തെരുവുനായ് ശല്യം നിയന്ത്രിക്കാൻ കൊടുങ്ങല്ലൂരിൽ ഡോഗ് ഷെൽട്ടറുകൾ സ്ഥാപിക്കും
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭയിലെ തെരുവുനായ് പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി ഡോഗ് ഷെൽട്ടറുകൾ ആരംഭിക്കുവാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു. അലഞ്ഞു തിരിയു നായ്ക്കളെ കൊല്ലുന്നതിന് നിയമം അനുവദിക്കുന്നില്ല. അവയെ സുരക്ഷിതമായി ഭക്ഷണവും മരുന്നും നൽകി പാർപ്പിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തും. ഇതിന് നഗരസഭയുടെ കീഴിൽ സ്ഥലം ലഭ്യമല്ലാത്തതിനാൽ വാടകക്ക് എടുക്കുകയോ സ്ഥലം പണം നൽകി ഏറ്റെടുക്കുകയോ ചെയ്യുവാനാണ് തീരുമാനം. പേ വിഷബാധക്കെതിരായ കുത്തിവെപ്പുകൾ തുടർന്നും നൽകും.
നായ്ക്കളുടെ എണ്ണം പെരുകുന്നത് തടയുന്നതിനുള്ള എ.ബി.സി പദ്ധതി തുടരും. നഗരസഭയിലെ കേടുവന്ന റോഡുകൾ അറ്റകുറ്റപ്പണികൾ അടിയന്തരമായി ചെയ്യുന്നതിന് അസി. എൻജിനീയറെ കൗൺസിൽ യോഗം ചുമതലപ്പെടുത്തി. കോട്ടപ്പുറത്ത് നിർമിച്ചിട്ടുള്ള അത് ലറ്റിക്ക് കോംപ്ലക്സ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.
പുല്ലൂറ്റ് വില്ലേജിൽ പട്ടികജാതി വിദ്യാർഥികൾക്ക് താമസിച്ചു പഠിക്കുന്നതിന് നിർമിച്ച പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാർഥികളെ ലഭ്യമാകാത്ത സാഹചര്യത്തിൽ മറ്റ് സ്ഥലങ്ങളിൽ നിന്ന് സ്ഥലം മാറിവരുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥർക്കും മറ്റും താമസിക്കുന്നതിന് അനുവാദം ലഭിക്കുന്നതിന് വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെടുവാനും യോഗം തീരുമാനിച്ചു.
ഉപവാസ സമരം നടക്കുന്നതിനാൽ കൗൺസിലിൽ ബി.ജെ.പി കൗൺസിലർമാരുടെ പങ്കാളിത്തം വളരെ കുറവായിരുന്നു. ചെയർപേഴ്സൺ ടി.കെ. ഗീത അധ്യക്ഷത വഹിച്ചു. കെ.എസ്. കൈസാബ്, കെ.ആർ. ജൈത്രൻ, എൽസി പോൾ, വി.എം. ജോണി, പി.എൻ. വിനയചന്ദ്രൻ, രവീന്ദ്രൻ നടുമുറി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.


