ബസുകളെ സ്റ്റാൻഡിൽ കയറ്റാൻ ഒറ്റയാൾ സമരവുമായി ആലി
text_fieldsപ്രതിഷേധവുമായി കൊല്ലാരൻ ആലി
കാളികാവ്: കെട്ടിടാവശിഷ്ടങ്ങളും മാലിന്യവും നിറഞ്ഞ കാളികാവ് അങ്ങാടി ബസ് സ്റ്റാൻഡിന് ശാപമോക്ഷം തേടി ഒറ്റയാൾ സമരവുമായി കൊല്ലാരൻ ആലി. സ്റ്റാൻഡിനുള്ളിൽ ഒരു ഭാഗത്ത് പഴയ കംഫർട്ട് സ്റ്റേഷന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. കൂടാതെ മാലിന്യക്കൂമ്പാരവുമുണ്ട്. അതിനാൽ സ്റ്റാൻഡിനകത്ത് മിക്ക ബസുകളും കയറുന്നില്ലെന്ന് ആലി പറയുന്നു. ഇത് യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്.
ചന്തപ്പുര നിന്നിരുന്ന സ്ഥലം 2000ൽ ബസ് സ്റ്റാൻഡ് ആക്കി മാറ്റാൻ ജനകീയ ഐക്യവേദി നടത്തിയ സമരത്തിനുമുന്നിൽ നിന്ന ആളുകളിലൊരാളാണ് ആലി. സ്റ്റാൻഡ് സ്ഥാപിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അപൂർവം ചില ബസുകൾ മാത്രമാണ് ഇപ്പോഴും സ്റ്റാൻഡിനുള്ളിൽ കയറുന്നത്. മാലിന്യ തള്ളൽ കൂടിയായപ്പോൾ സ്റ്റാൻഡിനകത്ത് ബസുകൾക്ക് തിരിക്കാനും പ്രയാസമാണ്.
കരുവാരകുണ്ട്-പൂക്കോട്ടുംപാടം റൂട്ടിലെ ബസുകൾ അങ്ങാടി ബസ് സ്റ്റാൻഡിൽ കയറുന്നേയില്ല. ഇതിനെതിരെ നാട്ടുകാർ പാസഞ്ചേഴ്സ് അസോസിയേഷനുണ്ടാക്കി സമരം നടത്തിയെങ്കിലും ഫലവുമുണ്ടായില്ല. നെഞ്ചിൽ ഫ്ലക്സ് ബോർഡ് തൂക്കി സ്വന്തമായി അനൗൺസ് ചെയ്ത് കാളികാവ് അങ്ങാടിയിൽ ആലി നടത്തിയ പ്രതിഷേധം ശ്രദ്ധപിടിച്ചുപറ്റി.


