കൂടുതൽ പോളിങ് സ്റ്റേഷനുകൾ മലപ്പുറത്ത്; കുറവ് ഇടുക്കിയിൽ
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പോളിങ് സ്റ്റേഷനുകളുള്ളത് മലപ്പുറം ജില്ലയില്‍. നഗരമേഖലയില്‍ 566ഉം ഗ്രാമീണ മേഖലയില്‍ 3777ഉം അടക്കം ആകെ 4343 പോളിങ് സ്റ്റേഷനുകളാണ് മലപ്പുറത്ത്. കുറവ് പോളിങ് സ്റ്റേഷനുകൾ ഇടുക്കിയിലാണ്. നഗരമേഖലയിലെ 73ഉം ഗ്രാമീണ മേഖലയിലെ 1119 എണ്ണവുമടക്കം ഇടുക്കിയില്‍ 1192 പോളിങ് സ്റ്റേഷനുകളാണുള്ളത്.
ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് വാർഡുകളില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പഞ്ചായത്തുകൾക്കായി 28,127 ഉം മുനിസിപ്പാലിറ്റികൾക്ക് 3604 ഉം കോർപ്പറേഷനുകൾക്ക് 2015 ഉം പോളിങ് സ്റ്റേഷനുകളും അടക്കം ആകെ 33,757 പോളിങ് കേന്ദ്രങ്ങളാണുള്ളത്. പഞ്ചായത്ത് തലത്തിൽ ഒരു വോട്ടർ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് മൂന്ന് വോട്ടും നഗരസഭാതലത്തിൽ ഒരു വോട്ടുമാണ് രേഖപ്പെടുത്തേണ്ടത്. പഞ്ചായത്തുകളില്‍ പരമാവധി 1200ഉം മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനിലും 1500ഉം വോട്ടര്‍മാരെയാണ് ഒരു പോളിങ് സ്റ്റേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മാതൃക പെരുമാറ്റച്ചട്ടം: സ്ക്രീനിങ് കമ്മിറ്റിയായി
സംസ്ഥാനത്ത് മാതൃക പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ സർക്കാർ ഫയലുകളിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ മുൻകൂർ അനുമതി ആവശ്യമായവ പരിശോധിച്ച് വേഗത്തിലാക്കാൻ സ്ക്രീനിങ് കമ്മിറ്റി രൂപവത്കരിച്ച് സർക്കാർ ഉത്തരവായി. ചീഫ് സെക്രട്ടറി അധ്യക്ഷനും പൊതുഭരണ വകുപ്പ് സെക്രട്ടറി കൺവീനറുമായ കമ്മിറ്റിയിൽ ബന്ധപ്പെട്ട വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറി/സെക്രട്ടറി അംഗമായിരിക്കും.
എല്ലാ ബുധനാഴ്ചയോ ആവശ്യാനുസരണം മറ്റേതെങ്കിലും ദിവസമോ യോഗം ചേരും. പരിഗണിച്ച കേസുകൾ വിശദമായ വിവരങ്ങളോടെയും അടിയന്തര ആവശ്യം സംബന്ധിച്ച കുറിപ്പോടെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിക്കും. സ്ക്രീനിങ് കമ്മിറ്റിയുടെ ശിപാർശ ഇല്ലാത്ത പ്രൊപ്പോസലുകൾ ഒരു വകുപ്പും നേരിട്ട് തെരഞ്ഞെടുപ്പ് കമീഷന് അയക്കാൻ പാടില്ലെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.


