പന്തളം 11ാം ഡിവിഷനിൽ യമണ്ടൻ പോരാട്ടം
text_fieldsശ്രീലേഖ.ആര്, എ. നൗഷാദ് റാവുത്തർ, ഇ. ഫസിൽ
പന്തളം: നഗരസഭ 11ാം ഡിവിഷനിൽ യമണ്ടൻ പോരാട്ടം. പന്തളത്തെ രാഷ്ട്രീയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന പഴയ പോരാളികൾ ഏറ്റുമുട്ടുന്ന ഡിവിഷനിൽ മൽസരം ശ്രദ്ധേയമാകുകയാണ്. യു.ഡി.എഫ് മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ എ. നൗഷാദ് റാവുത്തർ ജനവിധി തേടുന്ന ഡിവിഷനിൽ അയൽവാസിയും ബന്ധുവുമായ സി.പി.എം മുൻ ഏരിയ സെക്രട്ടറി ഇ. ഫസിൽ ആണ് എൽ.ഡി.എഫ് സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റിബലും എസ്.ഡി.പി.ഐയും അടക്കം അഞ്ചുപേർ മത്സരരംഗത്ത് ഉണ്ടായിരുന്നു. മുസ്ലിം ഭൂരിപക്ഷ മേഖലയായ ഡിവിഷനിൽ ബി.ജെ.പി സ്ഥാനാർഥി ആർ. ശ്രീലേഖ 46 വോട്ടിന് ജയിക്കുകയും ചെയ്തു. ഡിവിഷനിൽ ബി.ജെ.പി വിജയിച്ചത് രാഷ്ട്രീയമായി എൽ.ഡി.എഫിനും യു.ഡി.എഫിനും തിരിച്ചടിയായി.
ഇക്കുറി ഡിവിഷൻ തിരിച്ചുപിടിക്കാൻ കരുത്തരായ രണ്ടു പേരെയാണ് ഇരുമുണണിയും കണ്ടെത്തിയത്. പന്തളം എൻ.എസ്.എസ് കോളജിൽ കെ.എസ്.യു രാഷ്ട്രീയത്തിലൂടെ കടന്നുവന്ന എ. നൗഷാദ് റാവുത്തർ കേരള യൂനിവേഴ്സിറ്റി യൂനിയൻ എക്സിക്യൂട്ടീവ് അംഗം, പന്തളം ബാസ്കറ്റ് ബാൾ ക്ലബ് പ്രസിഡൻറ്, എം.ഇ.ടി ചെയർമാൻ, വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല സെക്രട്ടറി താലൂക്ക് പ്രസിഡൻറ്, ട്രാവൻകൂർ മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറിയും മുൻ ഗ്രാമപഞ്ചായത്ത് അംഗവും മുൻ നഗരസഭ കൗൺസിലറുമാണ്. നിലവിൽ ഡി.സി.സി എക്സിക്യൂട്ടീവ് അംഗം. എൽ.ഡി.എഫ് സ്ഥാനാർഥിയായ ഇ. ഫസിൽ സി.പി.എം തോന്നലൂർ ബി ബ്രാഞ്ച് സെക്രട്ടറി, പന്തളം ലോക്കൽ സെക്രട്ടറി, പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സി.ഐ.ടി.യു പന്തളം മേഖല പ്രസിഡൻറും സി.പി.എം ഏരിയ സെന്റർ അംഗവും പന്തളം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറുമാണ്. മുൻ ഗ്രാമപഞ്ചായത്ത് അംഗമാണ്. പന്തളത്തെ എല്ലാ തെരഞ്ഞെടുപ്പിലും ജയപരാജയങ്ങൾ കണക്ക് കൂട്ടുന്നതിനു ചുക്കാൻ പിടിക്കുന്നവരാണ് ഇരുവരും. സിറ്റിങ് കൗൺസിലർ ശ്രീലേഖയാണ് ബി.ജെ.പി സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുന്നത്. ഇക്കുറി എസ്.ഡി.പി.ഐ ഇവിടെ മത്സരിക്കുന്നില്ല.


