പരാതിയുമായി വന്നു, പ്രതിയായി, ഒടുവിൽ പിടിയിലായി
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിലെ ഒന്നാംപ്രതി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി പിടിയിലാകുമ്പോൾ, കൗതുകകരമായ കാര്യം അദ്ദേഹത്തിനുള്ള കുഴി സ്വയം കുഴിച്ചു എന്നതാണ്. അഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വാദപ്രതിവാദങ്ങൾ കത്തിപ്പടരവേ, ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളുടെ പീഠം കാണാനില്ലെന്ന പരാതിയുമായാണ് മുൻ കീഴ്ശാന്തികൂടിയായ ഉണ്ണികൃഷ്ണൻ പോറ്റി രംഗപ്രവേശം ചെയ്തത്. ഇതാണ് പിന്നീട് സ്വർണക്കവർച്ചയടക്കം പുറത്തുവരുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. പിന്നാലെ പോറ്റി കേസിൽ ഒന്നാംപ്രതിയായി. ഇപ്പോൾ ആദ്യം പിടിയിലാവുന്നയാളുമായി.
പോറ്റി കാണാനില്ലെന്നുപറഞ്ഞ ദ്വാരപാലക ശിൽപപീഠം അദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടിൽനിന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയതോടെയാണ് പോറ്റിയുമായി ബന്ധപ്പെട്ട് ദുരൂഹതകളുയർന്നത്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ പോറ്റിയെ ‘പോറ്റിവളർത്തിയതാര്’ എന്ന ചോദ്യമുയർന്നു. നിയമസഭയും തെരുവുകളും പ്രതിഷേധങ്ങളാൽ പ്രക്ഷുബ്ദ്ധമായി.
തിരുവനന്തപുരം പുളിമാത്താണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്വദേശം. പുളിമാത്ത് ദേവീ ക്ഷേത്രത്തിലെ പൂജാരിയായ പിതാവിനെ സഹായിച്ചാണ് പൂജാധികർമങ്ങളിലേക്ക് കടന്നത്. പിന്നീട് ബംഗളൂരുവിലെത്തി. ശ്രീരാമപുര അയ്യപ്പക്ഷേത്രത്തിൽ ശാന്തിക്കാരനായതോടെ ഭക്തർക്കിടയിൽ പ്രസിദ്ധനായി. ശബരിമലയിൽ കീഴ്ശാന്തിയായതോടെ ബംഗളൂരുവിൽനിന്ന് എത്തുന്ന സമ്പന്ന ഭക്തർക്ക് സന്നിദാനത്ത് സൗകര്യങ്ങളൊരുക്കുന്ന ഇടനിലക്കാരനായി ദേവസ്വം ബോർഡിലടക്കം സ്വാധീനമുണ്ടാക്കി.
ബംഗളൂരുവിലെ ഭക്തരുടെ സ്വർണമടക്കം അയ്യപ്പന് സമർപ്പിക്കുന്നതിന്റെ ഭാഗമായതോടെ രാഷ്ട്രീയ നേതാക്കൾ, ബിസിനസുകാൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരിലേക്കും പോറ്റിയുടെ ബന്ധം വളർന്നു. ഇതിനിടെ ബംഗളൂരുവിലും തിരുവനന്തപുരത്തുമായി റിയൽ എസ്റ്റേറ്റും പണം പലിശക്ക് കൊടുക്കലും ആരംഭിച്ചു. ചുരുങ്ങിയ കാലത്തിനിടെ 30 കോടിയിൽപരം രൂപയുടെ സാമ്പത്തിക ഇടപാട് പോറ്റി നടത്തിയെന്നാണ് വെളിവായത്. ഉന്നതരുമായുള്ള ബന്ധമാണ് ദേവസ്വം മാന്വലിലെ വ്യവസ്ഥകൾ അട്ടിമറിച്ച് ദ്വാരപാലക ശിൽപങ്ങളിലെ പാളികളും കട്ടിളപ്പാളികളും ഇയാൾക്ക് വിട്ടുനൽകുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.


