മുസിരിസിന്റെ ജലപാതയിൽ ഇന്ന് ജലരാജാക്കൻമാരുടെ പോരാട്ടം
text_fieldsകൊടുങ്ങല്ലൂർ: മുസിരിസിന്റെ ജലപാതയിൽ ശനിയാഴ്ച ജലരാജാക്കൻമാരുടെ പോരാട്ടം. തുഴയേറിന്റെ വശ്യത പകരുന്ന ഒമ്പത് ചുണ്ടൻ വള്ളങ്ങൾ കോട്ടപ്പുറം കായലിന്റ ഓളപ്പരപ്പിൽ കൊമ്പുകോർക്കും.വിനോദ സഞ്ചാര വകുപ്പ് കേരളത്തിന്റെ ജലാശയങ്ങളിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായ ജലമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വി.ആർ.
സുനിൽ കുമാർ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2024ലെ നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യ ഒമ്പത് സ്ഥാനങ്ങൾ നേടിയ ചുണ്ടൻ വള്ളങ്ങളാണ് ഇക്കുറി സി.ബി.എല്ലിൽ മാറ്റുരക്കുന്നത്.
മുസിരിസ് ബോട്ട് ക്ലബിന്റെ ആഭിമുഖ്യത്തിൽ മുൻ മന്ത്രി വി.കെ. രാജൻ മെമ്മോറിയൽ ട്രോഫിക്കും കെ.ഡി. കുഞ്ഞപ്പൻ സ്മാരക ട്രോഫിക്കും വേണ്ടിയുള്ള മധ്യകേരളത്തിലെ ഇരുട്ടുകുത്തി വള്ളങ്ങളുടെ ജലോത്സവവും ഒപ്പം നടക്കും.
കലാപരിപാടികളും ഉണ്ടാകും. ‘ഇന്നസെന്റ്’ സിനിമയുടെ അഭിനേതാക്കളും അണിയറ ശിൽപികളും പങ്കെടുക്കും. സംസ്ഥാന സർക്കാറിന്റെ വിനോദ സഞ്ചാര നയത്തിന്റെ ഭാഗമായി വള്ളംകളിയിലൂടെ വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് സി.ബി.എൽ കൊണ്ട് ലക്ഷ്യമിടുന്നത്.
കോട്ടപ്പുറം കായലിൽ ശനിയാഴ്ച ഉച്ചക്ക് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ആർ. സുനിൽ കുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ പങ്കെടുക്കും.
നഗരസഭ ചെയർപേഴ്സൻ ടി.കെ. ഗീത, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എൽസി പോൾ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രേം ഭാസ്, മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ ഷാരോൺ വീട്ടിൽ, ഒ.സി. ജോസഫ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.


