അടക്കാകുണ്ടിലെ കടുവയെ കുടുക്കാനായില്ല, കൂട് മാറ്റി സ്ഥാപിക്കണം -കർഷകർ
text_fieldsഎഴുപതേക്കറിൽ റൂഹാ എസ്റ്റേറ്റിൽ കടുവക്കായി സ്ഥാപിച്ച കൂട്
കാളികാവ്: അടക്കാകുണ്ട് എഴുപതേക്കർ ഭാഗത്ത് പശുവിനെ കടിച്ചുകൊന്ന കടുവയെ കെണിയിലാക്കാനുള്ള വനംവകുപ്പ് ശ്രമം വിജയിച്ചില്ല. കടുവ സാന്നിധ്യം ഉണ്ടായിട്ടും കെണിയിൽ കുടുങ്ങാത്ത സാഹചര്യത്തിൽ ഇപ്പോൾ വെച്ച സ്ഥലത്തുനിന്ന് കൂട് മാറ്റി സ്ഥാപിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. എസ്റ്റേറ്റിൽ സ്ഥലം മാറ്റി വനാതിർത്തിയോട് ചേർന്ന ഭാഗത്ത് കെണി വെച്ചാൽ കടുവ കുടുങ്ങാൻ സാധ്യതയുണ്ടെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞ ആഗസ്റ്റ് 19നാണ് റൂഹാ എസ്റ്റേറ്റിലെ വളർത്തു പശുവിനെ കടുവ പിടിച്ചത്.
എസ്റ്റേറ്റിലെ തൊഴുത്തിൽ കെട്ടിയിട്ട നാല് പശുക്കളിൽ ഒന്നിനെയാണ് കടുവ കടിച്ച് കൊന്നത്. മേയ് 15ന് കടുവ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ റാവുത്തൻ കാടിന്റേയും, പുല്ലങ്കോട് എസ്റ്റേറ്റിൽ പശുവിനെ കടിച്ചു എന്ന് പറയപ്പെടുന്നതിന്റെയും സമീപ പ്രദേശത്താണ് കടുവ എത്തി പശുവിനെ കടിച്ച് കൊന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് കെണി സ്ഥാപിക്കുകയായിരുന്നു. കടുവക്കായി സ്ഥാപിച്ച കെണിയിൽ ഇരയായി ആടിനെ വെച്ചിട്ടുണ്ട്. നിരീക്ഷിക്കാൻ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെത്തി കെണിയിലെ ആടിന് തീറ്റ കൊടുത്ത് മടങ്ങുകയല്ലാതെ മറ്റ് പുരോഗതിയില്ല.


