കടലിൽ കണ്ടെയ്നറിൽ കുടുങ്ങി നശിച്ചത് രണ്ടുകോടിയിലേറെ രൂപയുടെ വല
text_fieldsകൊടുങ്ങല്ലൂർ: കടലിൽ വല നശിച്ച് മത്സ്യബന്ധന മേഖലയിലെ നാശനഷ്ടങ്ങൾ കനക്കുന്നു. അതേസമയം, മത്സ്യബന്ധന രംഗത്ത് വലിയ തോതിൽ പ്രതിസന്ധി സ്യഷ്ടിക്കുന്ന ഈ അസ്ഥാവിശേഷം അധികാരികൾ ഗൗനിക്കുന്നില്ലെന്ന പരാതിയും ശക്തി പ്രാപിക്കുകയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ കണ്ടെയ്നറിൽ മത്സ്യബന്ധന വലകൾ കുടുങ്ങി രണ്ട് കോടിയോളം രൂപയുടെ നഷ്ടം അഴീക്കോട് തുറമുഖത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളങ്ങൾക്ക് ഉണ്ടായിട്ടുണ്ടെന്നാണ് അനൗദോഗിക കണക്ക്.
2025 മേയ് 25ന് കൊച്ചി തീരത്ത് മുങ്ങിയ എം.എസ്.സി എലിസ മെഡിറ്ററേനിയൻ കപ്പൽ നൂറിലധികം കണ്ടെയ്നറുകളുമായി കടലിൽ മുങ്ങിത്താഴ്ന്നതായിരുന്നു സംഭവത്തിന് കാരണമെന്നാണ് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്.
കപ്പലിൽനിന്ന് ഒഴുകി കടലിൽ പലയിടങ്ങളിലായി മുങ്ങിത്താഴ്ന്ന കണ്ടെയ്നറുകൾ തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളുടെ കടൽ തീരങ്ങളിൽ മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങൾക്ക് ഗുരുതരമായ ഭീഷണിയായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ പതിനഞ്ചോളം വള്ളങ്ങളുടെ വലയാണ് അഴീക്കോട് പുറംകടലിലും മറ്റിടങ്ങളിലുമായി മത്സ്യബന്ധനത്തിനിടയിൽ നശിച്ചത്. അഴീക്കോട് അഴിമുഖത്തുനിന്ന് പുറപ്പെട്ട കഷ്ണ പ്രസാദം, അയിരൂർ മഹാവിഷ്ണു, സംസം, ക്യാപ്റ്റൻ, വാകച്ചാർത്ത്, തത്ത്വമസി, മണികണ്ഠൻ, ശിവശക്തി, കാരുണ്യം തുടങ്ങിയ ഒട്ടേറെ വള്ളങ്ങളുടെ ലക്ഷങ്ങൾ വിലവരുന്ന വലകളാണ് നശിച്ചുപോയത്. ഇപ്പോഴും അപകടം തുടരുകയാണ്.
ശരാശരി ഒരുവള്ളത്തിന് അഞ്ചുലക്ഷം മുതൽ 20 ലക്ഷം രൂപയുടെ വരെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വലയിൽ അകപ്പെട്ട മത്സ്യം നഷ്ടപ്പെട്ടത് വഴിയും വൻ നഷ്ടമുണ്ടായിട്ടുണ്ട്. ഇതിനുപുറമെയാണ് വല കേടുപാടുകൾ തീർക്കാൻ വേണ്ടി വരുന്ന ചെലവും ദിവസങ്ങളോളം നീളുന്ന തൊഴിൽ നഷ്ടവും. തരക്കേടില്ലാത്ത വിധം മീൻ കിട്ടുന്ന വേളയിലുള്ള തൊഴിൽ നഷ്ടങ്ങൾ മറ്റൊരു തിരിച്ചടിയാണ്.
കൊടുങ്ങല്ലൂരിന്റെ തീരമേഖലയിൽ മാത്രം ഇതുവരെ രണ്ട് കോടിയോളം രൂപയുടെ നഷ്ടമാണ് കണ്ടെയ്നറുകളിൽ വല കുടുങ്ങി നശിച്ചത് മൂലം മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടായിട്ടുള്ളത്. ലക്ഷങ്ങൾ വായ്പയെടുത്തും കടം വാങ്ങിയും മറ്റുമാണ് വലകൾ നിർമിച്ചത്. അവ കണ്ടെയ്നറുകളിൽ കുടുങ്ങി തകർന്നതോടെ അവരുടെ ജീവിതം തന്നെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. കണ്ടെയ്നർ കപ്പൽ കമ്പനിയായ എം.എസ്.സി എലിസ 1227 കോടി രൂപ നഷ്ടപരിഹാര തുകയായി സർക്കാറിന് നൽകണമെന്ന് ഹൈകോടതി വിധിച്ച സാഹചര്യത്തിൽ കണ്ടെയ്നറിൽ കുടുങ്ങി വല നശിച്ച മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണമെന്നും റവന്യൂ-ഫിഷറിസ് വകുപ്പ് അധികൃതർ വലനാശം സംഭവിച്ച മത്സ്യത്തൊഴിലാളികളിൽനിന്ന് വിവരശേഖരണം നടത്തി അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്നും ഗാന്ധിയൻ കലക്ടിവ് ജില്ല ചെയർമാനും എറിയാട്ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറുമായ ഇ.കെ. സോമൻ ആവശ്യപ്പെട്ടു.


