സൗപർണികയിൽ അമ്മയും മകനും സ്ഥാനാർഥി
text_fieldsസുമിത് എം നായർ, സതി. എം. നായർ
പന്തളം: കൈപ്പുഴ സൗപർണിക വീട്ടിലെ അമ്മയും മകനും സ്ഥാനാർഥി കുപ്പായത്തിന്‍റെ തിളക്കത്തിൽ. കുളനട പഞ്ചായത്തിലെ കൈപ്പുഴ സൗപർണികയിൽ സതി എം. നായർ പന്തളം ബ്ലോക്ക് 11ാം ഡിവിഷനായ ഉള്ളന്നൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയാണ്. അതേ ഡിവിഷനിൽ കുളനട ഗ്രാമ പഞ്ചായത്ത് 17ാം വാർഡായ നെട്ടൂരിൽ മകൻ സുമിത് എം. നായർ ആണു യു.ഡി.എഫ് സ്ഥാനാർഥി.
ഇരുവരും രാവിലെ മുതൽ വോട്ട് തേടിയുള്ള തിരക്കിലാണ്. 2015ൽ കുളനട ഗ്രാമപഞ്ചായത്ത് 13ാം വാർഡിൽ ബി.ജെ.പിയിലെ സുജാദേവിയെ 13 വോട്ടിന് പരാജയപ്പെടുത്തി വിജയക്കൊടി ഉയർത്തിയിട്ടുണ്ട് സതി എം നായർ. മഹിളാ കോൺഗ്രസ് കുളനട മണ്ഡലം പ്രസിഡന്റായ സതി ആറന്മുള കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ഏക വനിത വൈസ് പ്രസിഡൻറാണ്.
കുളനട ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർപേഴ്സൺ ആണു സതി. അടൂർ മണക്കാല പോളിടെക്നിക്കിൽ കെ.എസ്.യുവിലൂടെയാണ് സുമിത് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റാണ്.


