കനത്ത മഴ; പാണാകേരി പാടശേഖരത്തിലെ വിത നശിച്ചു
text_fieldsകനത്ത മഴയിൽ കൃഷി നശിച്ച പാണാകേരി പാടശേഖരം
തിരുവല്ല: കനത്ത മഴയിൽ അപ്പർ കുട്ടനാട്ടിലെ മേപ്രാൽ പാണാകേരി പാടശേഖരത്തിൽ വിതച്ച നെൽ വിത്തുകൾ നശിച്ചു. രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടർന്നാണ് 150 ഏക്കറോളം വരുന്ന പാട ശേഖരത്തിൽ വിത്ത് വിതച്ച് നാമ്പെടുത്ത കൃഷി നശിച്ചത്. 20 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. നൂറോളം കർഷകർ ചേർന്ന കൂട്ടായ്മയിലാണ് 220 ഏക്കർ പാടശേഖരത്തിൽ കൃഷി നടത്തുന്നത്.
അപ്പർ കുട്ടനാട്ടിലെ വലിയ പാടശേഖരങ്ങളിൽ ഒന്നാണിത്. കഴിഞ്ഞ 11 ദിവസം കൊണ്ട് 150 ഏക്കറോളം ഭാഗത്ത് വിത്ത് വിതച്ചിരുന്നു. 120 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ജ്യോതി നെൽവിത്താണ് വിതച്ചത്. ശനിയാഴ്ച പെയ്ത മഴയിൽ പാട ശേഖരത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഈ വെള്ളം മോട്ടോറുകൾ ഉപയോഗിച്ച് വറ്റിക്കാൻ ശ്രമം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച ഉച്ച മുതൽ രാത്രി വരെ മഴ ശക്തി പ്രാപിച്ചത്. ഇതോടെ പാടശേഖരം പൂർണമായും വെള്ളത്തിൽ മുങ്ങി.
നിലവിൽ രണ്ടടിയോളം വെള്ളം കെട്ടിനിൽക്കുകയാണ്. കൂടുതൽ മോട്ടോർ എത്തിച്ചു വെള്ളം വറ്റിക്കാനാണു ശ്രമം. എന്നാൽ, മഴ തുടരുന്നതിനാൽ ഇത് ഫലപ്രദമാവില്ലെന്നാണ് ആശങ്ക. പണം കടം വാങ്ങിയും ഉള്ള പണം മുടക്കിയുമാണ് കർഷകസമിതി അംഗങ്ങൾ ഇക്കുറി കൃഷി ആരംഭിച്ചത്.
അതുകൊണ്ടുതന്നെ കൃഷിനാശം വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. പെരിങ്ങര പഞ്ചായത്തിൽ കൃഷി ഓഫീസർ ഇല്ലാത്തതും കർഷകരെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇങ്ങനെ വന്നാൽ കനത്ത നഷ്ടമാണ് കൃഷിയുടെ ആരംഭത്തിൽ തന്നെ ഉണ്ടാകുക.


