രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് രാത്രി പൊതിച്ചോർ നൽകും -ഡി.വൈ.എഫ്.ഐ
text_fieldsകാഞ്ഞങ്ങാട്: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായാൽ കോടതിയിൽ ഹാജരാക്കുമ്പോൾ ഇന്ന് രാത്രി കഴിക്കാനുള്ള പൊതിച്ചോർ തങ്ങൾ നൽകുമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ. ആശുപത്രിയിൽ തങ്ങൾ നടത്തുന്ന പൊതിച്ചോർ വിതരണത്തെ രാഹുൽ മുമ്പ് അധിക്ഷേപിച്ചിരുന്നുവെന്നും അതിനുള്ള മറുപടിയായാണ് ഇന്ന് പൊതിച്ചോർ നൽകുന്നതെന്നും ഹോസ്ദുർഗ് കോടതിക്ക് മുന്നിൽ തടിച്ചുകൂടിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പറഞ്ഞു.
‘ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂർവം പദ്ധതിയെ അപമാനിച്ച രാഹുലിനെ ഇന്ന് അറസ്റ്റ് ചെയ്ത് രാത്രി ജയിലിൽ കൊണ്ടുപോയാൽ അവിടെ ഭക്ഷണ സമയം കഴിയും. അപ്പോൾ ഇന്ന് കഴിക്കാനുള്ള ഭക്ഷണം നമ്മൾ നൽകും. ആശുപത്രിയിൽ കൊടുക്കുന്നതിൽനിന്ന് ഒരു പങ്കാണ് ഇത്. ഒരു ദിവസം 47000ത്തോളം പൊതിച്ചോർ ഞങ്ങൾ നൽകുന്നുണ്ട്. അതിനെയാണ് അനാശാസ്യം എന്നുപറഞ്ഞ് രാഹുൽ അപമാനിച്ചത്. അതിന്റെ പ്രതിഷേധമായാണ് പൊതിച്ചോർ കൊടുക്കുന്നത്. ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ പട്ടിണി കിടക്കേണ്ടി വരില്ല’ -പ്രവർത്തകർ പറഞ്ഞു.
അതിനിടെ, ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഹോസ്ദുർഗ് കോടതിയിൽ കീഴടങ്ങിയേക്കുമെന്ന സൂചനയെ തുടർന്ന് പൊലീസ് സുരക്ഷ ശക്തമാക്കി. പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ, ബി.ജെ.പി പ്രവർത്തകരും ഇവിടെ തമ്പടിച്ചിട്ടുണ്ട്.
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നില്ല. തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്. രാഹുലിനെതിരെ പ്രാഥമികമായി തെളിവുണ്ടെന്നും അറസ്റ്റ് തടയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ബുധനാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യ ഹരജി തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്. നസീറ പരിഗണിച്ചത്. അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന ഇരുകക്ഷികളുടെയും ആവശ്യം കോടതി അംഗീകരിച്ചിരുന്നു.
വാദം കേട്ടപ്പോൾ ജഡ്ജി, പ്രോസിക്യൂട്ടർ, പ്രതിഭാഗം അഭിഭാഷകൻ, ഒരു ജീവനക്കാരൻ എന്നിവരാണ് കോടതിയിൽ ഉണ്ടായിരുന്നത്. അടച്ചിട്ട കോടതിയിൽ ഒന്നേമുക്കാൽ മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കൂടുതൽ രേഖകൾ പരിശോധിക്കാൻ ഹരജി മാറ്റിയത്. എട്ട് ദിവസമായി ഒളിവിൽ തുടരുകയാണ് പാലക്കാട് എം.എൽ.എ രാഹുൽ.


