സംസ്ഥാന സീനിയർ അത്ലറ്റിക്സ്; കൊല്ലം അഞ്ചാം സ്ഥാനത്ത്
text_fieldsകൊല്ലം: സംസ്ഥാന സീനിയർ അത്ലറ്റിക് മീറ്റിൽ പുരുഷ-വനിത വിഭാഗങ്ങളിൽ 85 പോയന്റുമായി ഓവറോൾ വിഭാഗത്തിൽ ആതിഥേയരായ കൊല്ലം അഞ്ചാംസ്ഥാനത്തെത്തി. ഡെക്കാത്ലണിൽ കൊല്ലത്തിെന്റ ഗോകുൽ 6617 പോയന്റോടെ മീറ്റ് റെക്കോഡ് കുറിച്ചു.1500ൽ റെക്കോഡുമായി സ്വർണം നേടിയ പാലക്കാടിന്റെ എം.ബി. നബീൽ സാഹി 5000 മീറ്ററിലും സ്വർണം നേടിയപ്പോൾ തകർന്നത് അരനൂറ്റാണ്ട് പിന്നിട്ട ചരിത്രമാണ്. കോഴിക്കോടിന്റെ പ്രതിഭ വർഗീസ് വെള്ളിയും എറണാകുളത്തിന്റെ ആൻ റോസ് ടോമി വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ 800 മീറ്ററിൽ തിരുവനന്തപുരത്തിന്റെ പ്രിസ്കില്ല ദാനിയേലിനാണ് സ്വർണം. പാലക്കാടിന്റെ സ്റ്റെഫി സാറാ കോശിക്ക് വെള്ളിയും കോട്ടയത്തിന്റെ ടിൽന ടോമിക്ക് വെങ്കലവും നേടി. ഹൈജംപിൽ തിരുവനന്തപുരത്തിന്റെ ആതിര സോമരാജിന് സ്വർണം. തിരുവനന്തപുരത്തിന്റെ എൻ. നജക്കാണ് വെള്ളിയും. എറണാകുളത്തിനായി ഇറങ്ങിയ കെ. അഖിലമോൾക്ക് വെങ്കലം സ്വന്തമായി. ദീർഘദൂര ഓട്ടക്കാരനായ എം.ബി. നബീൽസാഹിക്കുപുറമേ ജി.കെ. ജിഷ്ണുപ്രസാദ് (100, 200 മീറ്റർ), എം.വി. ജില്‍ന (100, 200 മീറ്റർ), റീബ അന്നാ ജോർജ് (5000, 10000 മീറ്റർ) എന്നിവരും ഇരട്ട സ്വർണം സ്വന്തമാക്കി. വനിതാവിഭാഗം 5000 മീറ്ററിൽ സ്വന്തം മീറ്റ് റെക്കോഡ് പാലക്കാടിന്റെ റീബ അന്ന ജോര്‍ജ് തിരുത്തി. 2023ൽ സൃഷ്ടിച്ച 17 മിനിറ്റ് 52.56 സെക്കൻഡ് ആണ് മൂന്നുവർഷത്തിന് ശേഷം 17 മിനിറ്റ് 32.00 സെക്കന്‍ഡായി തിരുത്തിയത്. ഇതേ ഇനത്തിൽ വെള്ളി നേടിയ പാലക്കാടിന്റെ വി. രഞ്ജിതയും (17 മിനിറ്റ് 41.04 സെക്കൻഡ്) മീറ്റ് റെക്കോർഡ് മറികടന്നു. ആദ്യദിവസം നടന്ന 10000 മീറ്ററിലും റീബ സ്വർണം നേടി.
ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡന്റ് എക്സ്. ഏണസ്റ്റ് വിജയികളായ പാലക്കാട് ജില്ല ടീമിന് ട്രോഫി കൈമാറി. പുരുഷവിഭാഗത്തിൽ ഓവറോൾ നേടിയ പാലക്കാട് ജില്ലക്കും വനിതവിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായ എറണാകുളം ജില്ലക്കുമുള്ള ട്രോഫിയും ചടങ്ങിൽ സമ്മാനിച്ചു.


