Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിങ്ങളിത് കാണുക,...

നിങ്ങളിത് കാണുക, മലപ്പുറം ഇനി ഒരു പന്തിന് പിറകെ...

text_fields
bookmark_border
നിങ്ങളിത് കാണുക, മലപ്പുറം ഇനി ഒരു പന്തിന് പിറകെ...
cancel
camera_alt

പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ൽ ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച ക​ലാ​രൂ​പം, ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​നെ വ​ര​വേ​ൽ​ക്കാ​ൻ അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​ർ കാ​ളി​കാ​വി​ൽ സ്ഥാ​പി​ച്ച ഫ്ല​ക്സ് ബോ​ർ​ഡ്

മലപ്പുറം: ഭൂഗോളം ഒരു തുകൽപന്തിലേക്ക് ചുരുങ്ങാൻ ഇനി 19 ദിവസം മാത്രം. പതിനായിരത്തിലേറെ മൈലുകൾക്കപ്പുറം നടക്കുന്ന ഫുട്ബാൾ ലോകകപ്പിനെ ആരവങ്ങളും വുവുസേലയുടെ താളങ്ങളുമായി വരവേൽക്കാൻ ‘കാൽപന്തിന്‍റെ മെക്ക’ ഒരുങ്ങി. ജില്ലയിലെ ഓരോ കവലകളും അങ്ങാടികളും റൊസാരിയോയും ബ്വേനസ് ഐറിസും മാറക്കാനയുമൊക്കെയായി മാറുന്ന പകലിരവുകളാണ് വരുന്നത്. ജൂൺ 12ന് പുലർച്ചെ ഇന്ത്യൻ സമയം 12.30ന് റഫറി ഫസ്റ്റ് വിസിൽ മുഴങ്ങുമ്പോൾ 16,600 കിലോമീറ്റർ അകലെ മെക്സിക്കോ സിറ്റിയിലെ ആസ്‌ടെക്ക സ്റ്റേഡിയത്തിലെ പതിനായിരങ്ങൾക്കൊപ്പം ഇങ്ങ് മലപ്പുറത്തും ആവേശം മുഴങ്ങും. ഇഷ്ടടീമുകളുടെ ജഴ്സിയണിഞ്ഞ് എൽ.ഇ.ഡി വാളുകൾക്കും ബിഗ് സ്ക്രീനുകൾക്കും മുന്നിലിരുന്ന് കാൽപന്തിന്‍റെ വിശ്വമാമാങ്കം കാണാൻ കാത്തിരിക്കുകയാണ് ജില്ലയിലെ ലക്ഷക്കണക്കിന് ഫുട്ബാൾ ആരാധകർ. ഇൻസ്റ്റഗ്രാം റീലുകളും വാട്സ്ആപ് ഗ്രൂപ്പുകളിലെ ഫാൻ ഫൈറ്റുമൊക്കെയായി കളം നിറയുകയാണ് ആരാധകർ.

ഉയർന്നു, കൂറ്റൻ ഫ്ലക്സുകൾ

‘‘ഉസ്താദ് എന്ത് പറഞ്ഞാലും കപ്പ് അർജന്‍റീന കൊണ്ടുപോകും’’ -ചെറുപ്പക്കാരിലെ അമിത ഫുട്ബാൾ ഭ്രമത്തിനെതിരെ പ്രതികരിച്ച മതപ്രഭാഷകന്‍റെ പ്രസംഗത്തോട് ആരാധകർ ഇങ്ങനെ പ്രതികരിച്ച് എന്നൊരു കഥയുണ്ട് മലപ്പുറത്ത്. അതിലെ വസ്തുത എന്തുതന്നെയായാലും ജില്ലയിലെ ഫുട്ബാൾ ആവേശം കൊടുമുടി കയറുന്ന നാളുകളാണ് നാല് വർഷത്തിലൊരിക്കൽ വരുന്ന ലോകകപ്പ് കാലം. ഇഷ്ടടീമിന്‍റെ മികവുകളും എതിർ ടീമിനും ആരാധകർക്കുമുള്ള വെല്ലുവിളികളും എഴുതിച്ചേർത്ത ഫ്ലക്സ് ബോർഡുകൾ വിവിധ ഇടങ്ങളിൽ ഉയർന്നു.

ഇഷ്ടതാരത്തിന്‍റെ കൂറ്റൻ കട്ടൗട്ടുകൾ ഉയർത്താനുള്ള ഒരുക്കത്തിലാണ് വിവിധ ടീമുകളുടെ ആരാധകർ. അർജന്‍റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി, പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രസീൽ സൂപ്പർ താരം നെയ്മർ എന്നിവർക്ക് പുറമെ ഫ്രാൻസിന്‍റെ മിന്നും താരം കിലിയൻ എംബാപ്പെയുടെയും കൂറ്റൻ കട്ടൗട്ടുകൾ തെരുവുകളിൽ ഉയരും. റോഡിന് കുറുകെ ഇഷ്ടരാജ്യങ്ങളുടെ പതാകകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച് തുടങ്ങി. ഇതിനായുള്ള ഫണ്ട് പിരിവുകൾ തുടങ്ങി. തങ്ങളുടെ വിഹിതം ഒട്ടും കുറയാതെ നാട്ടിലേക്ക് അയച്ച് പ്രവാസികളായ ആരാധകരും ഈ ആഘോഷത്തിന്‍റെ ഭാഗമാകും.

അർജന്‍റീനയല്ലാതെ മറ്റാര്?

ഈ ലോകകപ്പിൽ അർജന്‍റീനക്ക് ‘തുടർ ഭരണം’ ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ. 2021ൽ കോപ അമേരിക്കയും 2022ൽ ഫൈനലിസിമയും ലോകകപ്പും 2024ൽ കോപ അമേരിക്കയും തൂക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് അർജന്‍റീന ടീമും ആരാധകരും. ‘കളർ ടി.വി വന്ന ശേഷം നിങ്ങളുടെ ടീം ലോകകപ്പ് എടുത്തിട്ടുണ്ടോ’ എന്ന് ചോദിച്ചവരുടെ വായടപ്പിച്ചാണ് നാല് വർഷം മുമ്പ് അത്തറിന്‍റെ മണമുള്ള ഖത്തറിൽ മെസ്സിയും സംഘവും കപ്പെടുത്തതെന്നും ബ്രസീൽ ഫാൻസ് തൽക്കാലം മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും അർജന്‍റീന ആരാധകർ പറയുന്നു. ഉപ്പൂപ്പായുടെ കാലത്ത് കപ്പെടുത്ത പഴങ്കഥ നിങ്ങൾ എത്ര കാലം പറയുമെന്നും അവർ ബ്രസീൽ ആരാധകരെ പരിഹസിക്കുന്നു.

ലോകം ജയിക്കും, ബ്രസീൽ നയിക്കും

പ്രതിഭകളേറെയുള്ള ടീമാണ് തങ്ങളുടേതെന്നും ഇത്തവണ കപ്പ് ബ്രസീൽ കൊണ്ടുപോകുമെന്നും ആരാധകർ തറപ്പിച്ച് പറയുന്നു. ഏറ്റവും കൂടുതൽ ലോകകപ്പ് എടുത്തത് ഞങ്ങളാണെന്നും മറ്റുള്ളവർക്ക് ഞങ്ങളെ വെല്ലുവിളിക്കാൻ അവകാശമില്ലെന്നും ബ്രസീൽ ആരാധകർ അൽപം അഹങ്കാരത്തോടെ തന്നെ പറയുന്നു. അഞ്ചിന്‍റെ മൊഞ്ചുള്ള ബ്രസീലിനോട് മുട്ടാൻ അർജന്‍റീനയായിട്ടില്ലെന്നാണ് ആരാധക പക്ഷം. ആശങ്കകൾ അസ്ഥാനത്താക്കി സൂപ്പർ താരം നെയ്മർ ജൂനിയർ ടീമിലെത്തിയതോടെ ആരാധകർ ആവേശക്കൊടുമുടിയിലാണ്. പരിക്ക് മൂലം താരം ടീമിൽ ഇടംപിടിക്കുമോ എന്ന ആശങ്കയിലായിരുന്നു ഫുട്ബാൾ ലോകം. സുൽത്താന്‍റെ കളിമികവിൽ ഇത്തവണ ആറാം കിരീടം ചൂടി ബ്രസീൽ ആറാം തമ്പുരാനാകുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.

കപ്പ് റൊണാൾഡോക്ക് തന്നെ

പ്രായമൊക്കെ വെറും അക്കമല്ലേ എന്ന് തെളിയിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗൽ ടീം ഇത്തവണ കന്നക്കിരീടം ചൂടുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. തന്‍റെ അവസാന ലോകകപ്പിൽ കിരീടം ചൂടിയായിരിക്കും ഇതിഹാസ താരം അമേരിക്കയിൽനിന്ന് മടങ്ങുകയെന്നും മറ്റ് ടീമുകളുടെ ആരാധകർ ശാന്തരാകൂവെന്നുമാണ് പോർച്ചുഗൽ ആരാധകർ പറയുന്നത്.

മനം കവരാൻ എംബാപ്പെ

2018 ലോകകപ്പിൽ മുത്തമിടുകയും 2022ൽ ഫൈനലിൽ കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടമാകുകയും ചെയ്ത എംബാപ്പെയും പിള്ളേരും ഇത്തവണ കപ്പെടുത്ത് ലോകത്തിന്‍റെ ‘മനം കവരു’മെന്നാണ് ഫ്രാൻസ് ആരാധകരുടെ അവകാശവാദം. മികച്ച ഒത്തിണക്കമുള്ള ടീമായി എത്തുന്ന ഫ്രാൻസ് ഇത്തവണ മറ്റു ടീമുകളുടെ പേടിസ്വപ്നമാണെന്നും ആരാധകർ പറയുന്നു. 2022ൽ ഖത്തർ ലോകകപ്പ് ഫൈനലിൽ ഗോൾ സ്കോർ ചെയ്തും മികച്ച പ്രകടനം കാഴ്ചവെച്ചും ‘മനം കവർന്ന’ എംബാപ്പെ മാജിക് അമേരിക്കയിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതോടൊപ്പം സ്പെയിൻ, ഇംഗ്ലണ്ട്, ജർമനി, ബെൽജിയം, ഉറുഗ്വ, നെതർലൻഡ്സ്, ക്രൊയേഷ്യ, സ്വിറ്റ്സർലാൻഡ്, ജപ്പാൻ, സ്വീഡൻ, സെനഗാൾ തുടങ്ങിയ ടീമുകളുടെ ആരാധകരും ചേരുന്നതോടെ ഫാൻ പോര് മുറുകും.

ആവേശത്തിലേക്ക് മലപ്പുറം നഗരസഭയും

പ്ലാസ്റ്റിക് മുക്ത സന്ദേശവുമായി മലപ്പുറത്തിന്‍റെ ലോകകപ്പ് ആവേശത്തെ നെഞ്ചിലേറ്റി മലപ്പുറം നഗരസഭയും. കുന്നുമ്മലിലെ ഡിവൈഡറിൽ, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾകൊണ്ട് ബൈസിക്കിൾ കിക്കെടുക്കുന്ന ബൂട്ടണിഞ്ഞ കാലും പന്തും നിർമിച്ചാണ് നഗരസഭ ഫുട്ബാൾ ആവേശത്തിന്‍റെ ഭാഗമായത്. മനോഹരമായ ഈ കലാരൂപത്തെ കാൽപന്ത് ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. നഗരസഭയിലെ 40 വാർഡുകളിൽനിന്ന് ഹരിത കർമസേന ശേഖരിച്ച ആറായിരത്തിലധികം പ്ലാസ്റ്റിക് കുപ്പികളും 73 കിലോ കമ്പിയും ഉപയോഗിച്ച് നിർമിച്ച ഈ കലാരൂപം കുന്നുമ്മലിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച വലിയ ഫുട്ബാൾ രൂപത്തിന് സമീപമാണ് സ്ഥാപിച്ചിട്ടുള്ളത്.

Show Full Article
TAGS:FIFA World Cup 2026 Football News Malappuram football fans 
News Summary - Look at this, Malappuram is now behind by one ball...
Next Story