Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅലൈന്റെ വീടിന് മുകളിൽ...

അലൈന്റെ വീടിന് മുകളിൽ വൃക്ഷങ്ങളുടെ പച്ചപ്പ്

text_fields
bookmark_border
അലൈന്റെ വീടിന് മുകളിൽ വൃക്ഷങ്ങളുടെ പച്ചപ്പ്
cancel
camera_alt

അലൈൻ വീടിനുമുകളിൽ വെച്ചുപിടിപ്പിച്ച വൃക്ഷങ്ങൾക്കിടയിൽ

ഇരവിപുരം: കാടു കാണാൻ അലൈന് ഒട്ടും അലയേണ്ട. വീടിന്റെ പടി കയറി ടെറസിൽ എത്തിയാൽ ‘കൊടുങ്കാട്ടിലെത്തിയ’ പ്രതീതിയാണുണ്ടാകുക. വികസനത്തിന്റെ പേരിൽ മരങ്ങൾ മുറിച്ചു മാറ്റുന്ന നാട്ടിൽ കൊല്ലം വടക്കേവിള മാടൻനട സഞ്ചാരിമുക്കിലെ പ്രാണാ വില്ല വീടിന്റെ മട്ടുപ്പാവ് വേറിട്ടതാകുന്നത് ഇവിടെ നട്ട മരങ്ങളുടെ പച്ചപ്പിലാണ്. ഇന്ന് ഒരു പരിസ്ഥിതി ദിനം കൂടി കടന്നുവരുമ്പോൾ കാടിന്റെ കാണാക്കാഴ്ചകളിലേക്കാണ് ഈ പത്താം ക്ലാസുകാരൻ വാതിൽതുറക്കുന്നത്. മാടൻനട സഞ്ചാരിമുക്ക് പ്രാണാ വില്ലയിൽ ഡോക്ടർമാരായ മോഹൻലാലിന്റെയും ദേവീ രാജിന്റെയും മകനും ഡൽഹി പബ്ലിക് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയുമായ അലൈൻ എയ്റിക് ലാലെന്ന 15 കാരനാണ് പരിസ്ഥിതി സംരക്ഷണത്തിൽ വേറിട്ട കാഴ്ചയാകുന്നത്. വൃക്ഷങ്ങളെ സ്നേഹിക്കുകയും അവക്കായി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത അലൈൻ ഇതിനോടകം ആയിരം ആൽമരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ സഹകരണത്തോടെ കുട്ടിക്കാലത്ത് തഴുത്തല നാഷനൽ പബ്ലിക് സ്‌കൂളിൽ പഠിക്കുമ്പോഴാണ് പരിസ്ഥിതിപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

കൊല്ലം തോടിന്റെ സമീപത്തുനിന്ന ഒരു ആൽമരം വികസനത്തിന്റെ പേരിൽ മുറിച്ചുമാറ്റിയതോടെയാണ് ആൽമരങ്ങൾ വെച്ചുപിടിപ്പിക്കുക എന്ന ആശയം അലൈന്റെ മനസ്സിൽ ഉദിച്ചത്. ഇതിനെതുടർന്നാണ് ആൽമരങ്ങൾ വെച്ചുപിടിപ്പിച്ചുതുടങ്ങിയത്. ദേശീയപാതയുടെ വശങ്ങളിൽ ആൽമരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനായി ഹൈവേ അതോറിറ്റിക്ക് അപേക്ഷ നൽകി അംഗീകാരം ലഭി ച്ചെങ്കിലും പുതിയ ദേശീയപാതയുടെ നിർമാണം ആരംഭിച്ചതിനാൽ നടക്കാതെ പോയി. പോളച്ചിറ എലായിൽ ദേശാടനപ്പക്ഷികൾക്ക് കൂടൊരുക്കുന്നതിനായുള്ള പദ്ധതിയും അലൈൻ നടപ്പാക്കിയിട്ടുണ്ട്.

മാടൻനടയിലെ വീട്ടിലിരുന്ന് ലോകരാജ്യങ്ങളിലെ പരിസ്ഥിതി പ്രവർത്തകരെ സംഘടിപ്പിച്ച ഹാർട്ട് എർത്ത് എന്ന സംഘടനയും രൂപവത്കരിച്ചു. 58 രാജ്യങ്ങളിൽ ഈ സംഘടന പ്രവർത്തിക്കുന്നു. കുട്ടികളിൽ വായനയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാക്കി ലക്ഷ്മിനടയിൽ സൺഡേ ലൈബ്രറിയും സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ അംഗത്വം ലഭിക്കണമെങ്കിൽ ഒരു മരം എങ്കിലും നടണം. ഒമ്പത് വയസ്സിലാണ് ആയിരം ആൽമരങ്ങൾ നട്ടത്. പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾക്ക് എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെൻററിന്റെ ബാലപ്രതിഭാ പുരസ്കാരവും സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്കാരവും ഗ്രീസ് സ്റ്റാർ പുരസ്കാരവും അലൈന് ലഭിച്ചിട്ടുണ്ട്. കോവിഡ് ഡയറി, ലോസ്റ്റ് വേൾഡ്സ് ഓഫ് മോംസ് എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Show Full Article
TAGS:localnews Kollam enviroment 
News Summary - Greenery of trees above Alain's house
Next Story