ചീലപ്പാറ പമ്പിങ് സ്റ്റേഷന് സമീപം പ്ലാസ്റ്റിക് മാലിന്യ കൂമ്പാരം
text_fieldsചീലപ്പാറ പമ്പിങ് സ്റ്റേഷനു സമീപം വന്‍തോതില്‍ അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം
നേമം: വിളപ്പില്‍ പഞ്ചായത്തിലെ പ്രധാന കുടിവെള്ള സ്രോതസായ ചീലപ്പാറ ശുദ്ധജല പ്ലാന്റിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന കാവടിക്കടവ് പമ്പിങ് സ്റ്റേഷന് സമീപം പ്ലാസ്റ്റിക് മാലിന്യകൂമ്പാരം. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന വീടുകളിലേക്ക് ഒഴുകിയെത്തുന്നത് മലിനജലം. ഇവിടെ നാട്ടുകാര്‍ രോഗഭീതിയിലാണ്. കരമനയാറിലേക്ക് ചാഞ്ഞുനിന്ന മുളം ചില്ലകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജലസേചന വകുപ്പ് അധികൃതര്‍ മുറിച്ചുമാറ്റിയിരുന്നു.
ഇവിടെ തടഞ്ഞു നിന്നിരുന്ന പ്ലാസ്റ്റിക് കുപ്പികളും അജൈവ മാലിന്യങ്ങളും നദിയിലൂടെ ഒഴുകി കാവടിക്കടവിലെ തടയണയില്‍ എത്തുകയായിരുന്നു. ഇത് വാരിമാറ്റാന്‍ അധികൃതര്‍ തയ്യാറായില്ല.
കാവടിക്കടവില്‍ അരുവിക്കര റിസര്‍വോയറില്‍ നിന്നുള്ള ജലം തടയണ കെട്ടി സംഭരിച്ചാണ് ചീലപ്പാറയിലെ ശുചീകരണ പ്ലാന്റിലെത്തിക്കുന്നത്.
ഇതിനായി കരമയാറിനോട് ചേര്‍ന്ന് 16 മീറ്റര്‍ ആഴമുള്ള കിണറും പമ്പ് ഹൗസും സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ നിന്ന് പമ്പുചെയ്യുന്ന ജലം 10 എം.എല്‍.ഡി ശേഷിയുള്ള ചീലപ്പാറ പ്ലാന്റില്‍ നിന്ന് നൂലിയോട് ജലസംഭരണി, ഭൂഗര്‍ഭ ജലസംഭരണി എന്നിവ വഴിയും പേയാട് ഭാഗത്ത് നിലവിലുള്ള പ്രധാന പൈപ്പ് ലൈനിലൂടെയുമാണ് വിതരണം ചെയ്യുന്നത്.