പത്രികയിൽ തെറ്റ്; യു.ഡി.എഫിന് സ്ഥാനാർഥിയില്ല
text_fieldsതിരുവല്ല: നാമനിർദേശ പത്രിക സമർപ്പിക്കാൻ കഴിയാത്തതിനെതുടർന്ന് കവിയൂർ പഞ്ചായത്ത് 12ാം വാർഡിൽ യു.ഡി.എഫിന് സ്ഥാനാർഥിയില്ല. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ രാജ് കുമാറിനാണ് പത്രിക നൽകാൻ കഴിയാതിരുന്നത്. കൂടെ നിന്നവർ ചതിച്ചതിനാലാണ് പത്രിക നൽകാൻ കഴിയാതിരുന്നതെന്നാണ് രാജ് കുമാർ പറയുന്നത്.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അനുവദിച്ച സീറ്റിൽ ദിവസങ്ങൾക്ക് മുമ്പേ രാജ് കുമാറിനെ സ്ഥാനാർഥിയായി തീരുമാനിച്ചിരുന്നു. പോസ്റ്റർ അടിക്കുകയും രാജ് കുമാർ പ്രചാരണം തുടങ്ങുകയും ചെയ്തു. എന്നാൽ, അവസാനദിനമായ വെള്ളിയാഴ്ച സ്ഥാനാർഥിക്കായി നേതാക്കൾ പൂരിപ്പിച്ചു നൽകിയ പത്രികയിൽ തെറ്റായ വിവരങ്ങൾ നിറഞ്ഞു. അവസാന നിമിഷമായതിനാൽ തെറ്റ് തിരുത്തി നൽകാൻ കഴിഞ്ഞില്ല.
ബി.ജെ.പിയെ സഹായിക്കാൻ ഒരു വിഭാഗം നേതാക്കൾ സ്വന്തം സ്ഥാനാർഥിയുടെ കാലുവാരിയെന്നാണ് ആക്ഷേപം. മനഃപൂർവം തെറ്റുവരുത്തിയെന്നും ആക്ഷേപമുണ്ട്. സംഭവത്തെ തുടർന്ന് യു.ഡി.എഫിൽ ചേരിതിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങൾ ഉയരുന്നുണ്ട്. ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്താണ് കവിയൂർ. മണ്ഡലം പ്രസിഡന്‍റും എൻ.എസ്.എസ്. കരയോഗം പ്രസിഡന്‍റുമായ രാജേഷ് കുമാറാണ് ബി.ജെ.പി. സ്ഥാനാർഥി.


