തിരുവേഗപ്പുറ പാലം; വലിയ വാഹനങ്ങൾക്ക് പൂർണ നിരോധനം
text_fieldsതിരുവേഗപ്പുറ പാലത്തിനു മുകളിൽ ഗതാഗത നിയന്ത്രണം സൂചിപ്പിച്ച് ബോർഡ് വെച്ചിരിക്കുന്നു
പട്ടാമ്പി: വിള്ളൽ കാണപ്പെട്ട തിരുവേഗപ്പുറ പാലത്തിലൂടെയുള്ള ഗതാഗതത്തിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച രാത്രി മുതൽ വലിയ വാഹനങ്ങൾ പൂർണമായും നിരോധിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിൽ ചെറുവാഹനങ്ങൾക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തി.
രണ്ടു മീറ്റർ ഉയരത്തിലുള്ള വാഹനങ്ങൾ മാത്രമെ ക്രോസ് ബാർ വെച്ച് കടത്തിവിടുകയുള്ളു. ആംബുലൻസ്, ഫയർഫോഴ്സ് എന്നീ വാഹനങ്ങൾക്ക് നിബന്ധനകൾ ബാധകമാവില്ല. ബസുകൾ പാലം വരെ സർവിസ് നടത്തും. കൊപ്പം ഭാഗത്തുനിന്നുള്ള വലിയ വാഹനങ്ങൾ നടുവട്ടത്തുനിന്ന് മൂർക്കനാട് വഴി തിരിച്ചു വിട്ടു.
കാൽനടയാത്രക്കാർക്ക് പ്രത്യേക സൗകര്യം ഒരുക്കും. സുരക്ഷ അതോറിറ്റി അടിയന്തരമായി സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ ത്വരിതഗതിയിൽ സ്വീകരിക്കും. കൊടുമുടിയിൽ ചേർന്ന യോഗത്തിൽ പുതിയ പാലത്തിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കും. ജനപ്രതിനിധികൾ, പൊതുമരാമത്ത്, റവന്യു, പൊലീസ്, ഉദ്യോഗസ്ഥർ, ബസ് ഓണേഴ്സ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


