അണയാ പ്രദീപം; ഇടത് അജയ്യത
text_fieldsചേലക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപ് നന്ദി പറയാൻ
കെ. രാധാകൃഷ്ണൻ എം.പിയോടൊപ്പം തുറന്ന വാഹനത്തിൽ പഴയന്നൂരിലെത്തിയപ്പോൾ
തൃശൂർ: ഭരണവിരുദ്ധ വികാരം തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ പ്രചാരണ രംഗത്തു പോലും പരുങ്ങലിലായിരുന്നു ഇടതുപക്ഷം. കരുതലോടെയും ശ്രദ്ധാപൂർവവുമാണ് എൽ.ഡി.എഫ് ചേലക്കര ഉപതെരഞ്ഞെടുപ്പ് നേരിട്ടത്. സ്വീകാര്യനായ സ്ഥാനാർഥിയെ നിർത്തിയതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയ കാഴ്ചക്കാണ് ഉപതെരഞ്ഞെടുപ്പ് സാക്ഷിയായത്. കനത്ത പോരാട്ടമാണ് എതിർ സ്ഥാനാർഥികളായ കോൺഗ്രസിലെ രമ്യ ഹരിദാസും ബി.ജെ.പിയിലെ കെ. ബാലകൃഷ്ണനും കാഴ്ചവെച്ചത്.
39400 എന്ന മണ്ഡല ചരിത്രത്തിലെ മൃഗീയ ഭൂരിപക്ഷം നേടിയാണ് 2021ലെ തെരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണൻ ജയിച്ചത്. അതുവെച്ച് നോക്കുമ്പോൾ 12201 എന്ന യു.ആർ. പ്രദീപിന്റെ ഭൂരിപക്ഷം ഒരു വലിയ സംഖ്യയല്ല. എന്നാലും ഇത്രമേൽ ഭരണവിരുദ്ധ വികാരം അലയടിക്കുമ്പോഴും ഈ ഭൂരിപക്ഷം നേടാനായി എന്നത് ഇടതു കേന്ദ്രങ്ങൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.ശനിയാഴ്ച ചെറുതുരുത്തിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ തപാൽ വോട്ട് എണ്ണിത്തുടങ്ങിയത് മുതൽ സി.പി.എം തന്നെയായിരുന്നു മുന്നിൽ. 1486 തപാൽ വോട്ടുകളിൽ 568 എണ്ണം എൽ.ഡി.എഫ് നേടി. 489 വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചു. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടന്നത്. ഈ റൗണ്ടുകളിലെല്ലാം എൽ.ഡി.എഫ് തന്നെയായിരുന്നു മുന്നിൽ. ഒമ്പതു പഞ്ചായത്തുകളിലും യു.ആർ. പ്രദീപ് തന്നെയായിരുന്നു മുന്നിൽ. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിൽ പോലും അവർക്ക് ഭൂരിപക്ഷം നിലനിർത്താൻ സാധിച്ചില്ല.
ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പ് എന്ന ആത്മവിശ്വാസം അവസാന നിമിഷം വരെ കോൺഗ്രസ്, യു.ഡി.എഫ് ക്യാമ്പുകൾ നിലനിർത്തിയിരുന്നു. ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതടക്കം പ്രചാരണത്തിൽ യു.ഡി.എഫ് വളരെ മുന്നിലായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിലെ രമ്യ ഹരിദാസിന്റെ പ്രകടനം ഗുണം ചെയ്യും, സ്ത്രീ വോട്ടർമാർ തുണക്കും, സഹതാപ തരംഗവും ഭരണവിരുദ്ധ വികാരവും സഹായമാവും എന്നൊക്കെയുള്ള അവരുടെ കണക്കുകൂട്ടലുകൾ വെറുതെയായി. പരമ്പരാഗത കോൺഗ്രസ് ഇടങ്ങൾ പോലും അവരെ പിന്തുണച്ചില്ല. വരും ദിവസങ്ങളിൽ അത് കൂടുതൽ ചർച്ചക്ക് വഴിവെക്കും. ബി.ജെ.പി പ്രാദേശിക നേതാക്കളുടെ കണക്കുകൂട്ടലാണ് കൃത്യമായി പ്രതിഫലിച്ചത്. വിജയം പ്രതീക്ഷിക്കുന്നില്ലെന്നും 35000 വോട്ടുകൾ നേടുകയാണ് ലക്ഷ്യമെന്നും ബി.ജെ.പി നേതാക്കൾ സ്വകാര്യമായി പറഞ്ഞിരുന്നു.
33609 വോട്ടുകൾ ബി.ജെ.പി സ്ഥാനാർഥി കെ. ബാലകൃഷ്ണൻ നേടി. ലോക്സഭ തെരഞ്ഞെടുപ്പിൽ അവരുടെ സ്ഥാനാർഥി ചേലക്കരയിൽ നേടിയതിനേക്കാൾ 5000ത്തോളം വോട്ടുകൾ കൂടുതൽ.
യു.ഡി.എഫിനെയും കോൺഗ്രസിനെയും വെല്ലുവിളിച്ചാണ് പി.വി. അൻവർ എം.എൽ.എയുടെ പിന്തുണയോടെ എൻ.കെ. സുധീർ മത്സരത്തിനിറങ്ങിയത്. അൻവർ എം.എൽ.എക്കും തെരഞ്ഞെടുപ്പ് നിലനിൽപ് വിഷയമായിരുന്നു. 30 ലോറികൾ അണിനിരത്തി മുഖ്യമന്ത്രി വന്ന ദിവസം പ്രചാരണം, തെരഞ്ഞെടുപ്പ് കമീഷനെ വെല്ലുവിളിച്ച് വാർത്തസമ്മേളനം എന്നിവയൊക്കെ നടത്തിയിട്ടും സുധീറിന് 3920 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സ്വതന്ത്ര സ്ഥാനാർഥികളും വലിയ ചലനം സൃഷ്ടിച്ചില്ല.


