അനധികൃത കുടിയേറ്റം: ചവറയിൽ ബംഗ്ലാദേശ് ദമ്പതികൾ അറസ്റ്റിൽ
text_fieldsമെലൻ ഖാൻ, മുഗൾ ഖണ്ഡാൽ
ചവറ: അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് ചവറയിൽ താമസിച്ചുവന്ന ബംഗ്ലാദേശ് സ്വദേശികളായ ദമ്പതികളെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ബഗർഹട്ട് ജില്ലയിൽ ഗുൽഷാ ഗലി വാർഡ് നാല് സ്വദേശിയായ മെലൻ ഖാൻ (47), ഭാര്യ മുഗൾ ഖണ്ഡാൽ (42) എന്നിവരെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് കമീഷണർ എം. ഹേമലതക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പാസ്‌പോർട്ട്, വിസ എന്നിവ ഉൾപ്പെടെ നിയമാനുസൃത യാത്രാരേഖകളോ ഇന്ത്യയിൽ താമസിക്കാനുള്ള അനുമതിപത്രമോ പ്രതികൾക്കില്ലെന്ന് കണ്ടെത്തുകയായിരുന്നു.
ഇരുവരും വർഷങ്ങളായി ഇന്ത്യയിൽ പല സ്ഥലങ്ങളിൽ മാറിമാറി താമസിച്ച് ആക്രിപെറുക്കി ജീവിച്ചുവരികയായിരുന്നു.10 വർഷം മുമ്പ് കേരളത്തിൽ എത്തിയ ഇവർ ഏഴുവർഷം ചാലക്കുടിയിലും തുടർന്നുള്ള മൂന്നുവർഷമായി കരുനാഗപ്പള്ളിയിലും ചവറയിലും മാറിമാറിത്താമസിച്ചു. ചവറ പൊലീസ് ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിദേശ പൗരന്മാർ നിയമാനുസൃത രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നതും വ്യാജ തിരിച്ചറിയൽ രേഖകൾ നിർമിക്കുന്നതും ഗുരുതര കുറ്റകൃത്യമാണ്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്താനും തടയാനുമായി പരിശോധനകൾ തുടരുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.


