പലർക്കും തലവേദനയാകും. നേരത്തേ 74 ഡിവിഷനുണ്ടായിരുന്ന കൊച്ചി കോർപറേഷൻ വാർഡ് വിഭജനത്തിലൂടെ 76 ആവുകയായിരുന്നു.
രണ്ട് ഡിവിഷനുകളേ കൂട്ടിയിട്ടുള്ളൂവെങ്കിലും നിലവിലുള്ളവയിൽ ചിലത് ഇല്ലാതാവുകയും പുതിയത് വരുകയും ചെയ്തിട്ടുണ്ട് എന്നതിനാൽ പലർക്കും സിറ്റിങ് ഡിവിഷനുകൾ മാറേണ്ടി വരും. നിലവിൽ മേയർ എം. അനിൽകുമാറിന്‍റെ ഡിവിഷനായ എളമക്കര നോർത്ത് (26), പ്രതിപക്ഷകക്ഷി നേതാവ് ആന്‍റണി കുരീത്തറയുടെ വാർഡായ ഫോർട്ട്കൊച്ചി (ഒന്ന്) എന്നിവ വനിത സംവരണത്തിലേക്ക് മാറി.
പട്ടികജാതിയുൾപ്പെടെ 38 വനിത വാർഡുകൾ
76 ഡിവിഷനുകളുള്ള കോർപറേഷനിൽ പട്ടികജാതിയുൾപ്പെടെ 38 വനിത വാർഡുകളാണ് നറുക്കെടുപ്പിലൂടെ നിശ്ചയിക്കപ്പെട്ടത്. 1- ഫോർട്ട്കൊച്ചി, 2- കൽവത്തി, 3- ഈരവേലി, 4- കരിപ്പാലം, 5- ചെറളായി, 6- മട്ടാഞ്ചേരി, 7- ചക്കാമാടം, 8- കരുവേലിപ്പടി, 12- ഗാന്ധിനഗർ, 15- എറണാകുളം നോർത്ത്, 20- പൊറ്റക്കുഴി, 24- വടുതല വെസ്റ്റ്, 26- എളമക്കര നോർത്ത്, 28- കുന്നുംപുറം, 29- പോണേക്കര, 31- ചങ്ങമ്പുഴ, 32- ദേവൻകുളങ്ങര, 34- സ്റ്റേഡിയം, 35- കാരണക്കോടം, 36- പുതിയറോഡ്, 37- പാടിവട്ടം, 39- ചക്കരപറമ്പ്, 40- ചളിക്കവട്ടം, 42- എളംകുളം, 45- പൊന്നുരുന്നി ഈസ്റ്റ്, 53- തേവര,
54- ഐലൻഡ് സൗത്ത്, 55- കടേഭാഗം, 56- പള്ളുരുത്തി ഈസ്റ്റ്, 63- നമ്പ്യാപുരം, 64- പള്ളുരുത്തി, 65- പുല്ലാർദേശം, 69- മുണ്ടംവേലി, 70- മാനാശ്ശേരി, 74- പനയപ്പിള്ളി, 76- ഫോർട്ട്കൊച്ചി വെളി എന്നിവയാണ് പുതുതായി വനിത സംവരണത്തിൽ വരുന്നത്. 41- തമ്മനം, 59- ഇടക്കൊച്ചി സൗത്ത് എന്നിവ പട്ടികജാതി വനിത സംവരണത്തിലും 13- കതൃക്കടവ് പട്ടികജാതി സംവരണത്തിലും ഉൾപ്പെട്ടു.
കഴിഞ്ഞ തവണ 5- മട്ടാഞ്ചേരി, 11- തോപ്പുംപടി, 14- തഴുപ്പ്, 15- ഇടക്കൊച്ചി നോർത്ത്, 18- കോണം, 19- പള്ളുരുത്തി-കച്ചേരിപ്പടി, 22- മുണ്ടംവേലി, 24- മൂലങ്കുഴി, 25- ചുള്ളിക്കൽ, 26- നസ്രത്ത്, 34- പുതുക്കലവട്ടം, 34- പുതുക്കലവട്ടം, 35- പോണേക്കര, 36- കുന്നുംപുറം, 37- ഇടപ്പള്ളി, 38- ദേവൻകുളങ്ങര, 39- കറുകപ്പിള്ളി, 42- വെണ്ണല, 49- വൈറ്റില, 50- ചമ്പക്കര, 51- പൂണിത്തുറ, 52- വൈറ്റില ജനത, 53- പൊന്നുരുന്നി, 55- ഗിരിനഗർ,
56- പനമ്പിള്ളി നഗർ, 57- കടവന്ത്ര സുജ ലോനപ്പൻ, 58- കോന്തുരുത്തി, 60- പെരുമാനൂർ, 61- രവിപുരം, 62- എറണാകുളം സൗത്ത്, 65- കലൂർ സൗത്ത്, 66- എറണാകുളം സെൻട്രൽ, 68- അയ്യപ്പൻകാവ്, 69- തൃക്കണാർവട്ടം, 70- കലൂർ നോർത്ത്, 71- എളമക്കര സൗത്ത്, 73- പച്ചാളം എന്നിവയായിരുന്നു വനിത സംവരണത്തിലുൾപ്പെട്ടത്. ഇതുകൂടാതെ 32- വടുതല ഈസ്റ്റ്, 60- പെരുമാനൂർ എന്നിവ പട്ടികജാതി വനിതയും 74- തട്ടാഴം പട്ടികജാതി വാർഡുമായിരുന്നു.


