അറബനത്താളം ഇണക്കി അങ്ങ് അസമിൽനിന്നെത്തിയ സൽമാനെയും തൃശൂർ സ്വദേശി ആദിദേവിനെയും
text_fieldsഇരിങ്ങാലക്കുട: അറബനത്താളം ഇണക്കിയതാണ് അങ്ങ് അസമിൽനിന്നെത്തിയ സൽമാനെയും തൃശൂർ സ്വദേശി ആദിദേവിനെയും. ജില്ല സ്കൂൾ കലോത്സവത്തിൽ അറബനമുട്ട് മത്സരം കാണാനെത്തിയ കാഴ്ചക്കാരെല്ലാം ഏറെ അത്ഭുതത്തോടെയാണ് ആദിദേവിന്റെ അറബി ബൈത്തുകൾ (വരികൾ), ഹംദുകൾ (സ്തുതികൾ) ഒക്കെ കേട്ടിരുന്നത്.
ശ്രുതിമധുരമായി ആദിദേവ് അറബനമുട്ടിനുവേണ്ടി പാടിയപ്പോൾ സദസ്സ് മുഴുവൻ നിർത്താതെ കൈയടിച്ചു. അമ്മാടം സെന്റ് ആൻണീസ് ഹൈസ്കൂളിൽനിന്നാണ് ആദിദേവും കൂട്ടുകാരും ജില്ലതലത്തിൽ മത്സരത്തിന് എത്തിയത്. ടീമിൽ അറബി ഭാഷയുമായി കുറച്ചെങ്കിലും പരിചയമുള്ളത് സൽമാൻമാത്രം. ദേവ് ശങ്കറിന്റെ നേതൃത്വത്തിൽ ആദിദേവ്, അൽഫിൻ, സൽമാൻ, സായി കൃഷ്ണ, വൈഷ്ണവ്, സായൂജ്, അനീഷ്, പ്രസിൻ, എഞ്ചലോ ആന്റണി എന്നിവരാണ് അറബനയിൽ കൊട്ടിക്കയറിയത്.
പൂർവ വിദ്യാർഥികളായ ചാക്കോ, ശ്രീഹരി എന്നിവരാണ് പരിശീലകർ. ശ്രീഹരിയും ചാക്കോയും സ്കൂളിൽ പഠിക്കുമ്പോൾ അറബനമുട്ട് മത്സരത്തിൽ ജില്ലതലത്തിൽവരെ എത്തിയിട്ടുണ്ട്. അന്ന് അതിനോടുള്ള ഇഷ്ടം പരിശീലകരുടെ വേഷത്തിൽ ഇരുവരെയും സ്വന്തം സ്കൂളിൽ തന്നെ എത്തിച്ചു.
വർഷങ്ങൾക്കുമുമ്പ് അസമിൽനിന്ന് കേരളത്തിലെത്തിയതാണ് സൽമാന്റെ പിതാവും കുടുംബവും. തന്നേക്കാൾ ഭംഗിയായി അറബനയുടെ വരികൾ കൂട്ടുകാർ ആലപിക്കുമെന്ന് സൽമാൻ സാക്ഷ്യം വഹിക്കുന്നു. കലക്ക് ജാതിയുടെയും മതത്തിന്റെയും എന്തിനേറെ ദേശത്തിന്റെ പോലും അതിരുകൾ ഇല്ലെന്ന സാക്ഷ്യപ്പെടുത്തലാണ് അസമിൽനിന്നുള്ള സൽമാനും ആദിദേവും അവരുടെ കൂട്ടുകാരും പങ്കുവെക്കുന്നത്.


