തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിൽ ഒറ്റദിവസം 43 പന്നികളെ വെടിവെച്ചുകൊന്നു
text_fieldsപ്രതീകാത്മക ചിത്രം
പട്ടാമ്പി: തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിൽ അംഗീകൃത ലൈസൻസ് ഉള്ള ഷൂട്ടർമാരെ ഉപയോഗിച്ച് ഇന്നലെ പകലും രാത്രിയുമായി നടത്തിയ പന്നിവേട്ടയിൽ 43 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കൃഷിനാശം വരുത്തുന്ന പന്നികളെ വെടിവെച്ചു കൊല്ലുന്നതിന് തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണിത്.
സമാനമായ രീതിയിൽ കഴിഞ്ഞ ആഴ്ച നടത്തിയ പന്നി വേട്ടയിൽ 13 പന്നികളെ വെടിവെച്ചുകൊന്നിരുന്നു. പന്നിവേട്ടക്കായി പ്രത്യേക പദ്ധതി തയാറാക്കുകയും ഇതിന്റെ മേൽനോട്ടങ്ങൾക്കായി സ്പെഷൽ ഓഫിസറെ ഗ്രാമപഞ്ചായത്ത് നിയമിക്കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലും ഇതേ രീതിയിൽ പന്നി വേട്ട തുടരുമെന്നും പൊതു ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയായ മുഴുവൻ പന്നികളെയും തുരത്തുന്നത് വരെ പന്നിവേട്ട തുടരുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.എ. അസീസ് അറിയിച്ചു.


