10 വയസ്സുകാരന് പൊള്ളലേറ്റ സംഭവത്തിൽ ദുരൂഹത
text_fieldsമൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കുട്ടിയുടെ വീട് സന്ദർശിക്കുന്നു
ശാസ്താംകോട്ട: മൈനാഗപ്പള്ളിയിൽ പത്തുവയസ്സുകാരന് പൊള്ളലേറ്റ സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. പിതാവാണ് പൊള്ളിച്ചതെന്ന് കുട്ടി ഡോക്ടർക്ക് മൊഴി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. എന്നാൽ, കുട്ടിയുടെ ദേഹത്ത് അബദ്ധത്തിൽ കഞ്ഞിവെള്ളം വീണതാണെന്ന ബന്ധുക്കളുടെ മൊഴിയും പിതാവുമായി ബന്ധപ്പെട്ട കുടുംബസാഹചര്യവും സംഭവത്തിൽ ദുരൂഹത കൂട്ടുന്നു. കുട്ടിയുടെ പിതാവ് ദീർഘകാലമായി ഭാര്യയുമായി പിരിഞ്ഞ് പട്ടാഴിയിലെ വീട്ടിലാണ് താമസമെന്ന് ബന്ധുക്കൾ പറയുന്നത്.
ഞായറാഴ്ചയാണ് മൈനാഗപ്പള്ളി സ്വദേശിയായ പത്തുവയസ്സുകാരന് പൊള്ളലേറ്റത്. പുറത്തും കാലിലുമടക്കം ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതര പൊള്ളലേറ്റു. തുടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ജില്ല ആശുപത്രിയിലേക്ക് വിട്ടു. അവിടുന്ന് മരുന്ന് വെച്ച് വീട്ടിൽ വന്നെങ്കിലും കഴിഞ്ഞദിവസം രാത്രി പനി കൂടിയതോടെ വീണ്ടും ജില്ല ആശുപത്രിയിലെത്തിച്ചു. ഇവിടെ വെച്ച് പരിക്കുകളിൽ സംശയം തോന്നിയ ഡ്യൂട്ടി ഡോക്ടർ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. അച്ഛനാണ് തന്നെ പൊള്ളിച്ചതെന്ന് കുട്ടി ഡോക്ടറോട് പറഞ്ഞു. ഡോക്ടർ പൊലീസിനെയും ചൈൽഡ് വെൽഫയർ അധികൃതരെയും വിവരം അറിയിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, കുട്ടിയുടെ മൊഴിയും ഡോക്ടറുടെ സംശയങ്ങളും ബന്ധുക്കൾ നിഷേധിച്ചു. അബദ്ധത്തിൽ ചൂടുകഞ്ഞിവെള്ളം ദേഹത്ത് വീണാണ് അപകടം ഉണ്ടായതെന്നുമാണ് ഇവർ പറയുന്നത്. പിതാവ് സമീപകാലത്തൊന്നും മൈനാഗപ്പള്ളിയിൽ എത്തിയിട്ടില്ലെന്ന് പ്രദേശവാസികളും പറയുന്നു. അമിതമായ വികൃതി കാട്ടുന്ന കുട്ടി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള സ്കൂളിലാണ് പഠിക്കുന്നത്. ഞായറാഴ്ച സമീപവീട്ടിലെ സൈക്കിൾ കുഴിലേക്ക് തള്ളിയിട്ടെന്ന പരാതിയിൽ മുത്തച്ഛനും അമ്മയും കുട്ടിയെ വഴക്കുപറഞ്ഞു. തുടർന്ന് വീടിനകത്തേക്ക് പോയ കുട്ടിയുടെ കരച്ചിൽ കേട്ടാണ് മുറ്റത്തുനിന്ന മുത്തച്ഛനും അമ്മയും ഓടിച്ചെന്നത്. ആ സമയം അടുപ്പിലിരുന്ന കഞ്ഞിക്കലം മറിഞ്ഞ് കുട്ടിയുടെ ദേഹത്തേക്ക് വീണ നിലയിലായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. ശാസ്താംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.


