എം.സി റോഡിലെ വെള്ളക്കെട്ട്; യാത്രക്കാർ ദുരിതത്തിൽ
text_fieldsഎം.സി റോഡിൽ വാഴോട് ഭാഗത്തെ വെള്ളക്കെട്ട്
ചടയമംഗലം: മഴ ശക്തമായതോടെ അപകടം നിറഞ്ഞ് എം.സി റോഡിലെ യാത്ര. റോഡിൽ വിവിധ ഇടങ്ങളിലെ വെള്ളക്കെട്ടാണ് യാത്രക്കാർക്ക് ദുരിതമാകുന്നത്. എം.സി റോഡിൽ നിലമേൽ വാഴോട് ജങ്ഷനിലാണ് ഇപ്പോൾ വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. അശാസ്ത്രീയ ഓട നിർമാണമാണ് പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. എം.സി റോഡ് നവീകരണത്തിന് ശേഷം വാഴോട് ഭാഗത്ത് വെള്ളം ഒഴുകിപ്പോകാനുള്ള ഓടകൾ കൃത്യമായ ആസൂത്രണമില്ലാതെ നിർമിച്ചതായാണ് നാട്ടുകാരുടെ ആരോപണം. വെള്ളം ഒഴുകിപ്പോകാനാവാതെയും റോഡിനെക്കാൾ താഴ്ന്ന നിലയിലുമുള്ള ഓടകൾ പലയിടങ്ങളിലും പരസ്പരം ബന്ധിപ്പിച്ചിട്ടുമില്ല. ഇത് ചെറിയ മഴയിൽപോലും എം.സി റോഡിലെ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാക്കുന്നു. നിലമേൽ ജങ്ഷനനിലും ഇതാണവസ്ഥ.
മഴ ശക്തമായതോടെ വാഴോട് ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായതോടെ ഇരുചക്രവാഹനങ്ങളും ഓട്ടോകളും വെള്ളത്തിൽ മുങ്ങി എഞ്ചിൻ ഓഫാകുന്ന അവസ്ഥയാണ്. കാൽനടക്കാർക്ക് കടന്നുപോകാൻ പോലും കഴിയാത്ത നിലയിലാണ്. വെള്ളക്കെട്ട് രൂക്ഷമായതോടെ എം.സി റോഡിൽ വാഴോട് ഭാഗത്ത് കിലോമീറ്ററോളം നീളുന്ന വലിയ ഗതാഗതക്കുരുക്കാണ്. റോഡ് പൂർണമായും വെള്ളക്കെട്ടായതോടെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ സമീപത്തെ കടകളിലേക്ക് വെള്ളം അടിച്ചുകയറുന്നു. പലപ്പോഴായി പി.ഡബ്ല്യു.ഡി അധികൃതർക്കും കെ.എസ്.ഡി.പി അധികൃതർക്കും നാട്ടുകാർ പരാതി നൽകിയെങ്കിലും വെള്ളക്കെട്ടിന് ഇതുവരെയും പരിഹാരമായില്ല. എം.സി റോഡ് നാലുവരിയാക്കുന്നതിന്റെ ഭാഗമായി നിലമേലിൽ ബൈപാസ് നിർമാണവും പുതിയ ഓടയും പരിഗണനയിൽ ഉണ്ട്. ഇത് നടപ്പായാലേ വെള്ളക്കെട്ട് പൂർണമായും പരിഹരിക്കപ്പെടൂവെന്നാണ് അധികൃതർ പറയുന്നത്.


