കടകളിൽ കവര്‍ച്ച നടത്തിയ കേസിൽ പ്രതി പിടിയില്‍
text_fieldsനീലേശ്വരം: നീലേശ്വരം നഗരത്തിലെ നിരവധി കടകളിലെ പൂട്ട് പൊളിച്ച് കവര്‍ച്ചയും കവര്‍ച്ചശ്രമവും നടന്നു.പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിൽ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി. റെയിൽവേ മേൽപാലത്തിന് കീഴിലെ കൊട്ടുമ്പുറത്തെ ശ്രീലക്ഷ്മി കളക്ഷന്‍സ്, അപ്സര ഫാന്‍സി, ഹണി ബേക്കറി, മഹാലക്ഷ്മി ലോട്ടറി സ്റ്റാള്‍, വ്യാപാരി വ്യവസായി സമിതി നേതാവ് ആറ്റിപ്പില്‍ രവിയുടെ പച്ചക്കറികട തുടങ്ങിയ സ്ഥലങ്ങളിലാണ് കവര്‍ച്ചയും കവര്‍ച്ചാശ്രമവും നടന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് ശേഷമാണ് കവര്‍ച്ച നടന്നതെന്നാണ് സംശയം. പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരും ആംബുലന്‍സ് ഡ്രൈവര്‍മാരും പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഡ്രൈവര്‍മാരെ കണ്ടപ്പോള്‍ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.


