റാവുത്തൻകാട്ടിൽ വീണ്ടും കടുവ
text_fieldsകാളികാവ്: ഒരിടവേളക്ക് ശേഷം റാവുത്തൻകാട്ടിൽ വീണ്ടും കടുവ സാന്നിധ്യം. റബർ തോട്ടത്തിലാണ് കടുവയെ കണ്ടത്. അടക്കാകുണ്ട് എഴുപതേക്കർ ഭാഗത്ത് പശുവിനെ കടിച്ച് കൊന്ന കടുവയെ കെണിയിലാക്കാനുള്ള വനം വകുപ്പ് ശ്രമം എങ്ങുമെത്താതിരിക്കുന്നതിനിടയിലാണ് വീണ്ടും ആശങ്കയുയർത്തി കടുവ സാന്നിധ്യം.
കഴിഞ്ഞ ദിവസം റബർതോട്ടത്തിലെത്തിയ കർഷകരാണ് പന്നിയെ ഓടിക്കുന്ന കടുവയെ കണ്ടത്. കഴിഞ്ഞ മേയ് 15നാണ് റാവുത്തൻകാട്ടിൽ ടാപ്പിങ് തൊഴിലാളിയെ കടുവ പിടിച്ചത്. തുടർന്ന് കരുവാരകുണ്ട് പഞ്ചായത്തിൽ രണ്ടിടങ്ങളിൽനിന്ന് ഒരു കടുവയെയും പുലിയെയും വനംവകുപ്പ് കെണി വെച്ച് പിടികൂടിയിരുന്നു.
ഇതിനു ശേഷം രണ്ട് മാസം മുമ്പ് എഴുപതേക്കറിനടുത്ത് അമ്പതേക്കറിൽ കടുവ പശുവിനെ പിടികൂടിയിരുന്നു. തുടർന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് കെണി സ്ഥാപിച്ചു. കടുവക്കായി സ്ഥാപിച്ച കെണിയിൽ ഇരയായി ആടിനെ വെച്ചിട്ടുണ്ട്. നിരീക്ഷിക്കാൻ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.


