കച്ചവടം ചെയ്ത് പാലിയേറ്റിവിന് ഓക്സിജൻ സിലിണ്ടർ റെഗുലേറ്റർ നൽകി വിദ്യാർഥികൾ
text_fieldsഅലനല്ലൂർ: പാലിയേറ്റിവ് കെയർ യൂനിറ്റിന് ഓക്സിജൻ സിലിണ്ടർ റെഗുലേറ്റർ സമ്മാനിച്ച് അലനല്ലൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.ഇ നാഷനൽ സർവീസ് സ്കീം വിദ്യാർഥികൾ.
സ്കൂളിൽ മൂന്ന് ദിവസങ്ങളിലായി നടന്ന മണ്ണാർക്കാട് ഉപജില്ല സ്കൂൾ ഒളിമ്പിക്സിലെ ഫുഡ് കോർണറിൽ, വീടുകളിൽനിന്ന് ഉണ്ടാക്കി കൊണ്ടുവന്ന മായമില്ലാത്ത നാടൻ പലഹാരങ്ങൾ വിറ്റ് ലഭിച്ച തുക ഉപയോഗിച്ചാണ് വിദ്യാർഥികൾ ഓക്സിജൻ സിലിണ്ടർ റെഗുലേറ്റർ വാങ്ങിയത്.
സ്കൂളിൽ നടന്ന ചടങ്ങിൽ പാലിയേറ്റിവ് കെയർ ജനറൽ സെക്രട്ടറി കെ.പി. അഷ്റഫ് ഓക്സിജൻ സിലിണ്ടർ റെഗുലേറ്റർ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ പി.കെ. ഉഷ, എൻ.എസ്.എസ് കോഓഡിനേറ്റർ എൻ. ഷാജി, അധ്യാപകരായ എം. സജ്ന, വി.ആർ. രതീഷ്, ടി. ഷംന, കെ. സൗമ്യ, കെ. പ്രകാശ്, വിദ്യാർഥികളായ പി. അഭിനന്ദ്, ടി. നിഹാൽ അഹമ്മദ്, എ. അനാം മുഹമ്മദ്, പി. അഷിൽ, സി.പി. സിയാൻ, പി.കെ. ഫിദാൻ, സി. മുഹമ്മദ് ലിയാൻ എന്നിവർ സംബന്ധിച്ചു.


