വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശങ്ങൾ പ്രതിരോധിക്കുന്നതിൽ വീഴ്ചപറ്റി; യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ശരിയായില്ലെന്നും എം.വി. ഗോവിന്ദൻ
text_fieldsഎം.വി. ഗോവിന്ദൻ
തിരുവനന്തപുരം: വെള്ളാപ്പള്ളിയും ശബരിമല സ്വർണക്കൊള്ളയും യോഗി ആദിത്യനാഥിന്‍റെ കത്തും തളിപ്പറമ്പുമടക്കം ഭരണകാലത്തെ നിലപാടുകളും ന്യായീകരണങ്ങളും തിരിച്ചടിയായെന്ന് തുറന്നുസമ്മതിച്ച് സി.പി.എം. മുസ്ലിം സമുദായത്തിനുനേരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ വിദ്വേഷ പരാമർശങ്ങളെ ശക്തമായി പ്രതിരോധിക്കുന്നതിൽ വീഴ്ചപറ്റിയെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. രണ്ടുദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം വാർത്തസമ്മേളനത്തിലാണ് ഗോവിന്ദൻ സ്വയം വിമർശനം നടത്തിയത്.
ന്യൂനപക്ഷങ്ങൾക്കിടയിൽ അമർഷം രൂപപ്പെട്ടിട്ടും സംശയങ്ങൾ ദുരീകരിക്കുംവിധം ശക്തമായ ഇടപെടൽ നടത്തുന്നതിൽ പോരായ്മ വന്നു. വെള്ളാപ്പള്ളിയുടേത് വർഗീയ പരാമർശമാണെന്ന് പാർട്ടി പറഞ്ഞെങ്കിലും, അതിന് ശക്തി പോരായിരുന്നു. അതിനാൽ വെള്ളാപ്പള്ളി ഉയർത്തിയ മുസ്ലിംവിരുദ്ധ പ്രചാരവേലക്ക് സി.പി.എം വേണ്ടത്ര മറുപടി പറഞ്ഞില്ലെന്ന ആശയത്തിനാണ് മുൻകൈ വന്നത്. വെള്ളാപ്പള്ളിയെ പുകഴ്ത്തിക്കൊണ്ട് മുൻ മുഖ്യമന്ത്രിയും മുൻ ദേവസ്വം മന്ത്രിയും നടത്തിയ പരാമർശങ്ങളെക്കുറിച്ച ചോദ്യത്തോട്, അതടക്കം കാര്യങ്ങളിൽ ജനങ്ങളിലുണ്ടായ അവബോധത്തിന് കൃത്യമായി മറുപടി പറഞ്ഞില്ലെന്ന വിമർശനമാണ് സംസ്ഥാന കമ്മിറ്റിയിലുണ്ടായതെന്ന് അദ്ദേഹം വിശദീകരിച്ചു.
എല്ലാ വിഭാഗങ്ങളിൽനിന്നും എൽ.ഡി.എഫിന് വോട്ട് കുറഞ്ഞു. ഏതെങ്കിലും ഒരു വിഭാഗം ഒന്നിച്ചുനിന്ന് പരാജയപ്പെടുത്തി എന്നൊന്നും പറയാൻ സാധിക്കില്ല. തോൽവിയെ അഭിമുഖീകരിച്ചും തെറ്റ് തിരുത്തിയും ശക്തമായി തിരിച്ചുവരും. ആഗസ്റ്റിൽ വിശാല സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം അയ്യപ്പസംഗമത്തിൽ വായിച്ചത് ശരിയായില്ല. ഇത് വലിയ രീതിയിലുള്ള ചർച്ചക്ക് ഇടംനൽകി. വെള്ളാപ്പള്ളിയെ പ്രതിരോധിക്കുന്നില്ലെന്ന വിമർശനം നിലനിൽക്കുന്നതിനിടെ യോഗി ആദിത്യനാഥിന്റെ സന്ദേശവായനകൂടി ആയതോടെ ഈ അവബോധം കൂടുതൽ ശക്തിപ്പെട്ടു. ഇത് ന്യൂനപക്ഷ വോട്ട് ബാങ്ക് നഷ്ടപ്പെടാൻ കാരണമായി. അയ്യപ്പസംഗമം സംഘടിപ്പിച്ചത് ദേവസ്വം ബോർഡാണ്.
സർക്കാറാണ് സംഘടിപ്പിച്ചതെന്ന പ്രചാരണം ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി. ഫലത്തിൽ സർക്കാർ പരിപാടിയിൽ യോഗിയുടെ സന്ദേശം വായിച്ചെന്ന നില വന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിചേർക്കപ്പെട്ട എ. പത്മകുമാറിനോട് പാർട്ടി വിശദീകരണം തേടുകയും എല്ലാ പ്രവർത്തനങ്ങളിൽനിന്നും മാറ്റിനിർത്തുകയും ചെയ്തു. എന്നാൽ പത്മകുമാറിനെതിരെ നടപടി എടുത്തില്ലെന്ന കാര്യം സ്വയംവിമർശനപരമായി അംഗീകരിക്കുന്നു. ആരോപണമുണ്ടായ ഘട്ടത്തിൽതന്നെ കർശനനടപടി സ്വീകരിച്ചില്ല എന്നത് വലിയ പ്രചാരണമാവുകയും തെരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിക്കുകയും ചെയ്തു. പത്മകുമാറിനെതിരെ നടപടിയെടുക്കും. എല്ലാ സ്ഥാനങ്ങളിൽനിന്നും ഒഴിവാക്കും. 30 മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് നൽകി. ചില മണ്ഡലങ്ങളിൽ തിരിച്ചും. മൂന്നിടത്ത് ജയിച്ചെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ആറ് ശതമാനം വോട്ട് ബി.ജെ.പിക്ക് കുറഞ്ഞു. ഇത് നഷ്ടപ്പെട്ടതല്ല. 30 മണ്ഡലങ്ങളിൽ യു.ഡി.എഫിന് മറിച്ചുനൽകിയതുമൂലമുണ്ടായ കുറവാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പരാജയം തിരിച്ചറിയാനായില്ല
തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായാണ് സി.പി.എമ്മിന് വലിയ തിരിച്ചടിയുണ്ടായത്. ഇത് മുൻകൂട്ടി മനസ്സിലാക്കാൻ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ല. ഇത് സംഘടനാപരമായ ദൗർബല്യമാണ്. പാർട്ടി തീരുമാനങ്ങൾ ഘടകങ്ങളിൽ നടപ്പാക്കുന്നതിൽ പ്രായോഗിക വീഴ്ചവന്നു. അത് സംഘടനാപരമായ വീഴ്ച മാത്രമല്ല. തീരുമാനങ്ങളുടെ രാഷ്ട്രീയമായ ഉള്ളടക്കത്തെക്കുറിച്ച വ്യക്തതക്കുറവുകൂടിയുണ്ടായി. ഇതെല്ലാം ചേർന്നതാണ് സംഘടനാപരമായ ദൗർബല്യം. ഇത് ഏതെങ്കിലും ഒരു ഘടകത്തിനല്ല, പാർട്ടിക്കാകെ ഈ ദൗർബല്യമുണ്ടായി.
സ്വർണക്കൊള്ള: പത്മകുമാറിനെതിരെ നടപടിയില്ലാതിരുന്നത്
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിചേർക്കപ്പെട്ട എ. പത്മകുമാറിനോട് പാർട്ടി വിശദീകരണം തേടുകയും എല്ലാ പ്രവർത്തനങ്ങളിൽനിന്നും മാറ്റിനിർത്തുകയും ചെയ്തു. എന്നാൽ പത്മകുമാറിനെതിരെ നടപടി എടുത്തില്ലെന്ന കാര്യം സ്വയംവിമർശനപരമായി അംഗീകരിക്കുന്നു. ആരോപണമുണ്ടായ ഘട്ടത്തിൽതന്നെ കർശനനടപടി സ്വീകരിച്ചില്ല എന്നത് വലിയ പ്രചാരണമാവുകയും തെരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിക്കുകയും ചെയ്തു. പത്മകുമാറിനെതിരെ നടപടിയെടുക്കും. എല്ലാ സ്ഥാനങ്ങളിൽനിന്നും ഒഴിവാക്കും.
തളിപ്പറമ്പിലും പയ്യന്നൂരിലും തെറ്റുപറ്റി
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർഥിനിർണയത്തിൽ തെറ്റുപറ്റി. ഇക്കാര്യം കണ്ണൂർ ജില്ല കമ്മിറ്റി സമ്മതിച്ചു. ഈ വിമർശനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. സ്ഥാനാർഥിനിർണയം നടത്തിയത് കണ്ണൂർ ജില്ല കമ്മിറ്റിയാണ്. അതിനെ അംഗീകരിക്കുകയാണ് സംസ്ഥാന കമ്മിറ്റി ചെയ്തത്. അതിന്റെ ഉത്തരവാദിത്തം സംഘടനക്കാണ്. അതിന്‍റെ ഭാഗമായാണ് ജില്ല സെക്രട്ടറിയെറ്റും സംസ്ഥാന സെക്രട്ടറിയെറ്റും സംസ്ഥാന കമ്മിറ്റി വിമർശിച്ചത്.
നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനായില്ല
സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൽ പോരായ്മയുണ്ടായി. സംഘടനാപരമായ ദൗർബല്യം കാരണം വലതുപക്ഷ മാധ്യമങ്ങൾ നടത്തിയ കള്ളപ്രചാരണവേലയെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ലോകത്ത് പൊതുവെയും രാജ്യത്തും വലതുപക്ഷ സ്വാധീനം ശക്തിപ്പെട്ടത് ഇവിടെയും ബാധിച്ചു.
എസ്.ഐ.ആർ പ്രചാരണം വോട്ട് അകറ്റി
തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണം ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടാക്കിയ ആശങ്ക മുസ്‍ലിം ലീഗ്- ജമാഅത്തെ ഇസ് ലാമി-കോൺഗ്രസ് കൂട്ടുകെട്ട് നല്ലതുപോലെ ഉപയോഗിച്ചു. എസ്.ഐ.ആർ കൊണ്ടുവന്നത് പിണറായി സർക്കാറാണെന്ന കള്ളപ്രചാരണവുമുണ്ടായി. ഇത് ന്യൂനപക്ഷങ്ങളെ ഇടതുപക്ഷ ചേരിയിൽനിന്ന് അകറ്റാനിടയാക്കി. മതത്തെ ഉപയോഗിച്ച് വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന ശ്രമമാണ് മുസ്‍ലിം ലീഗ് നടത്തിയത്. ഇതിന്റെ ഗുണഭോക്താവ് എന്ന നിലയിൽ കോൺഗ്രസും അതിനൊപ്പം നിന്നു.


