കടലിൽ ഒഴുകുന്ന കണ്ടെയ്നറുകളിൽ വല കുരുങ്ങൽ പതിവ്; മത്സ്യത്തൊഴിലാളികൾക്ക് ലക്ഷങ്ങളുടെ നഷ്ടം
text_fieldsകണ്ടെയ്നറിൽ കുരുങ്ങി നശിച്ച ‘സംസം’ വള്ളത്തിലെ വല പുനർനിർമിക്കുന്ന തൊഴിലാളികൾ
കൊടുങ്ങല്ലൂർ: മത്സ്യത്തൊഴിലാളികൾക്ക് വൻ ഭീഷണിയുയർത്തി കടലിൽ ഒഴുകുന്ന കണ്ടെയ്നറുകൾ. മത്സ്യബന്ധനത്തിനായി വിരിച്ച വല കണ്ടെയ്നറിൽ കുടുങ്ങി വള്ളങ്ങൾ വലിയ തോതിൽ നശിക്കുന്നത് പതിവാണ്.
ഇക്കാര്യത്തിൽ സർക്കാറിന്റെ ഭാഗത്തുനിന്ന് അടിയന്തരമായ ഇടപ്പെടലുകൾ ഉണ്ടാകണമെന്ന ആവശ്യം ശക്തമാവുകയാണ്. തൊഴിലാളികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ മത്സ്യവും വലയും നഷ്ടമാകുന്നതിന് പുറമെ ആഴ്ചകൾ നീളുന്ന തൊഴിൽ നഷ്ടവും ഇതിന്റെ ഭാഗമായി ഉണ്ടാകുന്നു.
കഴിഞ്ഞ ദിവസം അഴീക്കോടുനിന്ന് മത്സ്യ ബന്ധനത്തിന് പോയ ‘സംസം’വള്ളത്തിലെ തൊഴിലാളികൾക്ക് വലയും മീനും നഷ്ടപ്പെട്ടു. 58 തൊഴിലാളികളുമായി പുലർച്ചെ 4.30 കടലിൽ പോയ ഇൻബോർഡ് വള്ളം കൊച്ചി തീരത്ത് നിന്നും 15 നോട്ടിക്കൽ മൈൽ അകലെ വല വിരിച്ച സമയത്തായിരുന്നു സംഭവം.
വല കണ്ടയ്നറിൽ കുരുങ്ങിയതിനെ തുടർന്ന് മറ്റു വള്ളക്കാരുടെ സഹായത്തോടെ വല വലിച്ചെടുക്കുകയായിരുന്നു. വല ഏറെക്കുറെ നശിച്ചു. ഈയിടെ അപകടത്തിൽപ്പെട്ട കപ്പലിൽനിന്ന് വീണ കണ്ടെയ്നറിൽ കുരുങ്ങിയാണ് വല നശിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു.
ഏകദേശം 20 ലക്ഷത്തിലധികം രൂപയുടെ വല നഷ്ടമാണ് ഉണ്ടായത്. അയലയും വറ്റയുമാണ് വലയിൽ ഉണ്ടായിരുന്നത്. വല പുനർനിർമിച്ച് വീണ്ടും മത്സ്യ ബന്ധനത്തിനിറങ്ങാൻ ആഴ്ചകൾ വേണ്ടിവരും.
തൊഴിൽ ദിനങ്ങളുടെ നഷ്ടം കൂടി കണക്കാക്കിയാൽ സാമ്പത്തിക നഷ്ടം ഇരട്ടിയാകും. അതുവരെ തൊഴിലാളികളുടെ കുടുംബങ്ങളും കഷ്ടതയിലാകും. മത്സ്യഫെഡിൽനിന്ന് ലോൺ എടുത്താണ് വള്ളം ഇറക്കിയതെന്ന് ഉടമ അഴീക്കോട് സ്വദേശി കാവുങ്കൽ നൗഷാദ് പറഞ്ഞു.
കടലിൽ വല നഷ്ടപ്പെടുന്ന സംഭവങ്ങൾ സമീപകാലത്ത് ഏറിവരികയാണെന്ന് മറ്റ് തൊഴിലാളികളും പറയുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചി തീരത്തിന് പടിഞ്ഞാറ് വെച്ച് മഹാവിഷ്ണു, യു.കെ ബ്രദേഴ്സ് എന്നീ വള്ളങ്ങളുടെ വല നഷ്ടപ്പെട്ടിരുന്നു.
കടലിൽ മുങ്ങിത്താഴ്ന്ന കണ്ടെയ്നറുകളാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് തൊഴിലാളികൾ പരാതിപ്പെടുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.


