ശബരിമല കട്ടിളപ്പടി സ്വർണക്കവർച്ച കേസിൽ എൻ. വാസു റിമാൻഡിൽ; ചുമത്തിയത് ഗൂഢാലോചന, വ്യാജരേഖ ചമക്കൽ കുറ്റങ്ങൾ
text_fieldsതിരുവനന്തപുരം: ശബരിമല കട്ടിളപ്പടി സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റും ദേവസ്വം മുൻ കമീഷണറുമായ എൻ. വാസു റിമാൻഡിൽ. ഈ മാസം 24 വരെയാണ് റാന്നി കോടതി റിമാൻഡ് ചെയ്തത്. വാസുവിനെതിരെ ഗൂഢാലോചന, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങളാണ് വാസുവിനെതിരെ ചുമത്തിയത്. കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റുന്ന വാസുവിനെ കസ്റ്റഡിയിലെടുക്കാൻ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും.
ദേവസ്വം രേഖകളിൽ ചെമ്പ് പാളികളെന്ന് മാറ്റിയത് വാസുവാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണപാളി കൊടുത്തുവിടാൻ ഇടപെട്ടത് വാസുവാണ്. കേസിലെ മറ്റ് പ്രതികളുമായി ചേർന്ന് വാസു ഗൂഢാലോചന നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ എക്സിക്യുട്ടീവ് ഓഫിസർ ഡി. സുധീഷ് കുമാറിന്‍റെ മൊഴിയാണ് വാസുവിന്‍റെ അറസ്റ്റിൽ നിർണായകമായത്
തിരുവിതാംകൂർ ദേവസ്വം ബോർഡിലും ഇടത് സർക്കാറിന്‍റെ അധികാര കേന്ദ്രങ്ങളിലും സി.പി.എമ്മിന്‍റെ മുഖമായിരുന്ന വാസുവിനെ കഴിഞ്ഞ രണ്ടുദിവസമായി അന്വേഷണസംഘം തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്തുവരികയായിരുന്നു. സ്വർണക്കൊള്ളയിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് നേരിട്ട് യാതൊരു ബന്ധവുമില്ലെന്നും സ്വർണം നഷ്ടപ്പെട്ടതിൽ ഉത്തരവാദികൾ അഡ്മിനിട്രേറ്റീവ് ഓഫിസർ മുരാരി ബാബുവും തിരുവാഭരണം കമീഷണർ കെ.എസ്. ബൈജുവുമടങ്ങുന്ന ഉദ്യോഗസ്ഥരാണെന്നുമായിരുന്നു വാസുവിന്‍റെ വാദം. എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ബാബുവിന്‍റെയും ബൈജുവിന്‍റെയും എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ഡി. സുധീഷ് കുമാറിന്‍റെയും മൊഴികളും മറ്റ് തെളിവുകളും എതിരായതോടെയാണ് വാസുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്താൻ അന്വേഷണസംഘം നിർബന്ധിതരായത്.
ദ്വാരപാലക ശിൽപങ്ങൾക്ക് മുമ്പ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്ന് സ്വർണം പൂശാനായി കൊണ്ടുപോയത് കട്ടിളപ്പടികളാണ്. കട്ടിളപ്പടികളിൽ സ്വർണം പൂശിനൽകാമെന്ന പോറ്റിയുടെ വാഗ്ദാനത്തിന്‍റെ അടിസ്ഥാനത്തിൽ 2019 ഫെബ്രുവരി 16ന് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന സുധീഷ് കുമാർ ദേവസ്വം കമീഷണറായിരുന്ന വാസുവിന് നൽകിയ ശിപാർശയിൽ ‘സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾ’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, വാസു ഫെബ്രുവരി 26ന് ദേവസ്വം ബോർഡിന് നൽകിയ ശിപാര്‍ശയില്‍ ‘സ്വര്‍ണം പൂശിയ’ എന്നത് ഒഴിവാക്കി ’ചെമ്പുപാളികള്‍’ എന്ന് മാത്രമാക്കി.
2019 മാർച്ച് 14ന് വാസു കമീഷണർ സ്ഥാനത്തുനിന്ന് വിരമിച്ചു. വാസുവിന്‍റെ ശിപാർശ അംഗീകരിച്ചാണ് 2019 മാർച്ച് 20ന് ദേവസ്വം ബോർഡ് യോഗം ചെമ്പുപാളികളെന്ന പേരിൽ സ്വർണം പൊതിഞ്ഞ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടത്, അതും ദേവസ്വം മാന്വലിന് വിരുദ്ധമായി. താൻ ഇത്തരത്തിൽ ശിപാർശ സമർപ്പിച്ചെങ്കിലും ഉണ്ണികൃഷ്ണൻ പോറ്റി കട്ടിളപ്പടികൾ ശബരിമലയിൽനിന്ന് കൊണ്ടുപോയത് താൻ കമീഷണർ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷമാണെന്നും ഇത്തരം ഉരുപ്പടികളുടെ ഉത്തരവാദിത്തം തിരുവാഭരണം കമീഷണർക്ക് ആണെന്നുമാണ് വാസു അന്വേഷണസംഘത്തിന് മുന്നിൽ ആവർത്തിച്ച മറ്റൊരു മൊഴി. എന്നാൽ 2019 മാർച്ച് 14ന് കമീഷണർ സ്ഥാനത്തുനിന്ന് വിരമിച്ച വാസു 2019 നവംബർ 15ന് ദേവസ്വം പ്രസിഡന്‍റായി ചുമതലയേറ്റു.
ഈ ഘട്ടത്തിലാണ് ശ്രീകോവിലിന്‍റെയും പ്രധാന വാതിലിന്‍റെയും ദ്വാരപാലകരുടെയും സ്വർണപ്പണി പൂർത്തിയാക്കിയ ശേഷം അധിക സ്വർണം തന്‍റെ പക്കലുണ്ടെന്ന് അറിയിച്ചുകൊണ്ട് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ-മെയിൽ സന്ദേശം വാസുവിന് ലഭിക്കുന്നത്. തന്‍റെ പക്കലുള്ള സ്വർണം നിർധനയായ യുവതിയുടെ വിവാഹാവശ്യത്തിന് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും താങ്കളുടെ വിലപ്പെട്ട അഭിപ്രായം അറിയിക്കണമെന്നുമാണ് 2019 ഡിസംബർ ഒമ്പതിന് ഉണ്ണികൃഷ്ണൻ പോറ്റി വാസുവിന് അയച്ച ഇ-മെയിലിൽ അറിയിച്ചിരുന്നത്.
എന്നാൽ, പോറ്റിയുടെ കൈവശമുള്ള അധിക സ്വർണം എത്രയാണെന്ന് അന്വേഷിക്കുകയോ അയ്യപ്പന്‍റെ സ്വത്ത് സ്വകാര്യ വ്യക്തിയുടെ കൈയിലാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇവ തിരിച്ചുപിടിക്കുകയോ ചെയ്യുന്നതിന് വാസു താൽപര്യം കാണിച്ചില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. പകരം പോറ്റിയുടെ കത്ത് തുടർനടപടികള്‍ക്കായി തിരുവാഭരണം കമീഷണർക്കും ശബരിമല എക്സിക്യൂട്ടീവ് ഓഫിസർക്കും കൈമാറുകയായിരുന്നു. ഇത് തിരക്കഥയുടെ ഭാഗമായിരുന്നെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ. ഈ കത്തിൽ തുടർ നടപടി എന്തായെന്നും വാസു അന്വേഷിക്കാത്തതും ഗൂഢാലോചനയുടെ ഭാഗമായിരുന്നു.


