സ്വർണപ്പാളി വിവാദം; വിശ്വാസ ശോഭ കെട്ട് സർക്കാറും സി.പി.എമ്മും
text_fieldsതിരുവനന്തപുരം: കോടികൾ ചെലവിട്ട് ആഗോള അയ്യപ്പ സംഗമം നടത്തി സർക്കാറും സി.പി.എമ്മും സൃഷ്ടിച്ച ‘വിശ്വാസ ശോഭ’ കെടുത്തുന്നതായി ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾ അപ്രത്യക്ഷമായത്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ചുറ്റിപ്പറ്റിയാണ് വിവാദം തുടങ്ങിയതെങ്കിലും ശബരിമലയിലെ സ്വർണം നഷ്ടമായതിന്റെ ഉത്തരവാദിത്വത്തിൽ ഇടത് സർക്കാറിന് കീഴിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണ സമിതികൾ പ്രതിക്കൂട്ടിലാണ്. സി.പി.എം പ്രതിനിധികളായ ബോർഡ് പ്രസിഡന്റുമാർ എ. പത്മകുമാറിന്റെയും പി.എസ്. പ്രശാന്തിന്റെയും വീഴ്ചയും പോരായ്മയുമാണ് സ്വർണം നഷ്ടമായതിലും ശിൽപ പാളികൾ പണപ്പിരിവിനടക്കം വിവിധയിടങ്ങളിൽ കാഴ്ചവസ്തുവാക്കിയതിനും വഴിവെച്ചതെന്നാണ് പുറത്തുവരുന്ന തെളിവുകൾ സൂചിപ്പിക്കുന്നത്.
വിഷയത്തിൽ കോൺഗ്രസും ബി.ജെ.പിയും പ്രക്ഷോഭ പാത തുറന്നതോടെ രാഷ്ട്രീയ മറുപടി നൽകേണ്ട ഉത്തരവാദിത്വം സി.പി.എമ്മിനും വന്നു. സ്വർണപ്പാളി വിവാദം നിയമസഭയിൽ അടിയന്തര പ്രമേയമായി ചർച്ച ചെയ്യണമെന്ന ആവശ്യം നേരത്തെ തള്ളിയെങ്കിലും വരും ദിവസങ്ങളിൽ പ്രതിപക്ഷം സഭയിൽ എന്ത് നിലപാടെടുക്കുമെന്നത് പ്രധാനമാണ്. ബി.ജെ.പി ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യേഗിക വസതിയായ ക്ലിഫ്ഹൗസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ ആരെയും സംരക്ഷിക്കില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും മാത്രമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. മറ്റു നേതാക്കളാണെങ്കിൽ ന്യായീകരണ വാദങ്ങളൊന്നുമില്ലാത്തതിനാൽ മൗനത്തിലുമാണ്.
അയ്യപ്പ സംഗമത്തിലൂടെ ലഭിച്ച മേൽക്കൈ സ്വർണപ്പാളി വിവാദത്തോടെ നഷ്ടമാവുമോ എന്നാണ് പാർട്ടിയുടെ ആശങ്ക. 2019ൽ അറ്റകുറ്റപ്പണിക്ക് ചെന്നൈയിലെത്തിച്ച ശിൽപ പാളികൾ സ്വർണം പൊതിഞ്ഞതല്ലെന്ന വെളിപ്പെടുത്തലോടെ തന്നെ ദേവസ്വം ബോർഡ് കുരുക്കിലാണ്. 1998ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞുനൽകിയ പാളികൾ ചെമ്പായി മാറിയതെങ്ങനെ എന്നാണ് ഉയർന്ന ചോദ്യം. 1999ലെ ഹൈകോടതി ഉത്തരവിൽ ശിൽപങ്ങൾ സ്വർണം പൊതിഞ്ഞവയാണെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ, സ്വർണം പൂശാൻ നൽകിയ പാളികൾ ചെമ്പിന്റെയാണെന്നാണ് 2019 ജൂലൈയിലെ ബോർഡിന്റെ ഉത്തരവിൽ പറയുന്നത്. ഈ വൈരുധ്യത്തിൽ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്വം ബോർഡിനാണ്.
അയ്യപ്പ സംഗമത്തോടെ ശബരിമല വിഷയത്തിൽ സർക്കാറിനൊപ്പമാണ് എൻ.എസ്.എസും എസ്.എൻ.ഡി.പിയും. ഇതോടെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹത്തിലുണ്ടായ മുറിവ് ഒരുപരിധിവരെ ഉണക്കാനായെന്ന ആശ്വാസമായിരുന്നു സർക്കാറിന്. ഇടതോരം ചേർന്ന എൻ.എസ്.എസിന്റെ ‘യു’ടേൺ കോൺഗ്രസിൽ അങ്കലാപ്പ് സൃഷ്ടിച്ചത് സി.പി.എമ്മിന് രാഷ്ട്രീയ നേട്ടവുമായി. ഇതിനിടെയാണ് ശബരിമലയിൽ ‘സ്വർണക്കടത്ത്’ എന്ന നിലയിൽ വിവാദം പുകഞ്ഞുകത്തി പാർട്ടിയും സർക്കാരും പ്രതിരോധത്തിലായത്.


