ആമ്പല്ലൂരിൽ ആര്?
text_fieldsഷീജ, ഷീല ജോർജ്, ഉഷ അരവിന്ദ്
ആമ്പല്ലൂര്‍: ജില്ല പഞ്ചായത്ത് ആമ്പല്ലൂര്‍ ഡിവിഷനില്‍ മൂന്ന് സ്ത്രീകളാണ് അങ്കത്തട്ടിൽ. കഴിഞ്ഞ തവണ സി.പി.ഐയിലെ വി.എസ്. പ്രിന്‍സാണ് ഡിവിഷന്‍ നിലനിര്‍ത്തിയത്. ഇക്കുറിയും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എല്‍.ഡി.എഫ് പ്രചാരണവുമായി മുന്നോട്ട് പോകുന്നത്. അതേസമയം, ഡിവിഷന്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് യു.ഡി.എഫ്. ജില്ലയില്‍ ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ബി.ജെ.പിയും മത്സരം കൊഴുപ്പിക്കുകയാണ്.
ഷീജ ആന്റോയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ കന്നിക്കാരിയായ ഷീജ ആന്റോ തൃശൂര്‍ തോപ്പ് സെന്റ് തോമസ് എച്ച്.എസ്.എസിലെ അധ്യാപികയും കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി അരിവാള്‍ ധാന്യക്കതിര്‍ ചിഹ്നത്തില്‍ ഷീല ജോര്‍ജ് മത്സരിക്കുന്നു.
നിലവില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗവും മുന്‍ വൈസ് പ്രസിഡന്റുമാണ്. സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം, കേരള മഹിള സംഘം മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ബി.ജെ.പി സാരഥിയായി ഉഷ അരവിന്ദ് ജനവിധി തേടുന്നു. വരന്തരപ്പിള്ളി മുന്‍ പഞ്ചായത്തംഗം, മഹിള മോര്‍ച്ച ജില്ല പ്രസിഡന്റ്, ബി.ജെ.പി ജില്ല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലയോര മേഖലകള്‍ അതിര്‍ത്തികള്‍ പങ്കിടുന്ന ആമ്പല്ലൂര്‍ ഡിവിഷന്‍ നാല് തവണ എല്‍.ഡി.എഫിനെയും രണ്ട് പ്രാവശ്യം യു.ഡി.എഫിനെയും പിന്തുണച്ചിട്ടുണ്ട്. നെന്മണിക്കര, തൃക്കൂര്‍, അളഗപ്പനഗര്‍, വരന്തരപ്പിള്ളി, പുതുക്കാട്, മറ്റത്തൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ഈ ഡിവിഷന്‍.


