മുന്നണി ഭാരമില്ലാത്ത പാർട്ടികൾക്കുമുണ്ട് തെരഞ്ഞെടുപ്പിൽ കാര്യം
text_fieldsതൃശൂർ: ഇടതുപക്ഷം, വലതുപക്ഷം, തീവ്രവലതുപക്ഷം എന്നീ മൂന്നു മുന്നണികളുടെയും ഭാരമില്ലാത്ത ചെറുപാർട്ടികളും സ്വതന്ത്രരും ഒക്കെ വിധിനിർണയ ദിനത്തിൽ വലിയ പാർട്ടികളെ വിരൽത്തുമ്പിലിട്ട് അമ്മാനമാടുന്ന കളിയുടെ കൂടി പേരാണ് രാഷ്ട്രീയം എന്നത്. സിനിമാക്കഥകളെ വെല്ലുന്ന രാഷ്ട്രീയ ചൂതാട്ടങ്ങൾക്ക് ജില്ലയും പലതവണ വേദിയായിട്ടുണ്ട്. അധികം പിന്നോട്ടു സഞ്ചരിക്കാതെ തന്നെ അതിനുള്ള ഉദാഹരണം കണ്ടെത്താനാകും.
കോൺഗ്രസുകാരനായിരുന്നു മേയർ എം.കെ. വർഗീസ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടിയുമായി പിണങ്ങി തന്റെ ഡിവിഷനിൽ വിമതനായി മത്സരിച്ചു ജയിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ കണ്ണിൽ തീ പാറി. ഇരുമുന്നണികൾക്കും ബലാബലം. സ്വതന്ത്രനായ എം.കെ. വർഗീസ് ആർക്കൊപ്പം നിൽക്കുമോ അവർക്ക് തൃശൂർ കോർപറേഷൻ ഭരിക്കാം എന്ന അവസ്ഥ. മനസില്ലാ മനസ്സോടെ സി.പി.എമ്മും സി.പി.ഐയും കോർപറേഷൻ ഭരണത്തിനായി വർഗീസിന് മുന്നിൽ അടിയറ പറഞ്ഞു.
അഞ്ച് വർഷം യാതൊരു മുന്നണിയുടെയും ഭാരമില്ലാതെ തന്നെ മേയറായി വാണു. രാഷ്ട്രീയം അങ്ങനെയാണ്. ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തങ്ങളുടെ ആശയങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനുള്ള അവസരമായാണ് തെരഞ്ഞെടുപ്പുകളെ നോക്കിക്കാണുന്നത്. മൂന്നു മുന്നണികളുടെയും അമിതഭാരമില്ലാതെ സ്വതന്ത്രമായി മത്സരരംഗത്തിറങ്ങുന്ന ചെറുപാർട്ടികളാണ് വെൽഫെയർ പാർട്ടി, ആം ആദ്മി, എസ്.ഡി.പി.ഐ എന്നിവ. ഇവയിൽ എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി എന്നിവക്ക് ജനപ്രതിനിധികളുമുണ്ട്.
എസ്.ഡി.പി.ഐക്ക് ജില്ലയിലെ മൂന്ന് ഗ്രാമ പഞ്ചായത്തുകളിലായി അഞ്ച് വാർഡ് അംഗങ്ങൾ ഉണ്ട്. വെൽഫെയർ പാർട്ടിക്ക് ഒന്നും. ആം ആദ്മിക്ക് നിലവിൽ ജില്ലയിൽ ജനപ്രതിനിധികൾ ഇല്ല. ഈ തദ്ദേശ തെരഞ്ഞെടുപ്പിന് അവർ ജില്ലയിൽ സ്വീകരിക്കുന്ന നിലപാടുകൾ, തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ, പ്രതിരോധങ്ങൾ, രാഷ്ട്രീയ കൊടുക്കൽ വാങ്ങലുകൾ എന്നിവ സംബന്ധിച്ച് മൂന്ന് പാർട്ടികളുടെയും ജില്ല നേതാക്കൾ ‘മാധ്യമ’ത്തോട് സംസാരിക്കുന്നു.
ബി.ജെ.പി ഭീകരതയെ തടുക്കൽ മുഖ്യ അജണ്ട - ഡോ. ഷാജു കാവുങ്കൽ (ആം ആദ്മി പാർട്ടി)
മുന്നണികളുമായി യാതൊരുവിധ സഖ്യങ്ങളുടെയും അമിതഭാരം നിലവിൽ ആം ആദ്മി പാർട്ടിക്ക് ഇല്ല. ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളിക്ക് തടയിടുക എന്നതാണ് ലോക്സഭ തെരഞ്ഞെടുപ്പ് പോലെ തദ്ദേശ തെരഞ്ഞെടുപ്പിലും പാർട്ടിയുടെ മുഖ്യലക്ഷ്യം. അതിനുവേണ്ടി പ്രവർത്തിക്കും. ‘നോ വോട്ട് ഫോർ ബി.ജെ.പി’ എന്നതായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ആം ആദ്മി ഉയർത്തിയ മുദ്രാവാക്യം. നിർഭാഗ്യവശാൽ അത് ഫലം കണ്ടില്ല. പ്രധാനമന്ത്രി തന്നെ രണ്ട് തവണ തൃശൂരിൽ എത്തിയാണ് പ്രചാരണം നടത്തിയത്. നിലവിൽ ഇടുക്കി കരിങ്കുന്നം പഞ്ചായത്തിൽ ഒരു സീറ്റാണ് ആം ആദ്മിക്കുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പുകളെ അത്ര ഗൗരവത്തിൽ കാണുന്ന സ്വഭാവം പാർട്ടിക്കില്ലായിരുന്നു. ഇക്കുറി അതിന് മാറ്റമുണ്ടാകും.
സാധ്യമായ സ്ഥലങ്ങളിലൊക്കെ പാർട്ടി ഒറ്റക്ക് മത്സരിക്കും. തൃശൂർ കോർപറേഷനിൽ ബി.ജെ.പിയുടെ ജയസാധ്യതക്ക് തടയിടുക എന്നത് പാർട്ടി മുഖ്യമായി കാണുന്നു. അവിടങ്ങളിൽ മത്സരത്തിൽനിന്നു വിട്ടുനിൽക്കും. ജില്ലയിലെ എല്ലാവാർഡുകളിലും പാർട്ടിക്ക് മെമ്പർമാരുണ്ട്. ജില്ലയിൽ 4000 മെമ്പർമാർ ഉണ്ട്. കഴിയുന്നത്ര പഞ്ചായത്ത്, ബ്ലോക്ക്, ജില്ല പഞ്ചായത്ത് വാർഡുകളിൽ മത്സരിക്കും.
കോർപറേഷനിലും മുനിസിപ്പാലിറ്റികളിലും മത്സര രംഗത്തുണ്ടാകും. തെരഞ്ഞെടുപ്പിനെ നേരിടാൻ സാമ്പത്തികമാണ് ഒരു മുഖ്യ തടസ്സം. വ്യാപകമായി പണപ്പിരിവ് നടത്തുന്ന പാർട്ടിയല്ല ആം ആദ്മി. അതിന്റേതായ പ്രശ്നങ്ങളുണ്ട്. ഒരു പാർട്ട് ടൈം ജോലി എങ്കിലും ഉള്ളവർക്കേ ആം ആദ്മിയിൽ പ്രവർത്തിക്കാനാകൂ. ലോക്സഭ തെരഞ്ഞെടുപ്പുകാലത്ത് വ്യാപകമായി ബി.ജെ.പിക്ക് വ്യാജ വോട്ടുകൾ ചേർക്കാൻ സി.പി.എം സഹായം ചെയ്തു. സംസ്ഥാന ഭരണവും കോർപറേഷനും ഭരിക്കുന്നത് എൽ.ഡി.എഫാണ്. കൂടാതെ വാർഡുതലങ്ങളിലും അവർക്ക് ശക്തമായ പ്രവർത്തകരുണ്ട്. ഇതൊക്കെ ഉണ്ടായിട്ടും ബി.ജെ.പിയുടെ വോട്ടുതട്ടിപ്പിനെ തടയാൻ അവർ ശ്രമിച്ചില്ല എന്നത് സംശയകരമാണ്.
സജീവമായി മത്സരത്തിനിറങ്ങും -കെ.വി. അബ്ദുൽ നാസർ പരൂർ (എസ്.ഡി.പി.ഐ)
തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ സാധ്യമായ എല്ലാ സീറ്റുകളിലും മത്സരരംഗത്ത് എസ്.ഡി.പി.ഐ ഉണ്ടാകും. പ്രാദേശികമായ ചില നീക്കുപോക്കുകൾ ചിലയിടങ്ങളിലുണ്ടാകും. മൊത്തത്തിൽ ഒരുസഖ്യം എന്ന നിലക്കുള്ള ചർച്ചകൾ ഒന്നും നിലവിൽ ഒരു പാർട്ടികളുമായും ഇല്ല. ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലായി അഞ്ച് അംഗങ്ങൾ നിലവിൽ എസ്.ഡി.പി.ഐക്കുണ്ട്.
ചൊവ്വന്നൂർ പഞ്ചായത്തിൽ രണ്ടും പാവറട്ടി പഞ്ചായത്തിൽ രണ്ടും വാടാനപ്പള്ളിയിൽ ഒന്നും വീതം മെമ്പർമാർ നിലവിലുണ്ട്. പാവറട്ടി പഞ്ചായത്തിൽ എൽ.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണപക്ഷത്തിന് ഭരണപ്രതിസന്ധി നേരിട്ടപ്പോൾ പിന്തുണച്ചെങ്കിലും ഭരണസമിതി രാജിവെച്ചു. പ്രാദേശികമായ ചർച്ചകൾ സജീമായി നടക്കുന്നുണ്ട്. യാതൊരു ഉപാധികളും കൂടാതെ സ്വമേധയ പിന്തുണക്കണം എന്നാണ് വലിയ പാർട്ടികൾ ആവശ്യപ്പെടുന്നത്. അതിന് നിന്നുകൊടുക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഞ്ച് വാർഡുകളിൽ വിജയിച്ചതിന് പുറമേ പത്തോളം വാർഡുകളിൽ എസ്.ഡി.പി.ഐ രണ്ടാമത് വന്നിരുന്നു.
4700ലധികം സജീവ അംഗങ്ങൾ പാർട്ടിക്കുണ്ട്. ഗ്രാമ പഞ്ചായത്തുകളിൽ 150 വാർഡുകളിൽ പാർട്ടി മത്സരിക്കും. രണ്ട് ജില്ല പഞ്ചായത്ത് ഡിവിഷനുകളിലും മത്സരിക്കും. 10 േബ്ലാക്ക് പഞ്ചായത്ത് ഡിവിഷനുകളിലും കുന്നംകുളം, ഗുരുവായൂർ, ചാവക്കാട് നഗരസഭകളിലും മത്സര രംഗത്തുണ്ടാകും. തൃശൂർ കോർപറേഷനിൽ കാളത്തോട്, കൃഷ്ണപുരം ഡിവിഷനുകളിൽ എസ്.ഡി.പി.ഐക്ക് സജീവ പ്രവർത്തകരുണ്ട്. ബി.ജെ.പിയുടെ പരാജയം ഉറപ്പുവരുത്തുക എന്നതാകും കോർപറേഷനിൽ സ്വീകരിക്കുന്ന അടവ് നയം.
എസ്.ഡി.പി.ഐക്ക് മെമ്പർമാർ ഉള്ള പഞ്ചായത്തുകൾ: ചൊവ്വന്നൂർ -രണ്ട്, പാവറട്ടി -രണ്ട്, വാടാനപ്പള്ളി -ഒന്ന്
ജയസാധ്യതയുള്ളിടങ്ങളിൽ മത്സരിക്കും -കെ.എസ്. നിസാർ (വെൽഫെയർ പാർട്ടി)
ജില്ലയിൽ വിജയസാധ്യതയുള്ള എല്ലാ സീറ്റുകളിലും മത്സരിക്കുക എന്ന നിലപാടാകും വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി സ്വീകരിക്കുക. മത്സരം, പിന്തുണ, സീറ്റ് വിഭജനം എന്നിവയുമായി ബന്ധപ്പെട്ട് പ്രാദേശികമായി ചില ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. അതിനുശേഷം മാത്രമേ പൂർണമായ ചിത്രം പുറത്തുവരൂ. നിലവിൽ ഏറിയാട് പഞ്ചയത്തിലെ ഒരു വാർഡിൽ വെൽഫെയർ പാർട്ടി മെമ്പറാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ചായിരുന്നു വിജയം. പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് ആണ്. നിലവിൽ ആരുമായും ധരണയിലായിട്ടില്ല. പ്രാദേശികമായ നീക്കുപോക്കുകൾ സാധ്യമാണ്. ഗ്രാമ പഞ്ചായത്തു വാർഡുകളിൽ മത്സരിക്കുന്നതോടൊപ്പം േബ്ലാക്ക്, ജില്ല പഞ്ചായത്ത് ഡിവിഷനുകളിലും മത്സരിക്കാൻ തന്നെയാണ് പാർട്ടി തീരുമാനം. കേഡർ സ്വഭാവമുള്ള ആയിരക്കണക്കിന് പ്രവർത്തകർ വെൽഫെയർ പാർട്ടിക്കുണ്ട്. അവർ സജീവമായി മത്സരത്തിനുള്ള തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
മതിലകം േബ്ലാക്ക് പഞ്ചായത്തിൽ സ്ഥാനാർഥിയെ നിർത്തും. തൃശൂർ കോർപറേഷൻ, കൊടുങ്ങല്ലൂർ നഗരസഭ എന്നിവിടങ്ങളിലാണ് ബി.ജെ.പി ജനാധിപത്യ മതനിരപേക്ഷതക്ക് വെല്ലുവിളി ഉയർത്തുന്നത്. കൊടുങ്ങല്ലൂർ നഗരസഭയിലേക്ക് വെൽഫെയർ പാർട്ടി മത്സരിക്കും.
അതോടൊപ്പം തൃശൂർ കോർപറേഷനിൽ ബി.ജെ.പിയുടെ വിജയം തടയുന്നതിന് സാധ്യമായ രാഷ്ട്രീയ നീക്കുപോക്കുകൾ സംബന്ധിച്ച് ചർച്ച ചെയ്യും. മുല്ലക്കര, കൃഷ്ണപുരം ഡിവിഷനുകളിൽ വെൽഫെയർ പാർട്ടിക്ക് നിർണായക സ്വാധീനമുണ്ട്. ഇവിടങ്ങളിൽ മത്സര രംഗത്തുണ്ടാകും. വരും ദിവസങ്ങളിൽ ജില്ലയിൽ എവിടെയൊക്കെ മത്സരിക്കും എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പാർട്ടി അറിയിക്കും.
വെൽഫെയർ പാർട്ടിക്ക് മെമ്പർ ഉള്ള പഞ്ചായത്ത്: എറിയാട് പഞ്ചായത്ത് -ഒരു വാർഡ്


