ദേവസ്വം ബോർഡ് പ്രതിയായത് സി.പി.എമ്മിന് രാഷ്ട്രീയക്കുരുക്കാകും
text_fieldsദേവസ്വം ബോർഡ്
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ 2019ലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ പ്രതിയാക്കിയതും ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ ചെയ്തികൾ ബോർഡ് അംഗങ്ങളറിയാതിരിക്കാൻ വഴിയില്ലെന്ന ദേവസ്വം വിജിലൻസിന്റെ കണ്ടെത്തലും സി.പി.എമ്മിന് രാഷ്ട്രീയക്കുരുക്കാകും. മുതിർന്ന നേതാവും പാർട്ടി പത്തനംതിട്ട ജില്ല കമ്മിറ്റി അംഗവുമായ അന്നത്തെ ബോർഡ് പ്രസിഡന്റ് എ. പത്മകുമാറടക്കം പ്രതിസ്ഥാനത്തെത്തിതോടെ വിഷയത്തിൽനിന്ന് പാർട്ടിക്ക് എളുപ്പം ഊരിപ്പോകാനാവില്ല. ഇതുവരെ ആരോപണ നിഴലായിരുന്നെങ്കിൽ ഇനി നിയമനടപടികളിലും പാർട്ടി ഉത്തരം പറയേണ്ടിവരും.
സ്വർണപ്പാളി കാണാതായതിൽ ആരെയും സംരക്ഷിക്കാനില്ലെന്നും അന്വേഷണശേഷം കാര്യങ്ങൾ പറയാമെന്നും പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയിലേക്കും ദേവസ്വം ഉദ്യോഗസ്ഥരിലേക്കും ആരോപണമുന തിരിക്കാനാണ് ആദ്യമേ ശ്രമിച്ചത്. എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനാവട്ടെ ദേവസ്വം ബോർഡ് പ്രസിഡന്റിനെ അവിശ്വസിക്കേണ്ടതില്ലെന്നും പറഞ്ഞു.
സ്വർണപ്പാളി കവർച്ചയിൽ സ്പോൺസറും ഉദ്യോഗസ്ഥരും മാത്രം പ്രതികളായതോടെ ‘ഉദ്യോഗസ്ഥ വീഴ്ച’ എന്ന നിലയിൽ പ്രതിരോധം ഒരുക്കാനിരിക്കുകയായിരുന്നു പാർട്ടി. രണ്ടാമത് രജിസ്റ്റർ ചെയ്ത കട്ടിളപ്പാളിയിലെ സ്വർണമോഷണ കേസിൽ ബോർഡ് പ്രതിയായതോടെയാണ് പാർട്ടി വെട്ടിലായത്. എ. പത്മകുമാർ പ്രസിഡന്റായ ഭരണസമിതിയിലെ അംഗങ്ങൾ തിരുവനന്തപുരത്തുനിന്നുള്ള സി.പി.എം പ്രതിനിധി എൻ. വിജയകുമാറും സി.പി.ഐ പ്രതിനിധി കെ.പി. ശങ്കർദാസുമാണ്.
ഡി.വൈ.എഫ്.ഐ ജില്ല, സംസ്ഥാന, ദേശീയ നിരയിലൂടെ ഉയർന്നുവന്ന പത്മകുമാറിന്റെ അരനൂറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ മൂന്നുപതിറ്റാണ്ടിലേറെ പാർട്ടി ജില്ല നേതൃത്വത്തിലുണ്ട്. ഇക്കാലയളവിലാണ് എം.എൽ.എയും ദേവസ്വം ബോർഡ് പ്രസിഡന്റുമായത്. അന്വേഷണസംഘം ചോദ്യംചെയ്യുന്ന ഘട്ടമുണ്ടാവുമ്പോൾ നേതാവിന്റെ കാര്യത്തിൽ പാർട്ടിക്ക് നിലപാട് വ്യക്തമാക്കേണ്ടിവരും. കഴിഞ്ഞ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലേക്ക് തന്നെ പരിഗണിക്കാതെ മന്ത്രി വീണാ ജോർജിനെ ക്ഷണിതാവാക്കിയതിൽ പരസ്യപ്രതിഷേധമുയർത്തി നേതൃത്വത്തിന്റെ കണ്ണിലെ കരടായ പത്മകുമാർ, സ്വർണക്കവർച്ചയിൽ മാധ്യമങ്ങൾക്ക് നൽകുന്ന പ്രതികരണത്തിൽ പലരേയും സംശയനിഴലിലാക്കുന്നുണ്ട്.
അന്വേഷണം ബോർഡിൽനിന്ന് ദേവസ്വം വകുപ്പിലേക്കെത്തിയാൽ ഉത്തരം പറയേണ്ടത് അന്നത്തെ ദേവസ്വം മന്ത്രിയും സംസ്ഥാന കമ്മിറ്റി അംഗവുമായ കടകംപള്ളി സുരേന്ദ്രനാണ്. ഇതോടെ സംസ്ഥാന നേതൃത്വവും അന്വേഷണ പരിധിയിലാവും. ഹൈകോടതി മേൽനോട്ടത്തിലാണ് അന്വേഷണമെങ്കിലും സർക്കാറിന് കീഴിലുള്ള ക്രൈംബ്രാഞ്ച് ആ നിലയിലേക്ക് പോകുമോ എന്ന് കണ്ടറിയണം. സ്വര്ണക്കവർച്ചയിൽ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രാഥമിക വിവരശേഖരണം തുടങ്ങിയതും പാർട്ടിക്ക് വിനയാണ്.


